Saturday, November 17, 2007

ഭൂമിയിലെ വിഭവങ്ങള്‍ - 2. മഴ (മേഘം)

ഖുര്‍ആനിലെ ശാസ്ത്രസൂചനകള്‍ - ഭൂമിയിലെ വിഭവങ്ങള്‍
2 - മഴ (മേഘം)
ഖുര്‍ആന്‍ പറഞ്ഞു:"അല്ലാഹു കാര്‍മേഘത്തെ (മന്ദം മന്ദം) ചലിപ്പിക്കുന്നതും പിന്നീടവയെ ഒരുമിച്ചു ചേര്‍ക്കുന്നതും എന്നിട്ടതിനെ അവന്‍ അട്ടിയാക്കുന്നതും നീ കണ്ടില്ലേ? അങ്ങനെ അവയ്ക്കിടയില്‍ നിന്ന്‌ മഴത്തുള്ളികള്‍ പുറപ്പെടുന്നത്‌ നിനക്ക്‌ കാണാം. മാനത്തെ മലകള്‍പോലുള്ള മേഘക്കൂട്ടങ്ങളില്‍നിന്ന്‌ അവന്‍ ആലിപ്പഴം വീഴ്‌ത്തുകയും, എന്നിട്ട്‌ താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവയുടെ ആപത്തണയ്ക്കുകയും, താന്‍ ഉദേശിക്കുന്നവരില്‍നിന്ന്‌ അത്‌ തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍ പ്രകാശം കാഴ്ച്ചകളെ ഇല്ലാതാക്കാന്‍ പോന്നതാണ്‌." (24: 43)
"നിങ്ങള്‍ക്ക്‌ ഭയവും ആശയുമുണര്‍ത്തുന്ന മിന്നല്‍പ്പിണര്‍ കാണിച്ചുതരുന്നതും, ആകാശത്തു നിന്ന്‌ വെള്ളം ചൊരിയുകയും മൃതമായിക്കിടന്ന ഭൂമിയെ അതുവഴി സജീവമാക്കുന്നതും അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതാകുന്നു. തീര്‍ച്ചയായും ബുദ്ധി ഉപയോഗിക്കുന്ന ജനങ്ങള്‍ക്ക്‌ ഇതില്‍ ധാരാളം ദൃഷ്‌ടാന്തങ്ങളുണ്ട്‌." (30:24)

ജലത്തോടൊപ്പം ചേര്‍ത്തു മനസ്സിലാക്കേണ്ട വസ്തുതയാകുന്നു മേഘം. വ്യത്യസ്ത തരത്തിലുള്ള മേഘങ്ങളുണ്ട്‌. അവ ഘടനയിലും സാന്ദ്രതയിലും സ്വഭാവത്തിലും വ്യത്യസ്തങ്ങളായിരിക്കും. മഴമേഘങ്ങളാണ്‌ അവയിലൊന്ന്‌. ഇവ എങ്ങനെയാണ്‌ രൂപം കൊള്ളുന്നത്‌, എങ്ങനെ ജലമേഘങ്ങളാകുന്നു, എങ്ങനെ പെയ്തിറങ്ങുന്നു തുടങ്ങിയ വിഷയങ്ങള്‍ മെറ്റീരിയോളൊജി പഠനവിധേയമാക്കിയിട്ടുണ്ട്‌. കാറ്റും താപത്തിന്റെ തോതുമെല്ലാം മേഘങ്ങളെ സംബന്ധിച്ച പഠനത്തിന്‌ ശാസ്ത്രത്തിന്‌ ഏറെ ഉപകരിച്ചിട്ടുണ്ട്‌. ഇതിന്റെ സൂചനകള്‍ മേല്‍ പ്രസ്താവിച്ച ഖുര്‍ആന്‍ വചനങ്ങളില്‍ നമുക്ക്‌ വായിക്കാം. അതായത്‌, കാറ്റ്‌ ഇളക്കിവിടുന്ന മേഘസെല്ലുകളുടെ രൂപത്തിലാണ്‌ മഴമേഘങ്ങളുടെ ആരംഭം. പിന്നീട്‌ അവ ഒന്നായി ചേര്‍ന്ന്‌ വലുതാകുന്നു. കിലോമീറ്ററുകള്‍ ദൈര്‍ഘ്യമുണ്ടാകും അവയ്ക്ക്‌. താഴെനിന്ന്‌ നോക്കിയാല്‍ വന്‍പര്‍വതമാണെന്ന്‌ തോന്നും. വായുമണ്ഡലത്തിലെ വിവിധ താപമേഖലകളിലൂടെ മേലോട്ടുള്ള ഈ യാത്രയില്‍ അവ ഇളകുകയും ഖാനീവിച്ചു ആലിപ്പഴം ഉണ്ടാകുകയും ചെയ്യുന്നു.ഭൂമിയില്‍നിന്ന്‌ ഉയരുന്ന കാറ്റ്‌ വൈദ്യുത തരംഗങ്ങളെയും ഉള്‍ക്കൊണ്ടിട്ടുണ്ടാകും. ഇവ അന്തരീക്ഷത്തില്‍ മുമ്പേയുണ്ടായിരുന്ന വൈദ്യുതിയുമായി ചേര്‍ന്ന്‌ വൈദ്യുതവലയം സൃഷ്ടിക്കുകയും അത്‌ നീരാവികണങ്ങളെ മഴത്തുള്ളികളാക്കി മാറ്റുകയും ചെയ്യുന്നു. ഇതത്രെ മേല്‍ സൂചിപ്പിച്ച ഖുര്‍ആന്‍ വചനം ഉള്‍ക്കൊള്ളുന്ന വസ്തുത. ആധുനിക ശാസ്ത്രവും ഇക്കാര്യം തന്നെയാണ്‌ അംഗീകരിച്ചിട്ടുള്ളത്‌.

