Monday, October 29, 2007

ഖുര്‍ആന്‍ ക്രോഡീകരിച്ചതാര്‌?

ഖുര്‍ആന്റെ വഴിക്കുവഴി ക്രമത്തെ സംബന്ധിച്ചിടത്തോളം വായനക്കാര്‍ അറിഞ്ഞിരിക്കേണ്ട മറ്റൊരു വസ്തുത, പില്‍ക്കാലക്കാരല്ല അതിന്റെ കര്‍ത്താക്കളെന്നതാണ്‌. പ്രത്യുത, നബി തന്നെയാണ്‌ അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരം ഖുര്‍ആന്‍ ഇന്നത്തെ രൂപത്തില്‍ ക്രോഡീകരിച്ചിട്ടുള്ളത്‌. ഒരധ്യായം അവതരിക്കുമ്പോള്‍ തിരുമേനി തന്റെ എഴുത്തുകാരിലൊരാളെ വിളിച്ച്‌ അപ്പോള്‍തന്നെ അത്‌ എഴുതിവെപ്പിക്കുകയും ഇന്ന അധ്യായം ഇന്ന അധ്യായത്തിന്റെ പുറകില്‍, അല്ലെങ്കില്‍ മുന്നില്‍ ചേര്‍ക്കണമെന്ന്‌ നിര്‍ദ്ദേശിക്കുകയും പതിവായിരുന്നു. ഒരു സ്വതന്ത്ര അധ്യായമായിരിക്കാന്‍ ഉദ്ദേശിക്കപ്പെടാത്ത വല്ല ഭാഗവുമാണവതരിക്കുന്നതെങ്കില്‍ അത്‌ ഇന്ന അധ്യായത്തില്‍ ഇന്ന സ്ഥലത്ത്‌ രേഖപ്പെടുത്തണമെന്നും അവിടന്ന്‌ നിര്‍ദ്ദേശം നല്‍കുന്നു. അനന്തരം, ആ ക്രമമനുസരിച്ച്‌ തിരുമേനി തന്നെ നമസ്കാരത്തിലും മറ്റു സന്ദര്‍ഭങ്ങളിലും പാരായണം ചെയ്യുകയും ഹൃദിസ്ഥമാക്കുകയും ചെയ്യുന്നു. ഇതായിരുന്നു ഖുര്‍ആന്റെ ക്രോഡീകരണത്തിനു സ്വീകരിച്ചുവന്ന സമ്പ്രദായം.

മുസ്ലിംകള്‍ക്ക്‌ പ്രാരംഭഘട്ടത്തില്‍ തന്നെ നമസ്കാരം നിര്‍ബന്ധമാക്കപ്പെട്ടിരുന്നു. ഖുര്‍ആന്‍ പാരായണം നമസ്കാരത്തിന്റെ ഒരു അവശ്യഘടകമായും നിശ്ചയിച്ചിരുന്നു. തന്നിമിത്തം ഖുര്‍ആന്റെ അവതരണത്തിനൊപ്പം അത്‌ മനഃപാഠമാക്കുന്ന പതിവും മുസ്ലിംകളില്‍ നടപ്പില്‍വന്നു. ഓരോ ഭാഗം അവതരിക്കും തോറും അവരത്‌ ഹൃദിസ്ഥമാക്കി. അങ്ങനെ, നബിതിരുമേനി തന്റെ എഴുത്തുകാരെക്കൊണ്ട്‌ ഖുര്‍ആന്‍ രേഖപ്പെടുത്തിവെപ്പിച്ചിരുന്ന ഈത്തപ്പനമട്ടലുകളിലും തോല്‍തുണ്ടുകളിലും പരിമിതമായില്ല അതിന്റെ സുരക്ഷിതത്വം. പ്രത്യുത, അതവതരിച്ചുകൊണ്ടിരിക്കെത്തന്നെ ദശക്കണക്കിലും ശതക്കണക്കിലും തുടര്‍ന്ന്‌ ആയിരക്കണക്കിലും ലക്ഷക്കണക്കിലും മനുഷ്യഹൃദയങ്ങളില്‍ ആമുദ്രിതമായി.

