Monday, November 5, 2007

ഖുര്‍ആനിലെ ശാസ്ത്രസൂചനകള്‍ -5 - ഭൂമി (2)

വിസ്മയകരമായ ദൈവികദൃഷ്ടാന്തം

മനുഷ്യചിന്തക്കു മുമ്പില്‍ അത്ഭുതകരമായ ദൈവികദൃഷ്ടാന്തങ്ങളാണ്‌ ഈ സംവിധാനം വഴി പ്രപഞ്ചസ്രഷ്ടാവ്‌ ചെയ്തിരിക്കുന്നത്‌. ഭൂമി മറ്റു ഗ്രഹങ്ങളെപ്പോലെ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയാണ്‌. അതിന്മേലാകട്ടെ വലിയ പര്‍വതങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നു. അതില്‍നിന്ന്‌ വന്‍നദികള്‍ ഉറകൊണ്ട്‌ ഒഴുകിക്കൊണ്ടിരിക്കുന്നു. ഭൂമിയുടെ വ്യത്യസ്ത മേഖലകളില്‍ വിവിധ തരം സസ്യങ്ങളും വൃക്ഷങ്ങളും ഒരേ ജലത്തില്‍നിന്ന്‌ മുളപൊട്ടി പടരുന്നു. അങ്ങേയറ്റം വ്യവസ്ഥാപിതമായ രീതിയില്‍ ദിനരാത്രങ്ങള്‍ മാറിമാറി വരുന്നു. ആകാശലോകത്തെ മറ്റു ഗ്രഹങ്ങളുമായി ഭൂമി പലവിധത്തിലും സമ്പര്‍ക്കമ്പുലര്‍ത്തിക്കൊണ്ടിരിക്കുന്നു. കണക്കറ്റ ജീവജാലങ്ങള്‍ അതിന്റെ വിവിധ മേഖലകളില്‍ ജീവിച്ചുകൊണ്ടിരിക്കുന്നു. ഇവയെല്ലാം ചേര്‍ന്ന്‌ പരസ്പരം സഹകാരിതയോടെ ജീവിക്കുകയും ഭൂമിയുടെ സംതുലനം സാധ്യമാക്കുകയും ചെയ്യുന്നത്‌ ചിന്തിക്കുന്ന ആരിലും ദൈവികദൃഷ്ടാന്തങ്ങളുടെ മഹത്വം ബോധ്യപ്പെടുത്തുന്നതാണ്‌.

ഭൂമിയുടെ മേല്‍ത്തട്ടിനോട്‌ ചേര്‍ന്ന്‌ മനുഷ്യനും ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും ആവശ്യമായ അനേകം ധാതുപദാര്‍ഥങ്ങളും രാസപദാര്‍ഥങ്ങളും നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. അത്തരം പദാര്‍ഥങ്ങളില്ലാത്ത സ്ഥലങ്ങള്‍ ജീവികള്‍ക്ക്‌ വാസയോഗ്യമാവുകയില്ല.

ആകര്‍ഷണ ശക്തി
ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നതിനാവശ്യമായ ഘടകങ്ങളാകുന്നു ജലം, വായു, മറ്റു ധാതുലവണങ്ങള്‍. ഇവയും ചന്ദ്രന്‍, സൂര്യന്‍ എന്നിവകളില്‍നിന്നുള്ള മറ്റു പദാര്‍ഥങ്ങളും സഹകരിച്ചെങ്കില്‍ മാത്രമേ ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുകയുള്ളൂ. അവ പരസ്‌പരം സംയോജിപ്പിക്കുന്നതിനു വേണ്ടി ഭൂഗോളത്തിന്‌ സ്രഷ്ടാവ്‌ ശക്തമായ ആകര്‍ഷണ ശക്തി നല്‍കിയിരിക്കുന്നു. ഇത്‌ അല്‍പം കുറഞ്ഞുപോയാല്‍ വായുവിനെയും വെള്ളത്തെയും പിടിച്ചുനിര്‍ത്താന്‍ സാധിക്കാതെ വരും. അതോടെ താപം വര്‍ധിക്കുകയും ഭൂമിയില്‍ ജീവിക്കാനാകാതെ വരികയും ചെയ്യും. ആകര്‍ഷണശക്തി കൂടുന്ന അവസ്ഥയില്‍ വായുവിന്റെ സാന്ദ്രതയും സമ്മര്‍ദ്ദവും വര്‍ധിക്കും. തന്മൂലം നീരാവിക്ക്‌ മേല്‍പോട്ടുള്ള ഗമനം സാധിക്കാതെ വരും. മഴ ഇല്ലാതാകും. അതോടെ ഭൂമി ജീവികള്‍ക്ക്‌ വാസയോഗ്യമല്ലാതായി മാറും. അതോടൊപ്പം ഭൂമിയിലുള്ള വസ്തുക്കളുടെ ഭാരം വര്‍ധിക്കുകയും അതിന്റെ ചലനപ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും.

