Wednesday, October 10, 2007

ഭാഗം 3 - ദൈവാസ്‌തിക്യത്തിന്റെ ഭൗതിക ദൃഷ്ടാന്തങ്ങള്‍

മനുഷ്യന്‍ രാപ്പകല്‍ ദര്‍ശിച്ചുകൊണ്ടിരിക്കുകയും എന്നാല്‍ ചിന്തിക്കുകയോ ആലോചിക്കുകയോ ചെയ്യാതെ അവഗണിച്ചുകളയുകയും ചെയ്യുന്ന വസ്തുക്കള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടുന്ന ചില സുപ്രധാന ദൃഷ്ടാന്തങ്ങള്‍ താഴെ.


6-സൃഷ്ടിപ്പിലെ സന്തുലിതം

സംഭ്രകജനകമായ വൈപുല്യത്തോടൊപ്പം ഈ ഗംഭീരമായ പ്രാപഞ്ചിക സംവിധാനം അത്യധികം ശൃംഖലിതവും വ്യവസ്ഥാപിതവും സുഭദ്രവുമായ ഒരു സാമ്രാജ്യമാണ്‌। അതിലെവിടെയും എത്ര പരതിനോക്കിയാലും ഒരു കുറ്റമോ കുറവോ വൈകല്യമോ കാണപ്പെടുന്നില്ല.ഈ മഹാപ്രപഞ്ചത്തില്‍ കണക്കില്ലാത്ത വസ്തുക്കള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്‌. പക്ഷേ, അസന്തുലിതമായോ താളരഹിതമായോ യാതൊന്നുമില്ല. ഒരോ വസ്തുവിന്നും അതിന്റേതായ ഒരു സൗന്ദര്യമുണ്ട്‌. ഒരു വസ്തു ഏതൊരാവശ്യത്തിന്നു വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവോ, ആ ആവശ്യത്തിന്‌ ഏറ്റം അനുയോജ്യമായ രൂപത്തോടെയും യോഗ്യതകളോടെയുമാണ്‌ അത്‌ നിര്‍മിക്കപ്പെട്ടിട്ടുള്ളത്‌.പ്രപഞ്ചത്തിലെവിടെയും അവ്യവസ്ഥിതമോ ക്രമരാഹിത്യമോ പരസ്പരമിണങ്ങായ്കയോ കാണപ്പെടുന്നില്ല. ചേര്‍ച്ചയില്ലാത്തതോ അനുചിതമോ ആയ യാതൊരു വസ്തുവുമില്ല. അതിന്റെ എല്ലാ ഘടകങ്ങളും പരസ്പരം ഇണങ്ങുന്നതും സമ്പുര്‍ണവും സമജ്ഞസവുമായി കാണപ്പെടുന്നു.പ്രപഞ്ചഘടന തികച്ചും സുഭദ്രമാണ്‌ ഭൂമിയിലെ മണ്‍തരി മുതല്‍ അതിഗംഭീരമായ ക്ഷീരപഥങ്ങള്‍ വരെയുള്ള സകല വസ്തുക്കളും സുഘടിതമാണ്‌. പ്രപഞ്ച വ്യവസ്ഥയുടെ നൈരന്തര്യം എവിടെയും പൊട്ടിപ്പോകുന്നില്ല. ഒരിടത്തും ഒരു വിടവും കാണപ്പെടുന്നില്ല.മനുഷ്യന്‍ സ്വന്തം സൃഷ്ടിതന്നെ നോക്കട്ടെ. മനുഷ്യശരീരത്തിന്റെ സന്തുലിതമായ അവയവപ്പൊരുത്തം, വടിവൊത്ത ആകാരം, ഭൂമിയില്‍ പ്രവര്‍ത്തിക്കാനുതകുന്ന ഉചിതമായ ശരീരഘടന, കൈകാലുകള്‍, കണ്ണ്‌, മൂക്ക്‌, മസ്തിഷ്കം തുടങ്ങി അവന്റെ സവിശേഷ ഗുണങ്ങള്‍ക്കനുയോജ്യമായ ജ്ഞാനോപാധികളായിത്തീരുന്ന ദര്‍ശന-ശ്രവണാദിപഞ്ചേന്ദ്രിയങ്ങള്‍ സ്രഷ്ടാവ്‌ പ്രദാനംചെയ്തു. ബുദ്ധി, ബോധം, വിചാരം, ഭാവന തുടങ്ങിയ കഴിവുകളും, കാര്യങ്ങളില്‍നിന്ന്‌ കാരണവും ലക്ഷണങ്ങളില്‍നിന്ന്‌ ഫലവും കണ്ടെത്താനുള്ള കഴിവുകളും, ഓര്‍മ ശക്തി, ഇച്ഛാശക്തി, വിവേചനശക്തി എന്നിങ്ങനെ മറ്റനേകം മാനസിക ശക്തിയും നല്‌കി മനുഷ്യസൃഷ്ടിയെ സന്തുലിതമാക്കി.പ്രപഞ്ചസ്രഷ്ടാവ്‌ ഓരോ വസ്തുവിനെയും ഏറ്റം നല്ല രൂപത്തില്‍ സൃഷ്ടിച്ചു. ഒരു വസ്തുവിനും ദൈവദത്തമായ അതിന്റെ രൂപത്തെക്കാള്‍ മികച്ച ഒരു രൂപം സങ്കല്‍പിക്കാനേ കഴിയില്ല.കാണാനുള്ള കണ്ണിന്റെയും, കേള്‍ക്കാനുള്ള ചെവിയുടെയും ഘടനയേക്കാള്‍ സമുചിതമായ ഒരു ഘടന വിഭാവന ചെയ്യാന്‍പോലും സാധ്യമല്ല.മനുഷ്യന്റെയും മറ്റു ജീവികളുടെയും വംശപരമ്പരയില്‍ കാണുന്ന സന്തുലിത ഘടന കേവല യാദൃശ്ചികതയുടെ ഫലമെന്ന്‌ നിശ്ചയിക്കുന്നവര്‍ ചില ചോദ്യ ങ്ങള്‍ക്ക്‌ മറുപടി പറയട്ടെ: സൃഷ്ടിയുടെ ആരംഭം മുതല്‍ ഇന്നുവരെ ലോകത്തിന്റെ ഓരോ കോണിലുമുള്ള ഓരോ ജനതയിലും ഒരേ സൃഷ്ടിപ്രക്രിയയുടെ ഫലമായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ജനിക്കുന്നതെന്തുകൊണ്ടാണ്‌? അവര്‍ക്കിടയില്‍ ഈ സന്തുലിതത്വം തുടര്‍ച്ചയായി നിലനിന്നുവരുന്നതെങ്ങനെ? ഒരു കാലത്തും ഒരു സമൂഹത്തിലും ആണ്‍കുട്ടികള്‍ മാത്രമോ പെണ്‍കുട്ടികള്‍ മാത്രമോ ജനിക്കുന്നില്ലല്ലോ.മനുഷ്യന്റെ ആസൂത്രണത്തിന്‌ യാതൊരു പ്രവേശനവുമില്ലാത്ത കാര്യമാണിത്‌. പരസ്പരം തികഞ്ഞ ജോഡികളാകുന്നതിന്‌ പെണ്‍കുട്ടികളെ നിരന്തരം സ്ത്രൈണഗുണങ്ങളോടു കൂടിയും ആണ്‍കുട്ടികളെ നിരന്തരം പൗരുഷഗുണങ്ങളോടുകൂടിയും സൃഷ്ടിക്കുക എന്ന കാര്യത്തില്‍ മനുഷ്യന്‌ അണുഅളവും സ്വാധീനമില്ല. സ്ത്രീകളുടെയും പുരുഷന്മാരുടെയും ജനനം ഈവിധം സന്തുലിത മായ രൂപത്തിലാകുന്നതിലും അവന്ന്‌ യാതൊരു സ്വാധീനവുമില്ല. സഹസ്രാബ്ദങ്ങളായി കോടാനുകോടി മനുഷ്യരുടെ ജന്മത്തില്‍ ഈ ആസൂത്രണവും വ്യവസ്ഥയും ഇത്രയും സന്തുലിതമായി പുലര്‍ന്നുകൊണ്ടിരിക്കുക എന്നത്‌ കേവലം യാദൃശ്ചികമാവുക സാധ്യമല്ല. നിരവധി സൃഷ്ടികര്‍ത്താക്കളുടെ കൂട്ടായ ആസൂത്രണത്തിന്റെ ഫലമാവുക എന്നതും സാധ്യമല്ല. ഇത്‌ വ്യക്തമായും ഒരു യുക്തിമാനായ സ്രഷ്ടാവ്‌, ഒരു സ്രഷ്ടാവ്‌ മാത്രം തന്റെ അജയ്യമായ യുക്തിയാലും കഴിവിനാലും ആദിയില്‍ ഒരു പുരുഷന്റെയും സ്ത്രീയുടെയും ഡിസൈന്‍ സൃഷ്ടിക്കുകയും പിന്നെ ആ ഡിസൈന്‍ അനുസരിച്ച്‌ വ്യക്തിപരമായ പ്രത്യേക ഗുണങ്ങളുള്ള എണ്ണമറ്റ പുരുഷന്മാരെയും സ്ത്രീകളെയും ലോകം നിറയെ സന്തുലിതമായി വ്യാപിപ്പിക്കുകയും ചെയ്തതാണെന്ന വസ്തുതയെ കുറിക്കുന്നു.വായുവിന്റെയും വെള്ളത്തിന്റെയും ധര്‍മം നിറവേറ്റുന്നതിന്‌ വായുവും വെള്ളവും എങ്ങനെ ഏതെല്ലാം ഗുണങ്ങളോടുകൂടിയതായിരിക്കണമോ അങ്ങനെത്തന്നെയാണ്‌ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌. യാതൊരു വസ്തുവിന്റെയും ആകാരത്തില്‍ അശ്രദ്ധയുടെയോ, അയുക്തിയുടെയോ ലക്ഷണം കാണാന്‍ കഴിയുന്നില്ല. അതില്‍ വല്ല പരിഷ്കാരവും നിര്‍ദ്ദേശിക്കാനുമാവില്ല.അന്തരീക്ഷത്തില്‍ കറങ്ങിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന കണക്കറ്റ ഗോളങ്ങളും ഗ്രഹങ്ങളും ഈ ലോകത്ത്‌ കാണപ്പെടുന്ന എണ്ണിയാലൊടുങ്ങാത്ത ജീവികളും പദാര്‍ഥങ്ങളും തമ്മില്‍ സമ്പൂര്‍ണ നിലവാരത്തിലുള്ള നീതിയും സന്തുലിതവും നിലനിര്‍ത്തപ്പെടുന്നില്ലെങ്കില്‍, അതിവിപുലമായ ഈ പ്രവര്‍ത്തനശാലക്ക്‌ ഒരു നിമിഷം പോലും പ്രവര്‍ത്തിക്കുക സാധ്യമാകുമായിരുന്നില്ല. കോടാനു കോടി വര്‍ഷങ്ങളായി ഈ ഭൂമിയില്‍തന്നെ വായുവിലും വെള്ളത്തിലും കരയിലും കാണപ്പെടുന്ന സൃഷ്ടികളെ ഒന്നു നോക്കുക. അവയുടെ ജീവിതോപാധികളിലുള്ള തികഞ്ഞ നീതിയും സന്തുലിതത്വവും കാരണമായി മാത്രമാണ്‌ അവയുടെ ജീവിതം സ്ഥിരമായി നില്‍ക്കുന്നത്‌. ഈ ഉപാധികളില്‍ അല്‍പമെങ്കിലും അനീതിയുളവാകുന്നുവെങ്കില്‍ ഇവിടെ ജീവന്റെ പേരും കുറിയും പോലും അവശേഷിക്കുകയില്ല.ഈ വിധം ലോകത്തിലെ സകല വസ്തുക്കളും സന്തുലിതമായും പരസ്‌പരം അനുയോജ്യമായും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നതുതന്നെ അവയുടെയെല്ലാം സ്രഷ്ടാവ്‌ അഭിജ്ഞനായ ഒരു നിര്‍മാതാവാണ്‌ എന്നതിന്റെ സ്‌പഷ്‌ടമായ ലക്ഷണമത്രേ. പ്രപഞ്ചത്തിലെ എണ്ണമറ്റ ഘടകങ്ങളുടെ സൃഷ്ടിയിലുള്ള ഈ തമ്മിലിണക്കം, ഒരു യാദൃശ്ചിക സംഭവത്തിനോ നിരവധി സ്രഷ്ടാക്കളുടെ പ്രവര്‍ത്തനത്തിനോ മൊത്തം ഘടകങ്ങളുടെ സാകല്യത്തില്‍ ദൃശ്യമാകുന്ന ഈ ഭംഗിയും സൗന്ദര്യവുമുളവാക്കാന്‍ കഴിയുകയില്ല.സൃഷ്ടിപ്പിലെ ഈ സന്തുലിത ഘടനക്കു പിന്നില്‍ ഒരു സംഘാടകനും ഈ യുക്തിക്കു പിന്നില്‍ ഒരു യുക്തിമാനും ഈ നിര്‍മാണത്തിനു പിന്നില്‍ ഒരു നിര്‍മാതാവും ഈ ഐക്യത്തിനു പിന്നില്‍ ഒരാസൂത്രകനും ഇല്ലെന്ന്‌ വിചാരിക്കുവാന്‍ വല്ല ന്യായവുമുണ്ടോ?

