Saturday, October 20, 2007

ഖുര്‍ആന്റെ ശാസ്ത്രസൂചനകള്‍ 2. ആകാശങ്ങള്‍

ഖുര്‍ആന്റെ ശാസ്ത്രസൂചനകള്‍ 2. ആകാശങ്ങള്‍

ആകാശം അഥവാ വാനം എന്നത്‌ ഒരു വസ്തുവിന്റെ പേരല്ല. ഉപരലോകത്തെ കുറിക്കാന്‍ പണ്ടുമുതലേ ഉപയോഗിച്ചു വന്ന നാമമാകുന്നു ആകാശം. താഴെ നിന്ന്‌ നോക്കിയാല്‍ തികച്ചും ശൂന്യമാണവിടെ. എന്നാല്‍ എണ്ണിയാല്‍ തീരാത്ത ചെറുതും വലുതുമായ ഭദ്രമായി നിര്‍മിച്ചു സംരക്ഷിക്കപ്പെടുന്ന അനേകം ലോകങ്ങള്‍ വേറെയുമുണ്ട്‌. മൊത്തത്തില്‍ പ്രപഞ്ചങ്ങളെ കുറിക്കാനാണ്‌ ഖുര്‍ആന്‍ ആകാശം എന്ന നാമം സ്വീകരിച്ചിട്ടുള്ളത്‌.
ആകാശത്തെ സംബന്ധിച്ച പരാമര്‍ശം ഖുര്‍ആനില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ കാണാം.
"പിന്നീട്‌ അവന്‍ ആകാശത്തിനു നേരെ തിരിഞ്ഞു. അത്‌ ഒരു പുകയായിരുന്നു. എന്നിട്ട്‌ അതിനോടും ഭൂമിയോടും പറഞ്ഞു: നിങ്ങള്‍ രണ്ടും അനുസരണത്തോടെയോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു."(ഹാമീം- സജദ 11)
ഈ വചനത്തിലെ ആകാശം കൊണ്ട്‌ അര്‍ഥമാക്കുന്നത്‌ പ്രപഞ്ചം മുഴുവനുമാകുന്നു.പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്‌ അഥവാ അതിന്റെ മൂലപദാര്‍ഥം രൂപരഹിതങ്ങളായ ധൂളികളില്‍(നബുല) നിന്നാകുന്നു.ഈ പ്രപഞ്ചസൃഷ്ടിപ്പ്‌ കേവലം വിനോദമല്ല. ദൈവികമായ യുക്തിയുടെയും തത്വദീക്ഷയുടെയും അടിസ്ഥാനത്തില്‍ വളരെ ഗൗരവത്തോടെയുള്ള ദൈവികനിര്‍മിതിയാണത്‌.