നബിയുടെ വിയോഗാനന്തരം നടന്ന യുദ്ധങ്ങളില്‍ ഖുര്‍ആന്‍ ആദ്യാന്തം മനഃപാഠമാക്കിയിരുന്ന ഒട്ടേറെ പേര്‍ രക്തസാക്ഷികളായി. ഇതെതുടര്‍ന്ന്‌, ഖുര്‍ആന്റെ സംരക്ഷണത്തിന്‌ ഏക മാര്‍ഗം ആശ്രയിക്കുന്നത്‌ യുക്തമല്ലെന്നും ഹൃദയഫലകങ്ങളിലെന്നപോലെ ഗ്രന്ഥത്താളുകളിലും അതെഴുതി സൂക്ഷിക്കുവാന്‍ ഏര്‍പ്പാട്‌ ചെയ്യണമെന്നും രണ്ടാം ഖലീഫ ഉമര്‍ ചിന്തിച്ചുറച്ചു. ഈ കാര്യം ഒന്നാം ഖലീഫ അബൂബക്‌റിനോട്‌ വിശദീകരിച്ചപ്പോള്‍ അല്‍പം ആലോചിച്ച ശേഷം അദ്ദേഹവും അതിനോട്‌ യോജിക്കുകയും സൈദുബ്നു സാബിത്‌, അബ്ദുല്ലാഹിബ്‌നുസുബൈര്‍, സൈദുബ്‌നുല്‍ ആസ്വി, അബ്ദുറഹ്‌മാനുബ്‌നു ഹിശാം എന്നിവരെ ഈ സേവനത്തിന്‌ നിയോഗിക്കുകയും ചെയ്തു.

നബി ലിഖിതരൂപത്തില്‍ വിട്ടേച്ചുപോയ ഖുര്‍ആന്റെ എല്ലാ ഭാഗങ്ങളും ശേഖരിക്കുക, അദ്ദേഹത്തിന്റെ അനുചരരില്‍ ആരുടെയെല്ലാം പക്കല്‍ ദിവ്യഗ്രന്ഥം മുഴുവനുമോ ഭാഗികമായോ എഴുതിവെക്കപ്പെട്ടതായുണ്ടോ അതും കരസ്ഥമാക്കുക, ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവരുടെ സഹകരണം തേടുകയും ചെയ്യുക. ഈ മൂന്ന്‌ മാധ്യമങ്ങളുടെയും സംയുക്തമായ സാക്ഷ്യത്താല്‍ പരിപൂര്‍ണ സുബദ്ധത ഉറപ്പുവരുത്തിയ ശേഷം ഖുര്‍ആന്റെ ഓരോ വാക്കും സനിഷ്കര്‍ഷം രേഖപ്പെടുത്തുക- ഇതായിരുന്നു നിശ്ചിത വ്യവസ്ഥ. ഇതുപ്രകാരം ഖുര്‍ആന്റെ ഒരു കോപ്പി എഴുതി തയാറാക്കി നബിയുടെ പത്നി ഹഫ്സയുടെ പക്കല്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ചു. പ്രസ്തുത കോപ്പി പകര്‍ത്തുവാനും തങ്ങളുടെ കൈവശമുള്ള കോപ്പികള്‍ അതുമായി ഒത്തുനോക്കി ശരിപ്പെടുത്തുവാനും ജനങ്ങള്‍ക്ക്‌ പൊതു അനുവാദം നല്‍കുകയും ചെയ്തു.