7-ജീവന്‍

ജീവന്‍ ഇന്നും ഒരു അദ്ഭുതദൃഷ്ടാന്തമാണ്‌. ഭൗതിക ശാസ്ത്രത്തിന്‌ അതു വ്യാഖ്യാനിക്കാന്‍ കഴിഞ്ഞിട്ടില്ല. ജീവന്‍ എവിടെനിന്ന്‌ എങ്ങനെ വന്നെത്തുന്നു എന്ന്‌ കണ്ടെത്താന്‍ ഇന്നും മനുഷ്യന്റെ ജ്ഞാനത്തിന്‌ സാധിച്ചിട്ടില്ല.ഒരു സ്രഷ്ടാവിന്റെ ഉദ്ദേശ്യത്തിന്റെയും കല്‌പനയുടെയും പരിപാടിയുടെയും ഫലമാണ്‌ അതെന്നു മാത്രമെ പറയാനാകൂ.നിര്‍ജ്ജീവപദാര്‍ത്ഥങ്ങളുടെ സംഘാതംകൊണ്ടുമാത്രം ജീവന്‍ ഉത്ഭവിക്കുക സാധ്യമല്ല എന്നാണ്‌ ഇന്നുവരെയുള്ള അംഗീകൃതശാസ്ത്രം.ജീവന്‍ ഒരൊറ്റ രൂപത്തിലും ഘടനയിലും മാത്രമല്ല ഉള്ളത്‌. അത്‌ കണക്കറ്റ വിജാതീയ രൂപങ്ങളില്‍ കാണപ്പെടുന്നു.ഒരു സ്രഷ്ടാവിന്റെ നിര്‍മ്മാണകൗശലം എന്നംഗീകരിക്കുകയല്ലാതെ ജീവന്റെ ഈ അതിവിപുലമായ വര്‍ഗീകരണത്ത വ്യാഖ്യാനിക്കുക സാധ്യമല്ല.ജീവന്‌ ഈ ലക്ഷക്കണക്കിലുള്ള വിജാതീയ രൂപങ്ങള്‍ പ്രദാനം ചെയ്തവന്‍, ഭൂതക്കണ്ണാടിയിലൂടെ മാത്രം കാണാന്‍ സാധിക്കുന്ന സൂക്ഷ്മജീവികള്‍ക്കും, പ്രാണികള്‍, പക്ഷികള്‍, കടല്‍ജീവികള്‍, മൃഗങ്ങള്‍, ചെടികള്‍, വൃക്ഷങ്ങള്‍, മനുഷ്യര്‍ തുടങ്ങിയ എല്ലാത്തിലും ജീവന്‍ നിക്ഷേപിച്ചവനും ഈ അണ്ഡകടാഹത്തെയാസകലം നിര്‍മിച്ചു പരിപാലിക്കുന്നവനും യുക്തിമാനും അജയ്യനു മായ ഒരു സ്രഷ്ടാവുതന്നെയാണെന്ന്‌ അംഗീകരിക്കുകയല്ലാതെ മറ്റേതെങ്കിലും വിധത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയുമോ?ജീവോല്‍പത്തിക്കാവശ്യമായ ഘടകങ്ങളെല്ലാം കൃത്യമായ അനുപാതത്തില്‍ കണിശമായ ചേര്‍ച്ചയോടെ തികച്ചും യാദൃശ്ചികമായി ഒത്തുകൂടി ജീവന്‍ നിലവില്‍ വന്നു എന്ന ചില വാദങ്ങളും ഒരു അശാസ്ത്രീയ സങ്കല്‍പം മാത്രമാണ്‌. യാദൃശ്ചിക സംഭവ്യതയുടെ നിയമമനുസരിച്ചു ഗണിച്ചുനോക്കിയാല്‍ അങ്ങനെ സംഭവിക്കാനുള്ള സാധ്യത കേവലം പൂജ്യമാണ്‌.നിര്‍ജ്ജീവ പദാര്‍ത്ഥങ്ങളില്‍നിന്ന്‌ ജീവികളെ ഉത്‌പാദിപ്പിക്കാന്‍ ശാസ്ത്രഗവേഷണാലയങ്ങളില്‍ ഇന്നുവരെ നടന്നിട്ടുള്ള പ്രവര്‍ത്തനങ്ങളെല്ലാം സാധ്യമായ സൂത്രങ്ങളൊക്കെ പ്രയോഗിച്ചിട്ടും പരാജയപ്പെട്ടിട്ടേയുള്ളു. ആകെക്കൂടെ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ള വസ്തു സാങ്കേതികമായി D.N.A. എന്നു വിളിക്കപ്പെടുന്ന ഒരു ഘടകം മാത്രമാണ്‌. ജീവകോശങ്ങളില്‍ കണ്ടുവരുന്ന ഒരു പദാര്‍ത്ഥമാണിത്‌. ഇതു തീര്‍ച്ചയായും ജീവന്റെ അടിസ്ഥാന ഘടകം തന്നെ. പക്ഷേ, ഇതിനും സ്വയം ജീവനില്ല.