ഏഴ്‌ ആകാശങ്ങളെക്കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ഏഴ്‌ ആകാശങ്ങളാവാം ഗ്രഹങ്ങളുമാകാം. ഖുര്‍ആന്റെ ആദ്യകാല ജനതക്ക്‌ സുപരിചിതമായിരുന്ന "ഏഴ്‌" എന്ന സംഖ്യയെയോ അല്ലെങ്കില്‍ "ഏഴ്‌ ആകാശം" എന്ന അവരുടെ പരിമിത അറിവിനെയോ അവലംബിച്ച്‌ പറഞ്ഞതാകാം അത്‌. (ദൈവമാണ്‌ കൂടുതല്‍ അറിയുന്നവന്‍.)സപ്തപഥങ്ങള്‍ എന്താണെന്ന കാര്യം വ്യക്തമായി നിര്‍ണയിക്കാനാകില്ല. തനിക്കുപരിയായ ഈ ലോകത്തെ വ്യത്യസ്ത വീക്ഷണത്തിലൂടെ നോക്കിക്കാണാനാണ്‌ എന്നും മനുഷ്യന്‍ തയാറായിട്ടുള്ളത്‌. ഒന്നുകില്‍ ഉപരിലോകത്തെ ഏഴ്‌ പ്രബല മണ്ഡലങ്ങളായി വിഭജിച്ചതാവാം, അല്ലെങ്കില്‍ ഭൂമി സ്ഥിതി ചെയ്യുന്ന പ്രപഞ്ചമണ്ഡലം ഏഴ്‌ മണ്ഡലങ്ങളെ ഉള്‍ക്കൊള്ളുന്നതാകാം. (അല്ലാഹുവാകുന്നു കൂടുതല്‍ അറിയുന്നവന്‍.)
ഭൂമിയെപ്പോലെ വാസയോഗ്യമായ മറ്റു സ്ഥലങ്ങളും ഈ മഹാപ്രപഞ്ചത്തില്‍ ദൈവം തയാറാക്കിയിട്ടുണ്ട്‌ എന്നാണ്‌ മേല്‍വചനങ്ങളില്‍ല്‍നിന്ന്‌ മനസ്സിലാകുന്നത്‌. വാനലോകങ്ങള്‍ എന്ന പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ പല സ്ഥലങ്ങളിലും കാണാം. നമ്മെ മൂടിനില്‍ക്കുന്ന വസ്തുവായിട്ടാണ്‌ ആകാശത്തെ സംബന്ധിച്ച നമ്മുടെ വിലയിരുത്തല്‍. അതിനു താഴെ ചൂടും വെളിച്ചവുമേകുന്ന സൂര്യനും ചന്ദ്രനും കുറേ നക്ഷത്രങ്ങളും ഉണ്ട്‌. അതിനപ്പുറം നമുക്ക്‌ ആകാശം ഒന്നുമല്ല. കാലഭേദമനുസരിച്ച്‌ അവിടെ കാര്‍മേഘങ്ങള്‍ വരികയും മഴയായി വര്‍ഷിക്കുകയും ചെയ്യുന്നു. ഇതാണ്‌ നമ്മുടെ നഗ്നനേത്രങ്ങളില്‍ ആകാശം. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നോക്കുമ്പോള്‍ ഈ ആകാശം അനന്തവിസ്തൃതമായ ഒരു പ്രപഞ്ചമായി മാറും; ആദിയും അന്തവും ദര്‍ശിക്കാനാകാത്ത, ചിന്തിക്കുംതോറും കണ്ണും മനസ്സും തളര്‍ന്നുപോകുന്ന, ഗവേഷണങ്ങളില്‍ പോലും ഒതുങ്ങാത്ത വിസ്തൃത ലോകങ്ങള്‍ നിറഞ്ഞ ബ്രഹദ്പ്രപഞ്ചം. ഭൂമിയെക്കാള്‍ ലക്ഷക്കണക്കിന്‌ ഇരട്ടി വലുപ്പമുള്ള അനേകം നക്ഷത്രങ്ങളും സൂര്യന്മാരും അതില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. നമ്മുടെ ക്ഷീരപഥത്തില്‍ തന്നെ മൂന്ന്‌ ബില്യനിലധികം ഗോളങ്ങളുണ്ട്‌. നമ്മുടെ സൗരയൂഥത്തെക്കാള്‍ അനേകം മടങ്ങ്‌ വലുപ്പമുള്ള സൗരയൂഥങ്ങളും അതില്‍ സ്ഥിതി ചെയ്യുന്നു. പത്തുലക്ഷത്തോളം ക്ഷീരപഥങ്ങള്‍ ഇതുവരെയായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്‌. ഭൂമിയോട്‌ അടുത്ത്‌ കിടക്കുന്ന ക്ഷീരപഥത്തില്‍നിന്ന്‌ പ്രകാശം ഭൂമിയിലേക്കെത്താല്‍ പത്ത്‌ ലക്ഷം വര്‍ഷങ്ങള്‍ വേണം. ആ പ്രകാശം സെക്കന്റില്‍ 108,0000 മൈല്‍ വേഗത്തിലാകുന്നു സഞ്ചരിക്കുന്നത്‌. ഇക്കാര്യം നേരത്തെ സൂചിപ്പിച്ചു.
അടുത്ത കാലത്ത്‌ കണ്ടുപിടിക്കപ്പെട്ട ക്ഷിരപഥമാണ്‌ Source 3c 295. കോടിക്കണക്കിന്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അതില്‍ നിന്ന്‌ പുറപ്പെട്ട പ്രകാശം ഇനിയും ഭൂമിയിലെത്തിയിട്ടില്ല. നമ്മുടെ പഠനത്തിലും ശ്രദ്ധയിലും പെടാത്തവ ഇനിയും എത്രയോ ഉണ്ടാകാം. ഭൂമിയുടെതിന്‌ തുല്യമായ പ്രകൃതിയും കാലാവസ്ഥയുമുള്ള ഇരുപത്‌ കോടിയോളം ഗ്രഹങ്ങള്‍ നമ്മുടെ ഈ ക്ഷീരപഥത്തില്‍ ഉണ്ടെന്നാണ്‌ അമേരിക്കന്‍ ഗോളനിരീക്ഷണകേന്ദ്രത്തിന്റെ പഠനം. ഇരുട്ടുള്ള പ്രദേശത്തുനിന്ന്‌ നഗ്നനേത്രങ്ങള്‍ കൊണ്ട്‌ 3000 നക്ഷത്രങ്ങളെ സോളാര്‍സിസ്റ്റത്തിലെ വിവിധ ഗോളങ്ങള്‍ ആകാശത്തിന്റെ എക്സ്‌-റെ ഇമേജ്‌ ദര്‍ശിക്കാന്‍ സാധിക്കും. വായുവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിപ്രശ്നം ഈ ദൃശ്യത്തെ കൂടുതല്‍ പ്രയാസമാക്കിക്കൊണ്ടിരിക്കുകയാണ്‌.