അറേബ്യയില്‍ എല്ലായിടത്തും അറബി തന്നെയായിരുന്നു ഭാഷയെങ്കിലും വിവിധ പ്രദേശങ്ങളുടെയും ഗോത്രങ്ങളുടെയും സംസാരഭാഷകളില്‍ അല്‍പസ്വല്‍പ വ്യത്യാസങ്ങളുണ്ടായിരുന്നു. മക്കയില്‍ ഖുറൈശികള്‍ സംസാരിച്ചുവന്ന ഭാഷയിലായിരുന്നു ഖുര്‍ആന്‍ അവതരിച്ചതെങ്കിലും ഇതര പ്രദേശക്കാര്‍ക്കും ഗോത്രക്കാര്‍ക്കും അവരവരുടെ ഉച്ചാരണവും പ്രയോഗരീതികളുമനുസരിച്ച്‌ അത്‌ വായിച്ചുകൊള്‍വാന്‍ ആദ്യത്തില്‍ അനുവാദം നല്‍കപ്പെട്ടിരുന്നു. എന്നാല്‍ അചിരേണ ഇസ്ലാമിന്‌ പ്രചാരം ലഭിച്ചുവന്നപ്പോള്‍ പൂര്‍വ സ്ഥിതി തുടരുന്നത്‌ അനാശാസ്യമായി തോന്നി. അതിനാല്‍ ഒന്നാം ഖലീഫ അബൂബക്കറിന്റെ നിര്‍ദ്ദേശപ്രകാരം ആധികാരികമായി രേഖപ്പെടുത്തിയ ഖുര്‍ആന്റെ അംഗീകൃത കോപ്പിയുടെ ശരിപ്പകര്‍പ്പുകള്‍ മാത്രമേ ഇസ്ലാമിക രാഷ്ട്രത്തിനുള്ളില്‍ എവിടെയും പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂവെന്നും ഉച്ചാരണഭേദത്തോടെ എഴുതപ്പെട്ട എല്ലാ കോപ്പികളുടെയും പ്രസാധനം നിരോധിക്കണമെന്നും മൂന്നാം ഖലീഫ ഉസ്മാന്‍ പ്രമുഖരുമായി കൂടിയാലോചിച്ച്‌ തീരുമാനിക്കുകയുണ്ടായി.

ഉസ്മാന്‍ ഔദ്യേഗിക തലത്തില്‍ പകര്‍ത്തി തയാറാക്കിയ, അബൂബക്‌റിന്റെ ആധികാരിക കോപ്പിയുമായി പ്രത്യക്ഷരം യോജിച്ചവയാണ്‌ ഇന്ന്‌ നിലവിലുള്ള ഖുര്‍ആന്‍. ലോകത്തിന്റെ പല ഭാഗങ്ങളില്‍ പ്രസ്തുത ആധികാരിക കോപ്പികള്‍ ഇന്നും സ്ഥിതി ചെയ്യുന്നുണ്ട്‌. ഖുര്‍ആന്റെ സുരക്ഷിതത്വത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ സംശയനിവൃത്തി വരുത്തുക സുസാധ്യമാണ്‌.

13 comments:

അബ്ദുല്‍ അലി said...

ഉസ്മാന്‍ ഔദ്യേഗിക തലത്തില്‍ പകര്‍ത്തി തയാറാക്കിയ, അബൂബക്‌റിന്റെ ആധികാരിക കോപ്പിയുമായി പ്രത്യക്ഷരം യോജിച്ചവയാണ്‌ ഇന്ന്‌ നിലവിലുള്ള ഖുര്‍ആന്‍. ലോകത്തിന്റെ പല ഭാഗങ്ങളില്‍ പ്രസ്തുത ആധികാരിക കോപ്പികള്‍ ഇന്നും സ്ഥിതി ചെയ്യുന്നുണ്ട്‌. ഖുര്‍ആന്റെ സുരക്ഷിതത്വത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ സംശയനിവൃത്തി വരുത്തുക സുസാധ്യമാണ്‌.

അനില്‍ശ്രീ... said...

അലിഭായ്,
ഖുറാനിലെ ശാ‍സ്ത്രസൂചനകള്‍ എന്ന പരമ്പര നിര്‍ത്തിയോ?...

പെട്ടെന്ന് തീര്‍ന്നുപോയപോലെ ഒരു തോന്നല്‍....

കുഞ്ഞന്‍ said...

പുതിയ അറിവ് നല്‍കിയതിന് നന്ദി

മായാവി.. said...

പഴയ പോസ്റ്റിലെ സമ്ശയങ്ങള്‍ ഇതു വരെ ദൂരീകരിച്ച് കണ്ടില്ലാ..
ഇതേപപ്റ്റിയുള്ള സംശയമാണ്‍ ഞാന്‍ മുന്പ് ഉന്നയിച്ചത്. നബിയേക്കാളും, പടച്ചവനേക്കാളൂം, ചിന്തിച്ച് ഇവ എഴുതിവെക്കണം എന്ന് തോന്നിയത് ഖലീഫമാര്ക്കാണല്ലൊ..അവര്ക്കങ്ങനെ തോന്നിയില്ലയിരുന്നെങ്കില്‍ എന്താവുമായിരുന്നു.

പഴയ പോസ്റ്റിലെ സമ്ശയങ്ങള്‍ ഇതു വരെ ദൂരീകരിച്ച് കണ്ടില്ലാ..