8-സൃഷ്ടി

ഇന്നേവരെ ഭൂമുഖത്ത്‌ പത്ത്‌ ലക്ഷത്തോളം ജീവിവര്‍ഗ്ഗങ്ങളും രണ്ട്‌ ലക്ഷത്തോളം സസ്യവര്‍ഗ്ഗങ്ങളും കണ്ടെത്തപ്പെട്ടിട്ടുണ്ട്‌।ഈ ലക്ഷോപലക്ഷം വര്‍ഗ്ഗങ്ങള്‍ ഓരോന്നും അവയുടെ ആകാരത്തിലും വര്‍ഗ്ഗസവിശേഷതകളിലും തികച്ചും സ്പഷ്ടമായ വ്യതിരിക്തത പുലര്‍ത്തുന്നു. അതി പുരാതനകാലം മുതലേ അവ തങ്ങളുടെ വര്‍ഗ്ഗരൂപം ഇതേവിധം തുടര്‍ന്നുവരികയാണ്‌.രണ്ടുവര്‍ഗ്ഗങ്ങളില്‍ ഒരുവര്‍ഗ്ഗം സ്വന്തം ഘടനയും സവിശേഷതകളും ഉപേക്ഷിച്ച്‌ മറ്റേ വര്‍ഗ്ഗത്തിന്റെ ഘടനാവിശേഷണങ്ങളിലേക്ക്‌ പ്രയാണം ചെയ്യുന്നതിനിടയ്ക്കുള്ള ഒരു കണ്ണിയും കാണാന്‍ കഴിയുന്നില്ല.ഫോസ്സില്‍രേഖകളും അതിനുള്ള തെളിവുകളില്‍നിന്ന്‌ മുക്തമാണ്‌.നിലവിലുള്ള ജന്തുവര്‍ഗ്ഗങ്ങളില്‍ ഇത്തരം നപുംസകങ്ങള്‍ തീരേയുമില്ല. ഇന്നു വരെ കാണപ്പെട്ടിട്ടുള്ള ഏതു ജന്തുവര്‍ഗ്ഗവും അതിന്റെ സമ്പൂര്‍ണ്ണമായ വര്‍ഗ്ഗ ഘടനയോടുകൂടിതന്നെയാണ്‌ കാണപ്പെടുന്നത്‌.ഏതെല്ലാം ജന്തുക്കളെക്കുറിച്ച്‌ അവ പരിണാമപ്രയാണത്തിലെ നഷ്ടപ്പെട്ട കണ്ണിയാണെന്ന്‌ അപ്പപ്പോള്‍ വാദിക്കപ്പെട്ടുവോ, ആ വാദങ്ങളെയെല്ലാം അല്‍പകാലത്തിനുശേഷം യാഥാര്‍ത്ഥ്യങ്ങള്‍ ഊതിപ്പറത്തിക്കളഞ്ഞിരിക്കുന്നു.

9-സൃഷ്ടിയുടെ ആവര്‍ത്തനം

ഓരോ ജീവിയുടെയും സസ്യത്തിന്റെയും ആകാരത്തിലും ഘടനയിലും അദ്ഭുതാവഹമായ യന്ത്രവ്യവസ്ഥയാണ്‌ സ്രഷ്ടാവ്‌ നിക്ഷേപിച്ചിട്ടുള്ളത്‌. ഓരോ വര്‍ഗ്ഗത്തിലെയും എണ്ണമറ്റ അംഗങ്ങള്‍ അതേരൂപവും ഘടനയും കണിശമായി പിന്തുടരുന്നു.കീടങ്ങളുടെപോലും കോടിക്കണക്കിലുള്ള ആ നിര്‍മാണശാലകളില്‍ ഒരു വിസ്‌മൃതിയും ഉണ്ടാകുന്നില്ല.ഒരു വര്‍ഗ്ഗത്തിന്റെ വംശോല്‍പാദനശാലയില്‍ ഒരിക്കലും മറ്റൊരു വര്‍ഗ്ഗത്തിന്റെ സന്തതി ഉല്‍പാദിക്കപ്പെടുന്നില്ല.ആധുനിക പ്രജനനശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങള്‍ ഇവ്വിഷയകമായി അമ്പരപ്പിക്കുന്ന വസ്തുതകളാണ്‌ വെളിപ്പെടുത്തുന്നത്‌.ഓരോ ധാന്യമുളയിലും അതിന്റെ വര്‍ഗ്ഗശൃംഖല ഭാവിതലമുറകളിലേക്കു വ്യാപിക്കുന്നതിന്നാവശ്യമായ സമ്പൂര്‍ണമായ ഏര്‍പ്പാടുകളുണ്ട്‌. അതുമൂലം വരുംതലമുറ അതിന്റെ വര്‍ഗ്ഗപരമായ സവിശേഷതകള്‍ മുഴുവനായും വഹിക്കുന്നു.അതിലെ ഓരോ അംഗവും മറ്റംഗങ്ങളില്‍നിന്ന്‌ തന്റേതായ രൂപത്തിലും സ്വഭാവത്തിലും വ്യതിരിക്തമായിരിക്കും. ഈ വര്‍ഗ്ഗസ്ഥിരതയുടെയും പ്രജനനത്തിന്റെയും മാധ്യമങ്ങള്‍ ഓരോ മുളയിലും ഒരു കോശത്തിന്റെ ഒരുഭാഗത്ത്‌ സ്ഥിതിചെയ്യുന്നു. ശക്തിയേറിയ ഭൂതക്കണ്ണാടിയിലൂടെ മാത്രമേ അത്‌ കാണാന്‍ കഴിയൂ. ഈ ചെറിയ എഞ്ചിനീയര്‍ തികഞ്ഞ കൃത്യതയോടെ മുളയുടെ ചലനങ്ങളെ സ്വന്തം വര്‍ഗ്ഗഗുണങ്ങളുടെ മാര്‍ഗ്ഗത്തിലൂടെ നയിച്ചുകൊണ്ടിരിക്കുകയാണ്‌. അതുകൊണ്ടാണ്‌ ഒരു ഗോതമ്പുവിത്തില്‍നിന്ന്‌ ഇന്നുവരെയുണ്ടായ ഓരോ മുളയും ഗോതമ്പുചെടിതന്നെയായത്‌. ഏതുകാലാവസ്ഥയിലും ഭൂപ്രകൃതിയിലും അത്‌ അങ്ങനെത്തന്നെ തുടരുന്നു.ഇതുതന്നെയാണ്‌ മനുഷ്യന്റെയും മറ്റു ജന്തുക്കളുടെയും അവസ്ഥയും. അവയിലൊരു വര്‍ഗ്ഗവും മുഴുവനായി ഒറ്റയടിക്ക്‌ സൃഷ്ടിക്കപ്പെട്ടതല്ല. പ്രത്യുത, സങ്കല്‍പാതീതമാംവണ്ണം വിപുലമായ തോതില്‍ നനാവശത്തും സൃഷ്ടിയുടെ ആവര്‍ത്തനപ്രക്രിയ അതിഗംഭീരമായ തോതില്‍ അനുസ്യൂതം തുടരുകയാണ്‌.ഓരോ വര്‍ഗ്ഗവും സ്വവര്‍ഗ്ഗത്തില്‍ എണ്ണമറ്റ അംഗങ്ങളെ ഉല്‌പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരാള്‍ പ്രജനനത്തിന്റെയും വംശവര്‍ദ്ധനയുടെയും അതിസൂക്ഷ്മ ബീജത്തെ നിരീക്ഷിക്കുന്നുവെന്നുവെക്കുക. അതു തന്റെ നിസ്സാരമായ ഉണ്മയുടെതന്നെ ഒരു ഭാഗത്തു സ്വന്തം വര്‍ഗ്ഗത്തിന്റെ വ്യതിരിക്തതകളും പൈതൃക ഗുണങ്ങളുമഖിലം സൂക്ഷിച്ചുവെച്ചിരിക്കുന്നു.ഈ വ്യവസ്ഥയും പ്രക്രിയയും വഴിയാണ്‌ ഓരോ വംശബീജവും അതിന്റെ വര്‍ഗ്ഗാംഗങ്ങള്‍ക്ക്‌ അസ്തിത്വം നല്‍കുന്നത്‌.ഇതെല്ലാം കാണുന്ന ഒരാള്‍ക്ക്‌ അതിസൂക്ഷ്മവും സങ്കീര്‍ണ്ണവുമായ ഈ പ്രക്രിയകളൊക്കെ സ്വയം നിലവില്‍ വരികയും അതിനുപുറമെ വിജാതീയ വര്‍ഗ്ഗങ്ങളിലെ കോടാനുകോടി അംഗങ്ങളോരോന്നും സ്വയം ശരിയായി പ്രവര്‍ത്തിക്കുകയുംകൂടി ചെയ്യുക സാധ്യമാണെന്ന്‌ ഒരു നിമിഷം പോലും സങ്കല്‌പിക്കാനാവുമോ?