ഭൂമിയുടെ ആകര്‍ഷണം നഷ്ടമാവുകയോ അതിന്‌ ഇപ്പോഴത്തേതില്‍നിന്ന്‌ വ്യത്യസ്തമായ തോതില്‍ അത്‌ നല്‍കപ്പെടുകയോ ചെയ്തിരുന്നെങ്കില്‍ അത്‌ മറ്റുള്ള ഗ്രഹങ്ങളുമായി കൂട്ടിയിടിച്ചു അതിലെ ജീവജാലങ്ങളോടൊപ്പം നശിക്കുമായിരുന്നു. അങ്ങനെ സംഭവിക്കാത്ത വിധം വളരെ ശക്തമായ ആകര്‍ഷണശക്തിയും അതിനനുസരിച്ച ഖാനവുമാണ്‌ ഏകദൈവം ഭൂമിക്ക്‌ നല്‍കിയിട്ടുള്ളത്‌.

ഭൂമിയെപ്പോലെ തന്നെ പല ഗോളങ്ങളും ഈ അന്തരീക്ഷത്തില്‍ ഭൂമിക്കടുത്തായും അകലെയായും സ്ഥിതി ചെയ്യുന്നുണ്ട്‌. അവയുടെയൊക്കെ പ്രകൃതി ഒന്നിനൊന്ന്‌ വ്യത്യസ്തമാണ്‌. ചിലത്‌ തണുത്തുറഞ്ഞത്‌, ചിലത്‌ ചുട്ടുപഴുത്തത്‌. അതോടൊപ്പം എല്ലാ ഗ്രഹങ്ങള്‍ക്കും ഒരേ മാനദണ്ഡമനുസരിച്ച ആകര്‍ഷണശക്തിയല്ല നല്‍കിയിരിക്കുന്നത്‌. തൂക്കം കൂടുംതോറും ഗുരുത്വാകര്‍ഷണവും കൂടും. കൂടുതല്‍ ആകര്‍ഷണശക്തിയുള്ള ഗ്രഹങ്ങള്‍ക്ക്‌ കൂടുതല്‍ ഭാരമുള്ള വസ്തുക്കളെ സ്പേസിലേക്ക്‌ പറന്നുപോകാതെ സൂക്ഷിക്കാന്‍ സാധിക്കും. ഏറ്റവും കൂടുതല്‍ ഭാരമുള്ളത്‌ സൂര്യനാണ്‌. അതിനാല്‍ സൂര്യന്‍ തന്നെയാണ്‌ പ്രധാനമായും ഗ്രഹങ്ങളെ മറ്റുള്ളവയുമായി കൂട്ടിമുട്ടാതെ അതത്‌ ഭ്രമണപഥങ്ങളില്‍തന്നെ പിടിച്ചുനിര്‍ത്തുന്ന പ്രധാനകേന്ദ്രം.