ആയിരക്കണക്കിന്‌ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മനുഷ്യര്‍ ആകാശത്തെ പഠനവിധേയമാക്കിയിട്ടുണ്ട്‌. അതിന്റെ ഫലമായാണ്‌ ദുഷ്കരമായ കടല്‍യാത്രകളും സമയനിര്‍ണയവും കാലാവസ്ഥാനിര്‍ണയവുമൊക്കെ അവര്‍ ചെയ്തിരുന്നത്‌. ഇന്ന്‌ അത്‌ വളര്‍ന്ന്‌ വാനശാസ്ത്രജ്ഞന്മാര്‍ നക്ഷത്രലോകങ്ങളെ സംബന്ധിച്ച ഗവേഷണത്തിലും പഠനത്തിലും എത്തിക്കഴിഞ്ഞു. ഈ മഹാപ്രപഞ്ചം വിപുലവും അത്യധികം ഭദ്രമായ ഘടനയിലുമാണുള്ളത്‌. അവയ്ക്കിടയില്‍ വിടവോ പ്രതിബന്ധങ്ങളോ ഇല്ല. ഉണ്ടായിരുന്നെങ്കില്‍ നക്ഷത്രലോകങ്ങളില്‍നിന്നുള്ള പ്രകാശം ഭൂമിയിലേക്ക്‌ എത്തുമായിരുന്നില്ല.