ദൈവം

മനുഷ്യന്‌ ചുറ്റുമുള്ള ഭൂമിമുതല്‍ ആകാശലോകംവരെയുള്ള പ്രപഞ്ച സാകല്യത്തില്‍ കണക്കറ്റ അടയാളങ്ങള്‍ പരത്തപ്പെട്ടിരിക്കുന്നു.സൂര്യന്‍, ചന്ദ്രന്‍, വായു, വെള്ളം, പറവകള്‍, ഇഴജന്തുക്കള്‍, നാല്‍ക്കാലികള്‍, കൃമികീടങ്ങള്‍, കടല്‍ ജീവികള്‍ തുടങ്ങി സൃഷ്ടികളുടെ ഘടനയിലും സ്വഭാവത്തിലും വിളങ്ങുന്ന ജ്ഞാനത്തിന്റെയും യുക്തിയുടെയും ദൃഷ്‌ടാന്തങ്ങള്‍ അനാവരണം ചെയ്യുന്നത്‌, ഒരു ദൈവമില്ലാതെ ഇവയൊന്നും ഉണ്ടാവുക സാധ്യമല്ലെന്നും, അസ്തിത്വത്തിന്റെ ഈ പ്രവര്‍ത്തനശാലയുടെ നിര്‍മാതാക്കളും നടത്തിപ്പുകാരും പല ദൈവങ്ങളാവുക വയ്യെന്നും വ്യക്തമാക്കുന്നു.പ്രപഞ്ചത്തിന്റെയും അതിലെ സൃഷ്ടിയില്‍ കാണുന്ന അദ്ഭുതങ്ങളും നിഗൂഢതകളും യുക്തികളും, പ്രപഞ്ചസ്രഷ്ടാവിന്റെ മഹത്വത്തിന്റെയും അപാരമായ കഴിവിന്റെയും നിര്‍വിഘ്നം നടന്നുകൊണ്ടിരിക്കുന്ന ദൈവേച്ഛയുടെയും സുവ്യക്തങ്ങളായ ദൃഷ്ടാന്തങ്ങളും സ്പഷ്ടമായ പ്രമാണങ്ങളും തെളിവുകളുമാകുന്നു.അപ്പോള്‍, ഈ ലോകവും അതിലെ ഓരോ വസ്തുവും ലക്ഷ്യനിബദ്ധമാണെങ്കില്‍, ഈ ലോകത്തിലും അതിലെ ഓരോ വസ്തുവിലും ഒരു നിയമം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, കോടാനുകോടി വര്‍ഷങ്ങളായി ഇതൊക്കെ ഇതേ ലക്ഷ്യബദ്ധതയോടെ വ്യവസ്ഥാപിതമായി നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നുവെങ്കില്‍, എങ്കില്‍ സര്‍വജ്ഞനും യുക്തിമാനും സര്‍വശക്തനുമായ ഒരു ദൈവം സൃഷ്ടി ച്ചതാണവയെന്ന വസ്തുത സമ്മതിക്കാതിരിക്കാന്‍ കഴിയുമോ?

ഓരോ സൃഷ്ടിയും അതിനൊരു സ്രഷ്‌ടാവുണ്ടെന്ന്‌ വ്യക്തമായി വിളിച്ചോതുന്നു. സൃഷ്‌ടിയുടെ ഭദ്രതയും ആസൂത്രണവും അവന്റെ ജ്ഞാനത്തെ കുറിക്കുന്നു. അവയുടെ ക്രമീകരണം അവന്റെ ഇച്ഛയേയും ഉദ്ദേശ്യത്തെയും വെളിപ്പെടുത്തുന്നു.ഇതിന്റെ ആരംഭത്തിന്‌ അഭിജ്ഞനായ ഒരു നിര്‍മാതാവുണ്ടാവുകതന്നെവേണം. അനുനിമിഷം ഇവ ശരിയായ രീതിയില്‍ ചരിച്ചുകൊണ്ടിരിക്കുന്നതിന്‌ യുക്തിമാനും അജയ്യനുമായ ഒരു നിയന്താവും വേണം.ഒരു നിമിഷം പോലും ഈ പ്രവര്‍ത്തനശാലയുടെ മേല്‍നോട്ടം വിസ്മരിക്കാത്ത മേലധികാരി!സര്‍വജ്ഞനും യുക്തിമാനും സര്‍വശക്തനുമായ ഒരു ദൈവം!"അല്ലാഹു അവനല്ലാതെ ദൈവമില്ല. നിത്യസജീവന്‍. പ്രപഞ്ച പരിപാലകന്‍. അവനല്ലാതെ ആരാധ്യനില്ല. അവനെ ആലസ്യമോ നിദ്രയോ ബാധിക്കുന്നില്ല. ആകാശ ഭൂമികളിലുള്ളതെല്ലാം അവന്റെതാകുന്നു. അവന്റെ സമക്ഷത്തില്‍ അനുമതികൂടാതെ ശുപാര്‍ശ ചെയ്യുന്നവനായി ആരുണ്ട്‌? സൃഷ്ടികളുടെ മുമ്പ്ലുള്ളതും പിമ്പിലുള്ളതും അവന്‍ അറിയുന്നു. അവനുദ്ദേശിച്ചതല്ലാത്ത യാതൊന്നും അവന്റെ ജ്ഞാനത്തില്‍നിന്ന്‌ അവര്‍ക്ക്‌ കരഗതമാകുന്നില്ല. അവന്റെ സിംഹാസനം ആകാശഭൂമികളോളം വിശാലമായിരിക്കുന്നു. അവയുടെ സംരക്ഷണം അവന്‌ ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.(വിശുദ്ധ ഖുര്‍ആന്‍, 2:255)
കടപ്പാട്‌: പി. അബ്ദുല്ല കുട്ടി

4 comments:

അബ്ദുല്‍ അലി said...