വളരെ കണിശവും ക്ലിപ്തവുമായ രീതിയിലാണ്‌ മേഘങ്ങളെ കൂട്ടിയിണക്കിയിട്ടുള്ളത്‌. കാറ്റുമായി അത്‌ ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ നാം കണ്ടു. മഴമേഘങ്ങള്‍ എങ്ങനെയാണ്‌ അതിന്റെ സമുഛയം സാധിക്കുന്നതെന്നും എങ്ങനെയാണ്‌ അതില്‍നിന്ന്‌ മിന്നലും ഇടിനാദവും ഉണ്ടാകുന്നതെന്നും ഇപ്പോഴും ശാസ്ത്രം പഠിച്ചുകൊണ്ടിരിക്കുകയാണ്‌.
പ്രധാനമായും മൂന്ന്‌ ഘട്ടങ്ങളെയാണ്‌ മഴമേഘങ്ങള്‍ തരണം ചെയ്യുന്നതെന്നാണ്‌ ശാസ്ത്രജ്ഞരുടെ നിഗമനം.
ഒന്ന്‌, ചെറിയ കഷ്ണങ്ങളായി രൂപം കൊണ്ട മേഘശകലങ്ങളെ കാറ്റ്‌ മുന്നോട്ട്നീക്കി ഒരു സ്ഥലത്ത്‌ അവയെ ഒരുമിച്ചുകൂട്ടുന്നു.
രണ്ട്‌, അങ്ങനെ കൊണ്ടുവന്ന മേഘങ്ങളെ സംയോജിപ്പിക്കുന്നു.
മൂന്ന്‌, ഈ അവസ്ഥയില്‍ അവ ലംബമായി ഇളകിമറിഞ്ഞ്‌ സഞ്ചരിക്കുന്നു.ഇവ കൂടുതല്‍ തണുത്ത സ്ഥലങ്ങളിലേക്ക്‌ നീങ്ങുന്നതിനനുസൃതമായി ജലതുള്ളികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇവ ക്രമേണ പെരുകുകയും അതിനനുസരിച്ച്‌ ഭാരം കൂടി വരികയും ക്രമേണ മഴയായോ ആലിപ്പഴമായോ താഴോട്ടൊഴുകാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇതത്രെ നേരത്തെ സൂചിപ്പിച്ച ഖുര്‍ആന്‍ വചനത്തില്‍ (24: 43) കാര്യവും. ഇതുതന്നെയാണ്‌ ശാസ്ത്രത്തിന്റെ പഠനവും. "അല്ലാഹു കാര്‍മേഘത്തെ പതുക്കെ തെളിക്കുകയും എന്നിട്ടതിന്റെ ഘടകങ്ങളെ കൂട്ടിയിണക്കുകയും പിന്നീടതിനെ കൂമ്പാരമാക്കുകയും ചെയ്യുന്നത്‌ നീ കണ്ടില്ലേ?."