നാം കാണുന്ന ഈ ഗ്രഹങ്ങള്‍ വെറുതെ കറങ്ങുകയല്ല, അവയിലൊക്കെ അവിടത്തെ സാഹചര്യങ്ങള്‍ക്കനുസൃതമായ ജീവികളും ഉണ്ടാകാം. പ്രപഞ്ചസൃഷ്ടിപ്പിനെ സംബന്ധിച്ച പഠനത്തില്‍ ശാസ്ത്രത്തിന്‌ ഖുര്‍ആന്‍ പരാമര്‍ശങ്ങളെയോ ഖുര്‍ആന്റെ ആളുകള്‍ക്ക്‌ ശാസ്ത്രീയകണ്ടുപിടിത്തങ്ങളെയോ നിരാകരിക്കാനാകാത്ത വിധം ഖുര്‍ആന്റെ പ്രതിപാദനങ്ങളും ശാസ്ത്രകണ്ടുപിടിത്തങ്ങളും ഇഴചേര്‍ന്നു നില്‍ക്കുന്നു.ഖുര്‍ആന്‍ ചോദിക്കുന്നു:"ശരി, എപ്പോഴെങ്കിലും അവര്‍ തങ്ങളുടെ മീതെയുള്ള ആകാശത്തേക്ക്‌ നോക്കിയിട്ടില്ലേ? നാമത്‌ ഏത്‌ വിധം നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിരിക്കുന്നുവെന്ന്‌. അതില്‍ എവിടെയും ഒരു വിടവുമില്ല." (ഖുര്‍ആന്‍ 50: 6)നമുക്ക്‌ ദര്‍ശിക്കാനാകുന്നതും അല്ലാത്തതുമായ ഗ്രഹ-ഉപഗ്രങ്ങളുടെയും അവയുടെയൊക്കെ പ്രദക്ഷിണമാര്‍ഗങ്ങളുടെയും ധൂമകേതുക്കളുടെയും ഗോളങ്ങളില്‍ ഉണ്ടാകുന്നസ്ഫോടനം ഫലമായ ഉണ്ടാകുന്ന ഉല്‍ക്കകളുടെയും ഉല്‍ക്കാപിണ്ഡങ്ങളുടെയും പലവിധ രശ്മികളുടെയും മറ്റുവിധത്തിലുള്ള വായുമണ്ഡലങ്ങളുടെയും സങ്കേതമാകുന്നു ഉപരിലോകം. അവയില്‍ പലതിനെയും നമുക്ക്‌ ഇനിയും മനസ്സിലാക്കാനായിട്ടില്ല. അതിലേക്ക്‌ സൂചന നല്‍കിക്കൊണ്ട്‌ അല്ലാഹു പറഞ്ഞു:"ആകാശത്തില്‍ നാം സുഭദ്രമായ കോട്ടകള്‍ നിര്‍മിച്ചു. അതിനെ കാഴ്ചക്കാര്‍ക്കായി താരകങ്ങളാല്‍ അലങ്കരിച്ചു." (അല്‍ ഹിജ്ര് 16)ഈ വചനത്തിലെ കോട്ടകള്‍, താരകങ്ങള്‍ എന്നിവ ഇനിയും പൂര്‍ണമായി ശാസ്ത്രത്തിന്റെ പഠനത്തിന്‌ വിധേയമാകാത്തവയാണ്‌. കോട്ടകള്‍ കൊണ്ടുദ്ദേശിക്കുന്നത്‌ സൂര്യന്റെ പ്രകാശമണ്ഡലങ്ങളോ വിവിധ നക്ഷത്രലോകങ്ങളോ ആകാശലോകത്തെ വിവിധ മണ്ഡലങ്ങളോ ആകാം. ഈ മണ്ഡലങ്ങള്‍ സംരക്ഷിതമേഖലകളാകുന്നു. അതില്‍നിന്ന്‌ ഏതെങ്കിലും വസ്തുവിന്‌ പുറത്തേക്ക്‌ പോകുവാനോ പുറത്തുനിന്ന്‌ അതിലേക്ക്‌ പോകുവാനോ സാധ്യമല്ല. ഓരോ മണ്ഡലത്തിനും അതിന്റെതായ നക്ഷത്രലോകത്തെയും സ്ഥാപിച്ചുകൊണ്ടാണ്‌ ദൈവം ഈ മഹാപ്രപഞ്ചഘടന സംതുലിതവും ഭദ്രവുമാക്കിയിട്ടുള്ളത്‌.സ്പേസില്‍നിന്നും 26-50 മൈല്‍ വേഗതയില്‍ പാഞ്ഞുവരുന്ന ഉല്‍ക്കകളില്‍നിന്നും ദൈവം ഭൂമിയെ കാത്തുസംരക്ഷിക്കുന്നത്‌ ഇത്തരം കോട്ടകള്‍ മുഖേനയാവാം. ഈമണ്ഡലങ്ങളില്‍ വെച്ചാവാം ഉല്‍ക്കകള്‍ നശിപ്പിക്കപ്പെടുന്നത്‌."സമീപവാനത്തെ നാം താരകങ്ങളാല്‍ അലംകൃതമാക്കിയിരിക്കുന്നു."(അസ്സ്വാഫാത്‌ 6)ഖുര്‍ആന്റെ ഈ പ്രസ്താവന നമുക്ക്‌ നോക്കിയാല്‍ കാണാന്‍ സാധിക്കുന്നാകാശമാണ്‌. അതിനപ്പുറം ഉപകരണങ്ങളിലൂടെ മാത്രം കാണാന്‍ സാധിക്കുന്ന ആകാശലോകങ്ങളും അതിനും ഉപരിയായി ഒരുനിലക്കും കാണാനാകാത്ത ആകാശലോകങ്ങളുണ്ട്‌.ഈ കാര്യങ്ങളെ മനുഷ്യന്റെ മുമ്പിലേക്കിട്ട്‌ പ്രപഞ്ചസ്രഷ്ടാവ്‌ ചോദിക്കുന്നു:"നിങ്ങളെ സൃഷ്ടിക്കുന്നതാണോ കൂടുതല്‍ ദുഷ്കരം, അതല്ല ആകാശം സൃഷ്ടിക്കുന്നതോ?അതിനെ അല്ലാഹു നിര്‍മിച്ചിട്ടുണ്ടല്ലോ. അതിന്റെ മേല്‍പുര നന്നായി ഉയര്‍ത്തി, സംതുലിതമായി സ്ഥാപിച്ചിരിക്കുന്നു." (അന്നാസിആത്‌ 27-28)