ജീവന്‌ ഈ ലക്ഷക്കണക്കിലുള്ള വിജാതീയ രൂപങ്ങള്‍ പ്രദാനം ചെയ്തവന്‍, ഭൂതക്കണ്ണാടിയിലൂടെ മാത്രം കാണാന്‍ സാധിക്കുന്ന സൂക്ഷ്മജീവികള്‍ക്കും, പ്രാണികള്‍, പക്ഷികള്‍, കടല്‍ജീവികള്‍, മൃഗങ്ങള്‍, ചെടികള്‍, വൃക്ഷങ്ങള്‍, മനുഷ്യര്‍ തുടങ്ങിയ എല്ലാത്തിലും ജീവന്‍ നിക്ഷേപിച്ചവനും ഈ അണ്ഡകടാഹത്തെയാസകലം നിര്‍മിച്ചു പരിപാലിക്കുന്നവനും യുക്തിമാനും അജയ്യനു മായ ഒരു സ്രഷ്ടാവുതന്നെയാണെന്ന്‌ അംഗീകരിക്കുകയല്ലാതെ മറ്റേതെങ്കിലും വിധത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയുമോ?

കൊട്ടുകാരന്‍ said...

. മൃഗങ്ങളെപ്പോലെ ചുറ്റുപാടുകളെ നോക്കിക്കണ്ട കാലത്ത് പ്രാകൃത മനുഷ്യര്‍ ചിന്തിച്ച കാര്യങ്ങള്‍ തന്നെയാണ് കുറേ വാചകക്കസര്‍ത്തുകളുടെ അകമ്പടിയോടെ ഇതിലും അവതരിപ്പിച്ചിട്ടുള്ളത്. പ്രപഞ്ചപ്രതിഭാസങ്ങളെക്കുറിച്ച് ആധുനിക മനുഷ്യന്‍ ശാസ്ത്രീയ മാര്‍ഗ്ഗത്തില്‍ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ചൊന്നും മനസ്സിലാക്കാതെ പണ്ടാരോ എഴുതിവെച്ച വിഡ്ഡിത്തങ്ങള്‍ ആവര്‍ത്തിക്കുകയാണിവിടെയും ചെയ്തിട്ടുള്ളത്.

1. സൂക്ഷ്മവും കണിശവും വ്യക്തവും വ്യവസ്ഥാപിതവുമായ ആസൂത്രണം പ്രപഞ്ചത്തില്‍ കാണുന്നുണ്ടോ?

മൃഗത്തെപ്പോലെ പ്രപഞ്ചത്തെ നോക്കിക്കാണുന്നവരുടെ നിരീക്ഷണമാണിത്, പ്രപഞ്ചത്തില്‍ അങ്ങനെയൊരു സൂക്ഷ്മവ്യവസ്തയും കാണാന്‍ കഴിയില്ല എന്നതാണു വസ്തുത . ക്രമമില്ലാത്ത ഒരു പൊട്ടിത്തെറി പോലെയാണ് പ്രപഞ്ചഘടന. ഇപ്പോഴും പലഭാഗത്തും നക്ഷത്രങ്ങളും മറ്റും പൊട്ടിത്തെറിക്കുന്നുണ്ട്;. കൂട്ടിമുട്ടുന്നുണ്ട്;.പുതിയവ ഉണ്ടാകുന്നു; .പലതും നശിക്കുന്നു. പൊട്ടിച്ചിതറുന്ന ഒരു കണികയില്‍ ഇരുന്നുകൊണ്ടു നോക്കുമ്പോള്‍ അതിനു ക്രമവും വ്യവസ്ഥയും ഉണ്ടെന്നു നമുക്കു തോന്നുകയാണ്. കോടിക്കണക്കിനു വര്‍ഷങ്ങള്‍ നീണ്ട ഒരു കാലയളവിനെ സമയത്തിന്റെ ഒരു ചെറിയ യൂണിറ്റായി കാണുകയും പൊട്ടിത്തെറിക്കുന്ന പ്രപഞ്ചത്തെ പുറത്തുനിന്നു നോക്കുകയും ചെയ്താലേ അതിന്റെ ക്രമമില്ലായ്മ നമുക്കു കാണാന്‍ കഴിയൂ. പൊട്ടക്കിണറ്റിലെ തവളയുടെ അവസ്ഥയിലാണു നാം ഇതൊക്കെ നോക്കിക്കാണുന്നത്.