ഇടിമിന്നല്‍
ഇടിമിന്നലും മനുഷ്യനും ജീവികള്‍ക്കും സസ്യങ്ങള്‍ക്കും ഒട്ടേറെ പ്രയോജനങ്ങളുണ്ട്‌. ഖുര്‍ആന്‍ പറഞ്ഞു:"ആകാശങ്ങളിലും ഭൂമിയിലും എന്തൊക്കെയാണുള്ളതെന്ന്‌ നിങ്ങള്‍ നോക്കിക്കാണുവിന്‍."
അന്തരീക്ഷവായുവില്‍ ഏകദേശം 75-78 ശതമാനം നൈട്രജന്‍ ഉണ്ട്‌. മനുഷ്യശരീരത്തില്‍ 1/3 ശതമാനവും നൈട്രജനാണ്‌. മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും സസ്യങ്ങള്‍ക്കും അത്യാവശ്യമാണ്‌ നൈട്രജന്‍. സസ്യങ്ങളില്‍നിന്നാണ്‌ മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും നൈട്രജന്‍ ലഭിക്കുന്നത്‌. ഈ നൈട്രജന്‍ പകുതിയിലധികവും ഇടിമിന്നല്‍ മൂലമാണ്‌ ഉല്‍പാദിപ്പിക്കപ്പെടുന്നത്‌. സസ്യങ്ങള്‍ നേരിട്ട്‌ നൈട്രജന്‍ സ്വീകരിക്കുകയല്ല ചെയ്യുന്നത്‌. നൈട്രജന്‍ ആറ്റങ്ങളെ തമ്മില്‍ വിഘടിപ്പിക്കണമെങ്കില്‍ വളരെയധികം ഊര്‍ജം ആവശ്യമാണ്‌. സസ്യങ്ങളെ സംബന്ധിച്ചിടത്തോളം അത്‌ സാധ്യമല്ല. സസ്യങ്ങള്‍ക്ക്‌ നൈട്രജന്‍ ലഭ്യമല്ലെങ്കില്‍ മനുഷ്യനും അത്‌ ലഭിക്കില്ല. പക്ഷേ, പ്രകൃതിയിലെ നൈട്രജനെ സസ്യങ്ങള്‍ക്ക്‌ ഉപകാരപ്പെടും വിധം എങ്ങനെ പരിവര്‍ത്തനം ചെയ്യും? ഈ പ്രശ്നത്തിന്‌ ഇടിമിന്നിലിനെയാണ്‌ ഏകദൈവം പരിഹാരമായി നിര്‍ണയിച്ചത്‌. ഇടിമിന്നല്‍ മുഖേന മാറ്റപ്പെടുന്ന നൈട്രേറ്റ്‌ മഴയില്‍ കലര്‍ന്ന്‌ ഭൂമിയില്‍ പതിക്കുന്നു. അതാകട്ടെ സസ്യങ്ങള്‍ക്ക്‌ ആവശ്യമായ പോഷണമൊരുക്കുന്നു.
ഇടിയും മിന്നലും എങ്ങനെ ഉണ്ടാകുന്നുവെന്നതിനെ സംബന്ധിച്ച പഠനം എ.ഡി. 1600 ലാണ്‌ ആരംഭിച്ചത്‌. ഖുര്‍ആന്‍ 24 ല്‍ 44-ാ‍ം വചനത്തില്‍ ആലിപ്പഴത്തെ പരാമര്‍ശിച്ച കൂട്ടത്തില്‍ മിന്നല്‍പിണരുകളെയു എടുത്തുപറയുകയുണ്ടായി. ഇവ രണ്ടും തമ്മില്‍ ബന്ധമുണ്ടോ? ഇടി, മിന്നല്‍ എന്നിവയെ സംബന്ധിച്ച പഠനം അപൂര്‍ണമാണെങ്കിലും പ്രകൃതിയില്‍ ജീവികളുടെ നിലനില്‍പിനാവശ്യമായ ഒട്ടേറെ കാര്യങ്ങള്‍ ഇടിയിലും മിന്നലിലും ദൈവം സംവിധാനിച്ചിട്ടുണ്ട്‌. സര്‍വശക്തനായ ഏകദൈവം മനുഷ്യനു വേണ്ടി സംവിധാനിച്ച കാര്യങ്ങളാണിവ.

2 comments:

അബ്ദുല്‍ അലി said...

ഇടി, മിന്നല്‍ എന്നിവയെ സംബന്ധിച്ച പഠനം അപൂര്‍ണമാണെങ്കിലും പ്രകൃതിയില്‍ ജീവികളുടെ നിലനില്‍പിനാവശ്യമായ ഒട്ടേറെ കാര്യങ്ങള്‍ ഇടിയിലും മിന്നലിലും ദൈവം സംവിധാനിച്ചിട്ടുണ്ട്‌. സര്‍വശക്തനായ ഏകദൈവം മനുഷ്യനു വേണ്ടി സംവിധാനിച്ച കാര്യങ്ങളാണിവ.

Azeez said...

മാഷാ അല്ലാഹ്