മഹദി ഇമാമിനെപ്പറ്റി പറയുന്നിടത്ത്,ആ പ്റവചനം ഇന്നതെ 200കി മീ സ്പീഡില്‍ പോവുന്ന കാറിനെപറ്റിയല്ലാനും, അദ്ദേഹത്തിന്റെ അമാനുഷികതയെ അല്ലെങ്കില്‍ കഴിവിനെ കുറിക്കാനുമാണ്‍ നബി 350കി മീ കാരയം ​പറഞ്ഞത് എന്നാണ്‍ ഞാനുദ്ദേശിച്ചത്. എന്താ ശരിയല്ലെ അതൊ ഇങ്ങനെ അടിപൊളി കാറും റോഡും മഹദി വരുമ്പോഴേക്കും തയാരായിരിക്കും എന്നാണ്‍ നബി പറഞ്ഞത് എന്നാനോ പറയാന്‍ വരുന്നത്.. എന്റെ പൊന്നബ്ദുല്‍ അലി സാബ്....പ്ളീസ് ഇങ്ങനെ എട്ട്കാലി മമ്മൂഞ്ഞാവാതെ.(please don't..


ഓ റ്റോ: മതായിയോട്, എങ്ങനെയാ കമന്റിലെ ഫോണ്ട്കള്‍ ഇറ്റാലിക് ആക്കുന്നത്? പലപ്പോഴും അലി സാബിന്റെ പോസ്റ്റ് പേസ്റ്റ് ചെയ്യേണ്ടി വരുമ്ബോല്‍ അത് തിരിച്ചറീയാനാണ്.

Umesh::ഉമേഷ് said...

മായാവിയുടെ ചോദ്യത്തിനുത്തരം:

ഇറ്റാലിക്സ് ആക്കേണ്ട ഭാഗത്തിന്റെ ഇടത്തു ഭാഗത്തു് <i> ennum വലത്തുഭാഗത്തു് </i> എന്നും ചേര്‍ക്കുക. i എന്നതിനു പകരം b എഴുതിയാല്‍ കട്ടിയുള്ള അക്ഷരം ആവും.

അബ്ദുല്‍ അലി said...

മയാവി,
മഹ്‌ദി ഇമാം ഇത്‌വരെ വന്നിട്ടില്ല. എപ്പോള്‍ വരുമെന്ന് പറയാനും കഴിയില്ല.
അമാനുഷികത അദ്ദേഹത്തിന്‌ അല്ലാഹു നല്‍ക്കുന്നുണ്ടെന്നാണ്‌ ഹദീസുകള്‍ നല്‍ക്കുന്ന സൂചന. പക്ഷെ മക്കയില്‍ നിന്നും മദീനയിലേക്കുള്ള യാത്രയുടെ വിവരണം ഇന്നത്തെ ചുറ്റുപാടില്‍ വിശകലനം ചെയ്താല്‍ ആധുനിക വാഹനങ്ങളും റോഡുകളുമാവാം. ഇത്രയും ദൂരം ഇന്ന് 3 ദിവസംകൊണ്ട്‌ 7 പ്രവാശ്യം പോയിവരാന്‍ അമാനുഷികത അവശ്യമില്ലല്ലോ.

പിന്നെ ഒരു പ്രധാന കാര്യം.
എങ്ങനെ വളഞ്ഞ്‌ ചോദിച്ചാലും, പല അദൃശ്യകാര്യങ്ങള്‍ക്കും ഖുര്‍ആന്‍ ഉത്തരം പറയുന്നില്ല. മനുഷ്യന്റെ അറിവ്‌ വളരെ പരിമിതമാണ്‌.