ഖുര്‍ആന്‍ പറഞ്ഞു:"തീര്‍ച്ചയായും ആകാശഭൂമികളെ അല്ലാഹു വഴുതിപ്പോകാതെ പിടിച്ചുനിര്‍ത്തുന്നു. അവ വഴുതിപ്പോകുന്ന പക്ഷം അവയെ പിടിച്ചുനിര്‍ത്താന്‍ അല്ലാഹു അല്ലാതെ മറ്റാരുമില്ല തന്നെ. നിശ്ചയം അവന്‍ ഏറെ പൊറുത്തുകൊടുക്കുന്നവനും ക്ഷമാശീലനുമാകുന്നു." (അധ്യായം 35: 41)

താപം
ഭൂമിയിലെ താപനില ജീവികളുടെ നിലനില്‍പിനാവശ്യമായ തോതിലാണ്‌ സംവിധാനിച്ചിരിക്കുന്നത്‌. ഇത്‌ ഭൂമിക്ക്‌ മാത്രമുള്ള അനുഗ്രഹമാകുന്നു. അന്യഗ്രഹങ്ങളില്‍നിന്ന്‌ വ്യത്യസ്തമായി ഭൂമിയുടെ ഉപരിതലത്തിന്‌ സംതുലിതമായ ഊഷ്മാവാണ്‌ നല്‍കപ്പെട്ടിട്ടുള്ളത്‌. അന്തരീക്ഷത്തിലെയും ഭൂഗര്‍ഭത്തിലെയും പ്രത്യേക സാഹചര്യമാണ്‌ ഇതിന്‌ സഹായകമായി വര്‍ത്തിക്കുന്നത്‌. തണുത്തുറയുകയോ ചുട്ടെരിയുകയോ ചെയ്യാത്ത സുഖദായകമായ അവസ്ഥയാണതിനുള്ളത്‌. രാത്രികാലങ്ങളില്‍ ചന്ദ്രോപരിതലത്തിലെ താപം ഗണ്യമായി കുറയുമ്പോള്‍ ഭൂമിയില്‍ അങ്ങനെ സംഭവിക്കുന്നില്ല. ഭൂഗര്‍ഭതാപം ഭൂമിയുടെ ഉപരിതലത്തിലേക്ക്‌ നേരിയതോതില്‍ സംക്രമിച്ചു സംതുലനം പാലിക്കുന്നതാണ്‌ അതിന്‌ കാരണം. പകല്‍വേളയില്‍ അന്തരീക്ഷപാളികള്‍ സൂര്യരശ്മികളെ അരിച്ചെടുത്ത്‌ ശുദ്ധീകരിക്കുകയും മെരുക്കിയെടുക്കുകയും പാകപ്പെടുത്തുകയും ചെയ്യുന്നു.

നാം അധിവസിക്കുന്ന ഭൂമിയെപ്പറ്റി നാം ചിന്തിക്കുക. ആ ചിന്ത വിവേകമുള്ള മനസ്സും ബുദ്ധിയും നമുക്ക്‌ പ്രദാനം ചെയ്യും. ഈ ഭൂമി ഇണക്കമുള്ള ഒരു ജീവിയപ്പോലെയാണ്‌. അതിനാലാണ്‌ ഏകദൈവം "ഭൂമിയെ നിങ്ങള്‍ക്ക്‌ ഇണക്കിത്തിരിക്കുന്നു"എന്ന്‌ അരുളിയത്‌. അതില്‍ പലതരം സാധനങ്ങളും മനുഷ്യന്റെ ആവശ്യങ്ങള്‍ക്കായി ദൈവം സംവിധാനിച്ചിട്ടുണ്ട്‌. "അളവ്‌ നിര്‍ണയിക്കപ്പെട്ട എല്ലാ വസ്തുക്കളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു." (അധ്യായം 15: 19). ഭൂമിക്ക്‌ ഭാരമാകാതെ, അതിന്റെ സംതുലനം നഷ്ടപ്പെടാത്ത രീതിയില്‍ ഒന്നിനും അപകടവും നഷ്ടവും വരാത്ത രീതിയില്‍ എന്നാണ്‌ "അളവ്‌ നിര്‍ണയിക്കപ്പെട്ട" എന്ന പദം കൊണ്ട്‌ അര്‍ഥമാക്കുന്നത്‌. അതോടൊപ്പം മനുഷ്യബുദ്ധി ഇനിയും കണ്ടെത്തിയിട്ടില്ലാത്ത പല അത്ഭുതങ്ങളും അതില്‍ ഇനിയും ഉണ്ടായേക്കാം.