4 comments:

അബ്ദുല്‍ അലി said...

ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നോക്കുമ്പോള്‍ ഈ ആകാശം അനന്തവിസ്തൃതമായ ഒരു പ്രപഞ്ചമായി മാറും; ആദിയും അന്തവും ദര്‍ശിക്കാനാകാത്ത, ചിന്തിക്കുംതോറും കണ്ണും മനസ്സും തളര്‍ന്നുപോകുന്ന, ഗവേഷണങ്ങളില്‍ പോലും ഒതുങ്ങാത്ത വിസ്തൃത ലോകങ്ങള്‍ നിറഞ്ഞ ബ്രഹദ്പ്രപഞ്ചം. ഭൂമിയെക്കാള്‍ ലക്ഷക്കണക്കിന്‌ ഇരട്ടി വലുപ്പമുള്ള അനേകം നക്ഷത്രങ്ങളും സൂര്യന്മാരും അതില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു.

Unknown said...

താങ്കളുടെ ബ്ലോഗില്‍ നിന്നുള്ള കമന്റുകള്‍ മറുമൊഴിയില്‍ വരുന്നുണ്ട് സുഹൃത്തേ.

Unknown said...

പ്രിയ സുഹൃത്തെ..
കൃതൃമ ജീവസൃഷ്ടിയെ കുറിച്ചു ഖുര്ആന്‍ നല്‍കുന്ന സൂചനകള്‍ അറിയാന്‍ താല്‍പ്പര്യമുണ്ട്‍ വിശദീകരണം നല്‍കിയാല്‍ നന്നായിരുന്നു.

അബ്ദുല്‍ അലി said...

പ്രിയപ്പെട്ട റഫീഖ്‌,
ക്ലോണിങ്ങിനെക്കുറിച്ച്‌ നേരിട്ട്‌ ഖുര്‍ആന്‍ ഒരിടത്തും സംവാദിക്കുന്നില്ല എന്നാണെന്റെ അറിവ്‌. എന്നാല്‍ ഈ വിഷയം ആധുനിക മുസ്ലിം ലോകം ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യുന്നിണ്ട്‌.
ചില സുക്തങ്ങള്‍ മനുഷ്യന്റെ അസ്ഥിത്ത്വത്തെ ചോദ്യം ചെയ്യുമെന്ന് സൂചനകള്‍ തരുന്നു.

അവ ഇങ്ങനെ:-
സുക്തം 4-119, സാത്തന്റെ അല്ലാഹുവിനോടുള്ള അഭ്യര്‍ഥന കാണുക. വിശദമായി വിവരണം പഠിക്കുക.