പിന്നെ മറ്റോന്ന്, ഈ ഗ്രന്ഥത്തിന്റെ വിവരണം നല്‍ക്കുമ്പോള്‍, എന്റെതായി ഒന്നും എഴുതിചേര്‍ത്തിട്ടില്ല. അത്‌കൊണ്ട്‌ തന്നെയാണ്‌ ഞാന്‍ തെറ്റിധരിക്കപ്പെട്ടവനായത്‌. ശാസ്ത്ര വിശകലനങ്ങള്‍ ശാസ്ത്രത്തിനും, ഖുര്‍ആന്‍ പരിഭാഷ പണ്ഡിതന്മാര്‍ക്കും അവകാശപ്പെട്ടതാണ്‌. എന്റെ എളിയ ബുദ്ധിയില്‍ അതെല്ലാം ക്രോഡികരിച്ചു ഇവിടെ എത്തിച്ചു എന്ന് മാത്രം. വിഷയത്തോട്‌ നീതിപുലര്‍ത്താന്‍ പരമാവധി ശ്രമിക്കുന്നു. ഇഗ്ലിഷിലും മലയാളത്തിലുമുള്ള അനവധി തര്‍ജ്ജമകള്‍ സൂഷ്മം വിലയിരുത്തികൊണ്ടാണ്‌ ഇതെഴുതുന്നത്‌. കഴിഞ്ഞ പോസ്റ്റില്‍ വെറും 3 അക്ഷരം ഞാന്‍ മാറ്റിയിരുന്നെങ്കില്‍ 41 -ഓളം കമന്റുകളും "വിഡ്ഡിയായ അലിയും" ഉണ്ടാവില്ലായിരുന്നു. പക്ഷെ അതിന്‌ എനിക്കാവില്ല. വായനക്കാരുടെ അഭിരുചികനുസരിച്ച്‌ വാക്കുകള്‍ മാറ്റി സ്ഥപിച്ചില്ലെന്ന "ന്യായം" ഞാന്‍ എറ്റെടുക്കുന്നു. അതിന്‌ മാപ്പ്‌. ശാസ്ത്ര വിഷയങ്ങളില്‍ "വാചക കസര്‍ത്ത്‌" കാണിചെന്ന സത്യവും ഞാന്‍ അംഗീകരിക്കുന്നു.

വിശാലെട്ടാ,
ശാസ്ത്ര ജ്ഞാനം കുറവാണെന്ന് ഞാന്‍ സമ്മതിക്കുന്നു, എന്നല്ല തിരെ ഇല്ല. പക്ഷെ എന്റെ എളിയ ശ്രമം ശാസ്ത്രത്തെ ന്യായികരിക്കാനോ നിരാകരിക്കനോ അല്ല. ട്ടപ്പ്‌ ട്ടപ്പെന്ന് എന്ത്‌കൊണ്ട്‌ ഉത്തരം വരുന്നില്ല എന്ന് ഞാന്‍ വിശദമാക്കിയല്ലോ. പിന്നെ ഇത്‌ തര്‍ക്കത്തിനുള്ള ഒരു പോസ്റ്റല്ല. ന്യായമായ സംശയങ്ങള്‍ക്ക്‌ ഉത്തരം നല്‍ക്കുന്നുണ്ട്‌. എന്റെ അക്ഷരത്തെറ്റുകളും വിവരണങ്ങളും തെറ്റായി തോന്നുന്നുവെങ്കില്‍ അതിന്‌ ഞാനാണുത്തരവാദി എന്ന മുന്‍കൂര്‍ ജാമ്യം പോലും എന്നെ "മലാഖ" യായി ഷേക്സ്‌പിയറിന്റെ ഭാഷയില്‍ ചിത്രികരിച്ചവരോട്‌ എന്ത്‌ മറുപടി.
മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള കോണ്‍സെപ്റ്റ്‌ കെള്ളാം. ശരീരത്തെയല്ലെ നരയും സ്റ്റാമിനയും ബാധിക്കുന്നത്‌. സോറി, വിഷയം മാറുന്നു.
ദൈവത്തെ ഭയമുണ്ടെങ്കിലും മതത്തെ തള്ളിപറഞ്ഞത്‌ കലക്കി, ഒരു മതത്തില്‍ തന്നെ 5-8 ഗ്രൂപ്പും, അതില്‍ തന്നെ 3-4 വിഭാഗവും ഇന്നത്തെ ഇസ്ലാം മതത്തിന്റെ "പ്രതേകതയാണ്‌".

വന്നതിനും, ഞാനോന്നുമറിഞ്ഞില്ല എന്ന മട്ടില്‍ എന്നെ പൊളിച്ചടുക്കിയതിനും നന്ദി. ഇനിയും വരിക. എഴുതിയ സൂചനകള്‍ മുഴുവന്‍ അതിന്റെ യതാര്‍ഥ ഉദ്ദേശത്തോടെ തന്നെ ഞാന്‍ സ്വികരിച്ചിരിക്കുന്നു.