അറിയപ്പെടാത്ത എത്രയോ വിജ്ഞാനീയങ്ങള്‍ ഭൂമിയുമായി ബന്ധപ്പെട്ട്‌ ഈ പ്രപഞ്ചഘടനയില്‍ ഉണ്ടാകാം. എല്ലാം ഒരു ക്രമത്തില്‍ മനസ്സിലക്കുക നമുക്ക്‌ സാധ്യമല്ല. എന്നുകരുതി കണ്ണും മനസ്സും മൂടിക്കെട്ടി ഇതിലെ വിഭവങ്ങള്‍ അനുഭവിച്ചുജീവിച്ചാല്‍മാത്രം പോരാ, അതിന്റെ സ്രഷ്ടാവായ ഏകദൈവത്തെ കണ്ടെത്താനും നാം ശ്രമിക്കണം.

3 comments:

അബ്ദുല്‍ അലി said...

ഭൂഗോളത്തിന്‌ സ്രഷ്ടാവ്‌ ശക്തമായ ആകര്‍ഷണ ശക്തി നല്‍കിയിരിക്കുന്നു. ഇത്‌ അല്‍പം കുറഞ്ഞുപോയാല്‍ വായുവിനെയും വെള്ളത്തെയും പിടിച്ചുനിര്‍ത്താന്‍ സാധിക്കാതെ വരും. അതോടെ താപം വര്‍ധിക്കുകയും ഭൂമിയില്‍ ജീവിക്കാനാകാതെ വരികയും ചെയ്യും. ആകര്‍ഷണശക്തി കൂടുന്ന അവസ്ഥയില്‍ വായുവിന്റെ സാന്ദ്രതയും സമ്മര്‍ദ്ദവും വര്‍ധിക്കും. തന്മൂലം നീരാവിക്ക്‌ മേല്‍പോട്ടുള്ള ഗമനം സാധിക്കാതെ വരും. മഴ ഇല്ലാതാകും. അതോടെ ഭൂമി ജീവികള്‍ക്ക്‌ വാസയോഗ്യമല്ലാതായി മാറും.

അബ്ദുല്‍ അലി said...

താരാപഥം,
ഈ വിഷയത്തെക്കുറിച്ചുള്ള എന്ത്‌ അഭിപ്രായവും തുറന്ന് പറയാം, അത്‌ ഒരു പക്ഷെ ചിലര്‍ക്ക്‌ ഇഷ്ടമാവില്ലെങ്കില്‍ കൂടി.
ഞാന്‍ നിങ്ങളോട്‌ വികാരിയായി പെരുമാറിയെങ്കില്‍ മാപ്പ്‌. എന്റെ ഈ വിഷയികമായുള്ള അറിവുകളാണ്‌ ഞാന്‍ പങ്ക്‌ വെക്കുന്നത്‌, നിങ്ങളുടെ അദിപ്രയങ്ങള്‍ക്ക്‌ തിര്‍ച്ചയായും ഈ ചര്‍ച്ചയില്‍ ഒരു നല്ല സ്ഥാനമുണ്ടായിരിക്കും.
ഖുര്‍ആന്‍ സുക്തങ്ങള്‍ വിവരണങ്ങള്‍ക്കനുസരിച്ച്‌ യോജിച്ച സ്ഥലത്തല്ലെ നല്ലത്‌. അതാവും വായനക്കാര്‍ക്ക്‌ സുക്തങ്ങളെപറ്റി കൂടുതല്‍ ഗ്രഹിക്കാനുള്ള അവസരം.
നന്ദി, ഇനിയും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അറിയിക്കുക.

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