ഇനി കുര്‍ ആനില്‍ നിന്നു പകര്‍ത്തിയ ഉദാഹരണങ്ങള്‍ തന്നെ നോക്കാം. പര്‍വ്വതങ്ങളും മഴക്കാറും മഴയും ജീവജാലങ്ങളുമൊക്കെ യാണല്ലോ ദൃഷ്ടാന്തങ്ങളായി പറയുന്നത്. ജീവജാലങ്ങളുടെ ആവശ്യമനുസരിച്ച് വെള്ളം എത്തിച്ചു കൊടുക്കാന്‍ മഴ പെയ്യുകയല്ല ; മറിച്ചാണ് സംഭവിക്കുന്നത്. മഴ പെയ്യുന്ന സ്ഥലങ്ങളില്‍ വെള്ളത്തിന്റെയും മറ്റനുകൂല സാഹചര്യങ്ങളുടെയും ലഭ്യതക്കനുസരിച്ച് ജീവജാലങ്ങള്‍ പരിണമിച്ചുണ്ടാവുകയാണ്. മഴ കുറഞ്ഞ ഭാഗങ്ങളില്‍ ആ പരിതസ്ഥിതിക്കനുയോജ്യമായ ജൈവ പരിണാമം നടക്കുന്നു. തീരെ വെള്ളം ലഭിക്കാത്ത സ്ഥലങ്ങള്‍ മരുഭൂമിയാകുന്നു. ഒരു തോല്‍പ്പാത്രം വെള്ളത്തിനായി യുദ്ധം ചെയ്തിരുന്നു നബിയുടെ കാലത്ത് അറബികള്‍. അതേ സമയം മഴ ആവശ്യമില്ലാത്ത സമുദ്രത്തിലും മറ്റും അക്കാലത്തും ധാരാളം മഴ പെയ്തിരുന്നു. ഇപ്പോഴും മനുഷ്യന്റെയോ മറ്റു ജീവികളുടെയോ ആവശ്യമനുസരിച്ചല്ല മഴ പെയ്യുന്നത്. ആവശ്യത്തിനു മഴ കിട്ടാതെ കൃഷി നശിക്കുന്നതും അതു തടയാന്‍ നമ്മള്‍ പ്രകൃതിവിരുദ്ധമായ ജലശേഖരണമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുന്നതും അല്ലാഹു വേണ്ട അളവിലും ക്രമത്തിലും വെള്ളം കോരിത്തരാത്തതുകൊണ്ടാണല്ലോ! കേരളത്തിലെ കാലാവസ്ഥ തന്നെ നോക്കാം. ആവ്ശ്യത്തിലധികം മഴപെയ്ത് വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും ദുരിതം സ്ര്ഷ്ടിക്കുകയും വേനല്‍ക്കാലത്ത് വരള്‍ച്ച വന്ന് നരകിക്കുകയും ചെയ്യുന്നു. പശ്ചിമഘട്ടത്തിനപ്പുറത്തേക്കു മേഘത്തിനു പോകാന്‍ കഴിയാത്തതിനാല്‍ അപ്പുറത്ത് ഭൂമി തരിശായിക്കിടക്കുന്നു. എവിടെ ഇതിനൊക്കെ ക്രമവും വ്യവസ്ഥയും ? ഭൂകമ്പങ്ങളുണ്ടായി എത്രപേരാണ് ഓരോ കൊല്ലവും മരിക്കുന്നത്?
ഭൂമിയില്‍ മനുഷ്യനും ജീവികളും ഉടലെടുത്തിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു.[ഏതാനും ദശലക്ഷം കൊല്ലങ്ങള്‍ മാത്രം.].എന്നാല്‍ അതിനു മുമ്പ് കോടിക്കണക്കിനു വറ്ഷങ്ങള്‍ ഭൂമി ചുട്ടു പഴുത്ത ഒരു ഗോളമായി നിലനിന്നിരുന്നു. അതിനും മുമ്പ് എത്രയോ കോടി കോടി വറ്ഷം അത് സൂര്യന്റെ ഭാഗമായും മറ്റു നക്ഷത്രങ്ങളുടെ ഭാഗമായും പ്രപഞ്ചത്തില്‍ ഒഴുകിനടന്നിട്ടുണ്ടാകാം. മനുഷ്യന്‍ എന്ന ഒരു ജീവിക്കു വേണ്ടി ബോധപൂര്‍വ്വം ഒരു `ആള്‍`‍ദൈവം ആസൂത്രണം ചെയ്തതാണു ഭൂമിയെങ്കില്‍ അത് അനുയോജ്യമായ വിധത്തില്‍ സംവിധാനിച്ച് അങ്ങ് വെച്ചാല്‍ പോരേ? എന്തിനിത്രയും കാലവും ദ്ര്രവ്യവും ഊര്‍ജ്ജവും പാഴാക്കണം? ഭൂമിയെക്കാള്‍ നൂറു മടങ്ങ് വലിപ്പമുള്ള മറ്റനേകം ഗ്രഹങ്ങള്‍ ഉണ്ട്. സൂര്യന്‍ ഭൂമിയുടെ ലക്ഷക്കണക്കിനിരട്ടി വലിപ്പമുണ്ട്. സൂര്യനെക്കാള്‍ വലിയ പതിനായിരം കോടി നക്ഷത്രങ്ങള്‍ നമ്മുടെ ഗാലക്സിയില്‍ മാത്രമുണ്ട്. അതുപോലുള്ള പതിനായിരം കോടിയില്‍ പരം ഗാലക്സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം അല്ലാഹു ഉണ്ടാക്കിയതാണോ? അതിനൊക്കെയുള്ള കഴിവ് ഖുര്‍ ആന്‍ പരിചയപ്പെടുത്തുന്ന ആ കുട്ടിദൈവത്തിനുണ്ടോ? മനുഷ്യനു വേണ്ടിയാണോ ഇക്കണ്‍ട നക്ഷത്രക്കൂട്ടങ്ങളുടെ കൂട്ടങളുടെ ......കൂട്ടങ്ങളൊക്കെ ഉണ്ടാക്കി വെച്ചിട്ടുള്ളത്? എന്തിന്‍? “നീയാണു വലിയവന്‍ ,നീ തന്നെയാണു മഹാന്‍“ എന്നു നമ്മള്‍ അങേരെ സ്തുതിച്ചുകൊണ്ടിരിക്കാന്‍!!!! ഹായ് എന്തൊരു വിഡ്ഡിത്തം കൂട്ടരേ നിങ്ങള്‍ പറയുന്നത്!
 സൂക്ഷ്മവും കണിശവുമായ ആസൂത്രണം നടത്തിയാണിതൊക്കെ നിര്‍മ്മിച്ചതെങ്കില്‍ ഇത്രയേറെ പാകപ്പിഴകളും അപൂര്‍ണ്ണതകളും ഈ പ്രപഞ്ചത്തിനു വന്നതെന്തുകൊണ്ട്? അല്‍ഭുതവ്യവസ്ഥ എന്ന പ്രയോഗം തന്നെ അര്‍ഥശൂന്യമാണെന്നു ശാസ്ത്രത്തിന്റെയും മതങ്ങളുടെയും ചരിത്രം ബോധ്യപ്പെടുത്തുന്നില്ലേ? എന്താണീ അല്‍ഭുതം ? നമ്മള്‍ക്കു മനസ്സിലാകാത്തതെല്ലാം നമ്മള്‍ക്ക് അല്‍ഭുതമാണ്‍. നബിയുടെ കാലത്ത് മഴയും ഇടിയും കാറ്റും ചന്ദ്രനും സൂര്യഗ്രഹണവും ഒക്കെ അല്‍ഭുതങ്ങളായിരുന്നു. അതിനാല്‍ അതൊക്കെ മലക്കുകളുടെ പണിയായും അല്ലാഹുവിന്റെ ശിക്ഷയായുമൊക്കെ വ്യാഖ്യാനിക്കപ്പെട്ടു. പ്രകൃതിപ്രതിഭാസങ്ങളെപ്പറ്റി ഖുര്‍ ആനില്‍ എഴുതി വെച്ചിട്ടുള്ള പമ്പരവിഡ്ഡിത്തങ്ങള്‍ അന്നത്തെ മനുഷ്യരുടെ അജ്ഞതയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. ഇതെല്ലാം മനസ്സിലായിട്ടും വ്യാഖ്യാനക്കസര്‍ത്തുകാട്ടി പാമരജനങ്ങളെ പറ്റിച്ച് കാശുണ്ടാക്കുകയാണിക്കൂട്ടരെല്ലാം ചെയ്യുന്നത്. പാവം ജനത്തിന് ഈ തട്ടിപ്പുകാരെ തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നു മാത്രം!
ഓക്സിജന്‍ നമ്മള്‍ക്കു ശ്വസിക്കാനുണ്ടാക്കിയതാണ്, കടല്‍ നമുക്ക് മീന്‍ പിടിക്കാനും മാലമണി പെറുക്കാനും ഊണ്ടാക്കിയതാണ്, നക്ഷത്രങ്ങള്‍ നമുക്ക് ദിക്കറിയാനും കാലമളക്കാനുമാണുണ്ടാക്കിയിരിക്കുന്നത്,തുടങ്ങിയ ബാലിശവാദങ്ങള്‍ ഇക്കാലത്ത് ബുദ്ധിയുള്ളവരാരും ഉന്നയിക്കുകയില്ല. ഒന്നാംക്ലാസിലെ കുട്ടിയോട് മഴ പെയ്യുന്നതെന്തിനാണ്? എന്നു ചോദിച്ചാല്‍ അതു സ്ലെയ്റ്റ് മായ്ക്കാനാണെന്നു ഉത്തരം പറയുന്നതിനെക്കാള്‍ ബാലി ശമാണ് ഖുര്‍ ആനിലെ ദൃഷ്ടാന്തം പറച്ചിലുകള്‍ പലതും. അതെല്ലാം എടുത്ത് പരത്തിയിരിക്കുകയാണിവിടെ.

ഒക്സിജന്‍ ഉണ്ടായതുകൊണ്ട് ജീവകോശങ്ങള്‍ പരിണമിച്ചുണ്ടാവുകയാണു ചെയ്തത്. അല്ലാതെ നമ്മള്‍ക്കു ശ്വസിക്കാന്‍ വേണ്ടി ഓക്സിജന്‍ ഉണ്ടാക്കുകയല്ല. പരിണാമം ഇന്നും തുടര്‍ന്നു കോണ്ടിരിക്കുന്നു എന്നതു തന്നെ സൂക്ഷ്മാസൂത്രകനായ ഒരു സ്രഷ്ടാവിന്റെ അഭാവത്തെയാണു തെളിയിക്കുന്നത്. എല്ലാം ആദ്യമേ പൂര്‍ണരൂപത്തില്‍ പ്ലാന്‍ ചെയ്തതാണെങ്കില്‍ പൂര്‍ണത തേടിയുള്ള പരിണാമം ആവശ്യമില്ലല്ലോ.

ഭൂമിയില്‍ ഒരു പദാര്‍ത്ഥത്തിലും സ്വയം വളരാനും വികസിക്കാനുമുള്ള ശക്തിയില്ല പോലും! .ആരു പറഞ്ഞു തന്നു ഈ വിഡ്ഡിത്തം.?
ആങ്ങനെയുള്ള ശക്തി, വളരുന്ന എല്ലാ പദാര്‍ത്ഥങ്ങളിലും ഉണ്ട്. ജൈവ പദാര്‍ത്ഥങ്ങള്‍ രൂപപ്പെടാന്‍ കാരണമായത് കാര്‍ബണ്‍ ഉള്‍‍പ്പെടെയുള്ള മൂലകങ്ങളുടെ വന്തോതില്‍ സംയോജിക്കാനുള്ള ഘടനാപരമായ സവിശേഷതയല്ലേ? ജൈവരസതന്ത്രത്തിന്റെ ബാലപാഠങ്ങളെങ്കിലും അറിയുന്നവരോട് ചോദിച്ചു നോക്കുക. വിത്തുകളെല്ലാം മുളയ്ക്കാതെ കിടക്കുമ്പോള്‍ അവ നിര്‍ജ്ജീവമാണെന്ന ഖുര്‍ ആന്റെ വാദവും വിവരക്കേടാണ്. ജീവന്‍ ഒരു അല്‍ഭുതമായിരുന്ന കാലമൊക്കെ പോയി . കൃത്രിമമായി ജീവന്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ശാസ്ത്രകാരന്മാര്‍ക്കുറപ്പായിക്കഴിഞ്ഞു. അതും ഖുര്‍ ആനിലുണ്ട് എന്നു കണ്ടു പിടിക്കാനുള്ള ഗവേഷണങ്ങളില്‍ ഇപ്പോള്‍ തന്നെ ഏര്‍പ്പെട്ടവരുണ്ടാകും!