മായാവി.. said...
This comment has been removed by the author.
മായാവി.. said...

thanks umesh

മായാവി.. said...

പിന്നെ ഒരു പ്രധാന കാര്യം.
എങ്ങനെ വളഞ്ഞ്‌ ചോദിച്ചാലും, പല അദൃശ്യകാര്യങ്ങള്‍ക്കും ഖുര്‍ആന്‍ ഉത്തരം പറയുന്നില്ല. മനുഷ്യന്റെ അറിവ്‌ വളരെ പരിമിതമാണ്‌.

അത് തന്നെയല്ലെ അബ്ദുല്‍ അലിക്കാ ഇത്റയും കാലം പറഞ്ഞത്, മനുഷ്യനറിയാവുന്ന കാര്യങ്ങള്‍ തന്നെയെ ഖുര്‍ ആനിലുമുള്ളു എന്നും മനുഷ്യന്‍ തന്നെയാണ്‍ ഖുരാനുണ്ടാക്കിയതെന്നും. നബി നല്ലൊരു സ്സമൂഹ്യപരിഷ്കര്ത്താവാണ്‍, കേരളത്തില്‍ നാരായണഗുരുവിനെപ്പോലെ. പക്ഷെ നാരായണഗുരുവിന്റെ ജീവിത സാഹചര്യമനുസരിച്ച് അങേരും ഞാന്‍ പ്റവാചകനാണ്, ദൈവദൂതനാണ്‍ എന്നവകാശപ്പെട്ടില്ല, യുദ്ധത്തിനും നിന്നില്ല, അല്ലായിരുന്നെങ്കില്‍ അങേരും ലോകപ്രശസ്തനായേനെ.

Anonymous said...

ജബ്ബാര്‍മാഷിന്റെ ബ്ലോഗുകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ഊരുവിലക്കേര്‍പ്പെടുത്തി അല്ലേ?

നന്നായി.

MPA said...

ജബ്ബാര്‍ മാഷുടെ ഖുര്‍ആന്‍ ദൈവീകഗ്രന്ഥമോ? എന്ന ബ്ലോഗില്‍ ഞാന്‍ താഴെ കൊടുത്തിരിക്കുന്ന 2 ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.

മുഹമ്മദ് നബി മരിക്കുന്ന സമയത്ത് ഇന്നത്തെ ഖുറാൻ നിലവിലുണ്ടായിരുന്നുവോ?. ഉണ്ടായിരുന്നുവെങ്കിൽ അതെവിടെയായിരുന്നു?

അതില്‍ ഒന്നാമത്തെ ചോദ്യത്തിന് താഴെ കാണുന്ന ഉത്തരവും കിട്ടി.
ഖുര്‍ആന്‍ ഇന്നും അന്നും ഇതേ രൂപത്തില്‍ തന്നെയാണ്‌ ഉണ്ടായിരുന്നത്‌.

അതായത് ഒന്നാമത്തെ ചോദ്യത്തിന് ‘അതേ‘ എന്നാണ് ഉത്തരം തന്നിരിക്കുന്നത്.
എനി രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം തരിക : അതെവിടെയായിരുന്നു?

ANAS said...

അസ്സലാമു അലിക്കും,
സത്യ വിശ്വാസികൾക്കെന്നും പരീക്ഷണങ്ങളായിരിക്കും,
തളരരുത്
നിങ്ങളുടെ കൂടെ ഞങ്ങളുണ്ട്
എല്ലട്ടിലുമുപരി ലോകസ്ര്6ഷ്ടാവയ അല്ലഹുവും

anzar thevalakkara said...

പുതിയ ഉദ്യമത്തിന് സകല ഭാവുകങ്ങളും നേരുന്നു...അല്ലാഹു അനുഗ്രഹിക്കട്ടെ...
ഞാന്‍ ഒരു പുതിയ ബ്ലോഗിന്റെ പണിപുരയില്‍ ആണ്..താങ്കള്ക്ക് എന്നെ സഹായിക്കാന്‍ കഴിയുമെന്ന് തോനുന്നു..
അന്‍സാര്‍ തേവലക്കര
സൌദി അറേബ്യ
mob;00966559402903
aadil.anzar@gmail.com
my blog
http://anzar-thevalakkara.blogspot.com