എല്ലാ ജീവികള്‍ക്കും ഇണകളുണ്ടത്രേ! ഇണചേരാതെ അലൈമ്ഗിക പ്രത്യുല്പാദനം നടത്തുന്ന നിരവധി ജീവികളുണ്ടെന്ന കാര്യം പാവം സര്‍വ്വജ്ഞാനിക്കറിയില്ല! പരിണാമം അശാസ്ത്രീയമാണെന്നു വാദിക്കാനായി, എല്ലാ ജീവികളും തമ്മിലുള്ള വ്യതിരിക്തത ചൂണ്ടിക്കാണിക്കുന്നവര്‍ ജീവികള്‍ തമ്മിലുള്ള സാമ്യവും ക്രമാനുഗതമായ വികാസത്തിന്റെ വ്യക്തമായ തെളിവുകളും കണ്ടില്ലെന്നു നടിക്കുന്നു.

ഓരോ ജീവിയെയും എന്താവശ്യത്തിനു വേണ്ടി സൃഷ്ടിച്ചോ,ആ ആവശ്യത്തിനനുസരിച്ച ശരീരപ്രകൃതിയാണത്രേ അവക്കുള്ളത്. അല്ലാഹുവിനെ സ്തുതിക്കാനും നിസ്കരിക്കാനും വേണ്ട അവയവങ്ങള്‍ മാത്രം മതിയായിരുന്നല്ലോ മനുഷ്യര്‍ക്ക്. ചിന്തിക്കാന്‍ ബുദ്ധി കൊടുക്കാതെ ഒരു നിസ്കാര യന്ത്രം ഉണ്ടാക്കിയാല്‍ മതിയായിരുന്നു. ഓരോ ജീവിക്കും ഇപ്പോഴുള്ള ശരീരഘടന അന്യൂനമാണെന്ന മഹാവിഡ്ഡിത്തവും അദ്ദേഹം ഉന്നയിക്കുന്നു. ലക്ഷകണക്കിനു വര്‍ഷങ്ങളിലൂടെ അനേകായിരം തലമുറകളിലൂടെ പരിണമിച്ച ജീവികള്‍ അവയുടെ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ക്കനുസരിച്ച് ഉള്‍പ്പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാകുന്നു എന്നു ശാസ്ത്രം തെളിയിച്ചിട്ടു കാലമെത്രയായി. എല്ലാ സൃഷ്ടിയും അന്യൂനമാണെങ്കില്‍ അവ പൂര്‍ണത തേടി വികസിക്കുന്നതെന്തിന്? മറ്റു ജീവികള്‍ പോകട്ടെ ;മനുഷ്യന്റെ ശരീരഘടന അന്യൂനമാണെന്ന് വിവരമുള്ളവരാരെങ്കിലും പറയുമോ?


ഒരു പാമ്പ് എത്ര വേഗത്തില്‍ ഓടിയാലും വീണ് എല്ലൊടിയാറില്ല. എന്നാല്‍ മനുഷ്യനോ; ഒരിക്കലെങ്കിലും കയ്യോ കാലോ ഒടിയാത്തവര്‍ വിരളമായിരിക്കും! ഒരു പട്ടിക്ക് ഒരിക്കല്‍ മണം പിടിച്ചാല്‍ ആ മണം ഉപയോഗിച്ച് എത്ര പേരെയും തിരിച്ചറിയാന്‍ കഴിയും .മനുഷ്യനു മണം കൊണ്ട് മനുഷ്യരെപ്പോലും അറിയാനാവില്ല. പക്ഷികള്‍ക്ക് അവരിച്ഛിക്കുന്നേടത്തെല്ലാം അതിവേഗത്തില്‍ പറന്നെത്താം .ഒരുചിറകുപോലും ഇല്ലാത്ത മനുഷ്യന്റെ ശരീരം എങ്ങനെ അന്യൂനമാകും? പരുന്തിന്റെ കാഴ്ച്ചയുടെ അടുത്തൊന്നും എത്തുകയില്ല നമ്മുടെ കണ്ണിന്റെ ശേഷി, അതും പകുതിയോളം പേര്‍ക്കെങ്കിലും കണ്ണട വേണം എന്നതാണു സ്ഥിതി. പല തരം വൈകല്യങ്ങളോടെ ജനിക്കുന്നവരാണു 10% പേര്‍. തലയൊട്ടിയവരും കാലില്ലാത്തവരും ഗുരുതരമായ ബുദ്ധിമാന്ദ്യം ഉള്ളവരും മറ്റും മറ്റുമായി എത്ര എത്ര ന്യൂനതകള്‍ !! ഓരോ ജീവിയും അതിനുള്ള ഘടനക്കും കഴിവിനും അനുസരിച്ച് ഉള്ളതുകൊണ്ട് തൃപ്തിയടഞ്ഞു ക്ഴിഞ്ഞു കൂടുകയാണു ചെയ്യുന്നത്. കൂടുതല്‍ ശേഷികള്‍ നേടാനായി സ്വയം പരിണമിക്കുകയും ചെയ്യുന്നു.

ചെരുപ്പിനൊപ്പിച്ചു കാലു ചെത്തുന്ന വ്യാഖ്യാനക്കസര്‍ത്തുകളാണു മതവക്താക്കള്‍ നടത്തുന്നത്.
ഇനി അബ്ദുല്‍ അലി നിരത്തുന്ന വാദങ്ങളൊക്കെ സമ്മതിച്ച് ഒരു സ്രഷ്ടാവുണ്ടെന്നു തന്നെ വെക്കുക. ആ സ്രഷ്ടാവിന്റെ ഏകത്വം എന്ന വാദത്തില്‍ എന്തു യുക്തിയാണുള്ളത്? ഒന്നിലധികം പേര്‍ ചേര്‍ന്ന് ഇതൊക്കെ ഉണ്ടാക്കിയാല്‍ എന്താ പ്രശ്നം ? മനുഷ്യര്‍ തന്നെ വലിയ കെട്ടിടങ്ങളും പാലങ്ങളുമൊക്കെ ഉണ്ടാക്കുന്നത് ഒറ്റക്കാണോ? വലിയ ഒരു നഗരം ആസൂത്രണം ചെയ്യുന്നത് ഒരു എഞിനീയര്‍ ഒറ്റക്കിരുന്നാണോ? കുറേയാളുകള്‍ കൂടി ചര്‍ച്ച ചെയ്തുണ്ടാക്കുമ്പോഴല്ലേ കൂടുതല്‍ നന്നാവുക? സര്‍വ്വശക്തന്‍ എന്ന സങ്കല്‍പ്പം തന്നെ അര്‍ഥശൂന്യമാണെന്നു ഖുര്‍ ആനിലെ വൈരുദ്ധ്യങ്ങള്‍ തെളിയിക്കുന്നുല്ലേ? എന്തുണ്ടാക്കാനും `കുന്‍ ‍` എന്നു പറഞ്ഞാല്‍ മതിയെന്നു വീമ്പു പറയുകയും ;അതേ സമയം തനിക്ക് ഒരുപാടു മലക്കുകളുടെ സഹായം വേണമെന്നും മനുഷ്യരും തന്നെ സഹായിക്കണമെന്നുമൊക്കെ പറയുന്ന അല്ലാഹു എങ്ങനെ സര്‍വ്വശക്തനാകുന്നത്?
സര്‍വ്വോപരി, ഇത്രയൊക്കെ യുക്തിയും കഴിവും ഉള്ള ഒരു അളല്ലാഹു തനിയെ അങ്ങുണ്ടായി എന്നു പറയുന്നതിന്റെ യുക്തിയോ?

കൊട്ടുകാരന്‍ said...

ജബ്ബാര്‍ മാഷിന്റെ ബ്ലോഗിനു പാര പണിതു അല്ലേ?
ഇനി ഗോളിയില്ലാത്ത പോസ്റ്റിലേക്ക് പെനാല്‍ട്ടി അടിച്ച് ജയിക്കാമല്ലോ!

അബ്ദുല്‍ അലി said...

മനുഷ്യരും മലക്കുകളും തന്നെ സഹായിക്കണം എന്ന് അല്ലാഹു ഒരിക്കലും പറഞ്ഞിട്ടില്ല, അങ്ങനെ വ്യഖ്യാനിച്ചത്‌ നിങ്ങളുടെ തെറ്റ്‌. ഇത്തരം വ്യഖ്യാനങ്ങള്‍ വായിച്ചത്‌കൊണ്ടാവാം നിങ്ങളുടെ നിരീക്ഷണങ്ങളും വക്രമായി പോയത്‌.

മനുഷ്യനിര്‍മ്മിതമായതെല്ലാം എതാനും വര്‍ഷങ്ങള്‍ക്ക്‌ മാത്രം പ്രസക്തമായതാണ്‌. അത്‌ കഴിഞ്ഞാല്‍ നൂതനമായത്‌ നാം കണ്ടുപിടിക്കുന്നു, നിര്‍മ്മിക്കുന്നു. എന്നാല്‍ മനുഷ്യന്റെ സൃഷ്ടിപ്പില്‍ ഇന്ന് വരെ ഒരു കുറവും വന്നിട്ടില്ല. ഒന്നും കൂട്ടുകയോ, കുറക്കുകയോ ചെയ്തിട്ടുമില്ല.

ദുരിതങ്ങളും, പ്രയാസങ്ങളും തന്ന് ദൈവം നമ്മെ പരീക്ഷിക്കുന്നു എന്ന് എന്റെ ഉത്തരം നിങ്ങള്‍ക്ക്‌ മതിയാവില്ല, പക്ഷെ ഇനിയങ്ങോട്ട്‌ പ്രകൃതിദുരന്തങ്ങളുടെ നിണ്ടനിരതന്നെ നമ്മുക്ക്‌ ദര്‍ശിക്കാം. അതിനുള്ള കാരണവും നിങ്ങള്‍ നിരാകരിക്കുന്ന ഈ പരിശുദ്ധ ഗ്രന്ഥത്തിലുണ്ട്‌.

പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട്‌ നാം അനുഭവിക്കുന്ന "ബാഹ്യലോകം" വെറും മിത്താണെന്ന് ശാസ്ത്രം തെളിയിക്കുന്നു. മനുഷ്യന്റെ ബുദ്ധിയില്‍, വൈദ്യുത തരംഗങ്ങള്‍കൊണ്ട്‌ സൃഷ്ടിക്കുന്ന മായികലോകം മാത്രമാണ്‌ ഇന്ദ്രിയങ്ങള്‍കൊണ്ട്‌ നാം അനുഭവിക്കുന്ന ഈ "ലോകം". ഈ സത്യം അംഗികരിച്ചാല്‍ നിങ്ങളുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരവസ്ഥ വരികയാണ്‌.

ശാസ്ത്രം പുതിയതെന്നും സൃഷ്ടിക്കുന്നില്ല. ഉള്ളത്‌ കണ്ട്‌ പിടിക്കുന്നു, അതും അപൂര്‍ണമായി. ഓക്സിജ്ജനും ഹൈഡ്രജ്ജനും കൂടിയതാണ്‌ ജലം. എങ്കില്‍ എന്ത്‌ കൊണ്ട്‌ ഈ വായുവിലെ ഓക്സിജ്ജനും ഹൈഡ്രജ്ജനും കൂടികലര്‍ന്ന് അന്തരീക്ഷം മുഴുവന്‍ ജലമാവുന്നില്ല. വെള്ളത്തില്‍ മനുഷ്യന്‌ ശ്വാസം കിട്ടാത്തത്‌ ഓക്സിജ്ജന്‍ ഇല്ലാഞ്ഞിട്ടാണോ, ജലജീവികള്‍ എങ്ങനെ ഓക്സിജ്ജന്‍ ശ്വസിക്കുന്നു. വായുവിലെ ഓക്സിജ്ജന്‍ എന്ത്‌കൊണ്ട്‌ മല്‍സ്യത്തിന്‌ ഉപകരിക്കുന്നില്ല. കടല്‍ എന്ത്‌ കൊണ്ട്‌ പരിധി ലംഘിക്കുന്നില്ല. രണ്ട്‌ കടലുകള്‍ തമ്മില്‍ വ്യക്തമ്മയി വേര്‍ത്തിരിച്ച്‌ വെച്ചത്‌ ഇന്നലെയാണ്‌ ശസ്ത്രം കണ്ടത്‌. അത്‌ ആര്‌ ചെയ്തു?. ശാസ്ത്രത്തിലൂടെ ഉത്തരം പറയല്ലെ മാഷെ, ചോദ്യങ്ങള്‍ ഇനിയുമുണ്ടാവും.

പ്രാകൃത മനുഷ്യനെക്കാള്‍ തരംതാണ മൃഗങ്ങളാണ്‌ ഇന്ന് ആധുനിക മനുഷ്യന്‍. അതിന്‌ ദൈവത്തെയാണോ കുറ്റം പറയുക?.

ഡാര്‍വിന്‍ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന കൊട്ടുകാരാ, മനുഷ്യന്റെ പിതാവായ കുരങ്ങന്‍ എങ്ങിനെയുണ്ടായി?, ഒരുപാട്‌ ചോദ്യങ്ങള്‍ക്ക്‌ ഒരുത്തരം, അതാണ്‌ ആദം നബി. സൃഷ്ടാവ്‌ അല്ലാഹൂമാത്രം. വൈരുദ്ധ്യങ്ങളില്ല, വിഭാഗിയതയില്ല.

അല്ലാഹുവിന്റെ എകത്വം നാം ചര്‍ച്ചചെയ്തു കഴിഞ്ഞതാണ്‌, വീണ്ടും വീണ്ടും അവര്‍ത്തിച്ച്‌ വായനക്കാരെ വിഷമിപ്പിക്കുന്നില്ല.

കൊട്ടുക്കാരനോട്‌ ഒരപേക്ഷയുണ്ട്‌. ഗോളിയില്ലാത്ത പോസ്റ്റിലേക്ക്‌ പന്തടിക്കുന്നവന്റെ ഉപമ വളരെ നന്നായി. വ്യക്തിഹത്യക്ക്‌ മുതിരരുത്‌. അത്‌ എന്റെ ലക്ഷ്യത്തെ തകര്‍ക്കും എന്ന് ബോധമുണ്ട്‌. കൊട്ടും കുഴലുമായി, അലക്ഷ്യ ജീവിതം നയിക്കുന്നവര്‍ക്കുള്ള മറുപടിയല്ല ഇത്‌. പകരം അടച്ച്‌ വെച്ചിട്ടില്ലാത്ത തുറന്ന ഹൃദയമുള്ളവര്‍ക്ക്‌, ഗ്രഹിക്കുവാനുള്ള ശേഷിയുള്ളവര്‍ക്ക്‌, അക്ജ്ഞത അകറ്റുവാനുള്ള ഒരു ചെറിയ സഹായം മാത്രം. ഞാന്‍ നിങ്ങള്‍ക്ക്‌ സിന്ദാബാദ്‌ വിളിക്കണമെന്ന വ്യമോഹം, ചിലവഴിക്കാതെ മടക്കിവെക്കുക മാത്രമേ നിവൃത്തിയുള്ളൂ.

പാരപണിയുവാന്‍ ഇതെന്താ മാഷെ, വല്ല...... നിങ്ങളുടെ വിശ്വാസങ്ങളോക്കെ തെറ്റാണെന്ന് മനസ്സില്ലാക്കുവാനുള്ള സാമന്യ ബുദ്ധിപോലും നിങ്ങള്‍ക്കില്ലാതെ പോയി. കഷ്ടം.

നിങ്ങളെ മുസ്ലിമാക്കുകയും, അല്ലാഹുവില്‍ വിശ്വസിപ്പിക്കുകയും ചെയ്യുക എന്നതല്ല എന്റെ ലക്ഷ്യം, നിങ്ങളുടെ പാപ്പത്തിന്റെ ഭാരം ചുമക്കുവാന്‍ ഞാന്‍ വരില്ല. എന്റെ പുണ്യത്തിന്റെ പങ്ക്‌ ഞാന്‍ നിങ്ങള്‍ക്ക്‌ തരികയുമില്ല.

ഓരോ വിഷയവും ലളിതമായി, വിശദമായി ഞാന്‍ പോസ്റ്റ്‌ ചെയ്യുന്നുണ്ട്‌, കാത്തിരിക്കുക. നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും അവിടെയുണ്ടാവും.