Tuesday, October 9, 2007

ഭാഗം 2 - ദൈവാസ്‌തിക്യത്തിന്റെ ഭൗതിക ദൃഷ്ടാന്തങ്ങള്‍

മനുഷ്യന്‍ രാപ്പകല്‍ ദര്‍ശിച്ചുകൊണ്ടിരിക്കുകയും എന്നാല്‍ ചിന്തിക്കുകയോ ആലോചിക്കുകയോ ചെയ്യാതെ അവഗണിച്ചുകളയുകയും ചെയ്യുന്ന വസ്തുക്കള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടുന്ന ചില സുപ്രധാന ദൃഷ്ടാന്തങ്ങള്‍ താഴെ.

1-ഇണകള്‍
"എല്ലാറ്റിനെയും ഇണകളായി സൃഷ്ടിക്കുകയും കപ്പലുകളിലും നാല്‍കാലി മൃഗങ്ങളിലും നിങ്ങള്‍ കയറിപ്പോകുന്ന വാഹനങ്ങള്‍ നിങ്ങള്‍ക്ക്‌ ഉണ്ടാക്കുകയും ചെയ്തവന്‍." (വി.ഖു. 43:12)
"അവന്‍ നിങ്ങള്‍ക്ക്‌ സ്വജാതിയില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും അവരുടെ സാന്നിദ്ധ്യത്തില്‍ നിങ്ങള്‍ ശാന്തി നുകരാന്‍ നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കിത്തന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. നിശ്ചയം ചിന്തിക്കുന്ന ജനത്തിന്‌ ഇതില്‍ നിരവധി ദൃഷ്ടാന്തങ്ങളുണ്ട്‌."(വി.ഖു. 30:21)

ഭൂമിയുടെ നിര്‍മിതിയിലടങ്ങിയിട്ടുള്ള പദാര്‍ത്ഥങ്ങളില്‍ സ്വയം വളര്‍ന്നു വികസിക്കാനുള്ള ഒരു ശക്തിയുമില്ല. ഈ പദാര്‍ത്ഥങ്ങള്‍ ഒന്നൊന്നായി എടുത്തു നോക്കിയാലും എല്ലാവിധ മിശ്രണങ്ങളും നടത്തിയശേഷം പരിശോധിച്ചാലും അവ തീരെ വികാസശൂന്യവും ജൈവലക്ഷണവുമില്ലാത്തതുമാണെന്നു കാണാം.നിര്‍ജീവമായ പദാര്‍ത്ഥങ്ങളില്‍പോലും വിവിധ വസ്തുക്കളെ പരസ്പരം സന്ധിപ്പിച്ചാല്‍ വ്യത്യസ്ത വസ്തുക്കള്‍ ഉടലെടുക്കുന്നതായിക്കാണാം. പദാര്‍ത്ഥങ്ങളുടെ അടിസ്ഥാന ഘടകംതന്നെ പോസിറ്റീവും നെഗറ്റീവുമാകുന്ന വൈദ്യുതശക്തിയുടെ പരസ്പര ബന്ധത്തിലധിഷ്ഠിതമത്രെ. പ്രപഞ്ചം മുഴുവന്‍ ഉത്ഭവിക്കുന്നതിന്‌ കാരണമായ ഈ ഇണ ചേര്‍ക്കല്‍ പ്രക്രിയയില്‍ സൃഷ്ടിയിലടങ്ങിയ അതി മഹത്തായ യുക്തിയുടെ സൂക്ഷ്മവശങ്ങളും നിഗൂഢതകളും ഉള്‍കൊള്ളുന്നു.രണ്ട്‌ ഇണകള്‍ക്കിടയിലാകട്ടെ ആശ്ചര്യകരമായ യോജിപ്പുകള്‍ കാണപ്പെടുന്നു. ഇതെല്ലാം കേവലം യാദൃഛിക സംഭവങ്ങളാണെന്ന്‌ നിഷ്പക്ഷബുദ്ധിയുള്ള ഏതൊരാളും പറയുകയില്ല.
അപ്രകാരംതന്നെ അസംഖ്യം ഇണകളെ സൃഷ്ടിച്ച്‌ യുക്തിയുക്തം സംയോജിപ്പിച്ചിരിക്കുന്നത്‌ വ്യത്യസ്ത സൃഷ്ടികര്‍ത്താക്കളായിരിക്കാമെന്ന വാദവും അംഗീകരിക്കുക അസാധ്യമാണ്‌.ഇണകള്‍ തമ്മിലുള്ള യോജിപ്പും അവയുടെ പരസ്പര ബന്ധങ്ങളില്‍നിന്ന്‌ പുതിയ വസ്തുക്കള്‍ ജനിക്കുന്നതും സ്വന്തമായെടുത്താല്‍തന്നെ സൃഷ്ടികര്‍ത്താവിന്റെ ഏകത്വത്തിന്റെ വ്യക്തമായ തെളിവത്രെ.മനുഷ്യരിലെ ആണും പെണ്ണും ജന്തുക്കളിലെയും സസ്യങ്ങളിലെയും പിടയും ചേവലും മാത്രമല്ല ഇണകള്‍കൊണ്ടുദ്ദേശ്യം. സ്രഷ്ടാവ്‌ ഒന്നിനെ മറ്റൊന്നിന്റെ ജോഡിയാക്കി സൃഷ്ടിച്ചിട്ടുള്ളതും ജോഡിസങ്കലനത്തിലൂടെ പുതിയ പുതിയ വസ്തുക്കള്‍ ഉണ്ടാവാനിടയാകുന്നതുമായ എണ്ണമറ്റ ഇതര വസ്തുക്കളും അതിന്റെ വിവക്ഷയില്‍പ്പെടുന്നു. പരസ്പരംജോഡിയാകുന്ന ധാതുക്കള്‍ കൂടിച്ചേര്‍ന്ന്‌ പല പല ഘടനകള്‍ ഉണ്ടായിത്തീരുന്നു. വൈദ്യുതിജോഡികളുടെ (ന്യൂട്ടറും ഫൈസും) പരസ്പരാകര്‍ഷണം അദ്ഭുതകരമായ അനേകം പ്രതിഭാസങ്ങളുടെ മാധ്യമ മായിത്തീരുന്നു. ഇതും, പലതരം സൃഷ്ടിക്കുള്ളില്‍ ഉളവാക്കിയിട്ടുള്ള മറ്റസംഖ്യം ഇണകളും അവയുടെ ഘടനയും തമ്മില്‍ പൊരുത്തവും അനേകം രൂപങ്ങളിലുള്ള പരസ്പര പ്രവര്‍ത്തനവും അവയുടെ സങ്കലനം മൂലം ഉളവാകുന്ന അനന്തര ഫലങ്ങളും എല്ലാം ബോധപൂര്‍വം വീക്ഷിക്കുന്ന ഒരുവന്റെ മനസ്സ്‌, പ്രപഞ്ചമാകുന്ന ഈ തൊഴില്‍ശാല അജയ്യനും സര്‍വജ്ഞനും യുക്തിജ്ഞനുമായ ഒരേയൊരു നിര്‍മാതാവ്‌ നിര്‍മിച്ചിട്ടുള്ളതാണെന്നും അവന്റെ മാത്രം ആസൂത്രണത്താലാണിത്‌ ചലിച്ചുകൊണ്ടിരിക്കുന്നതെന്നും സാക്ഷ്യം വഹിക്കാതിരിക്കുക സാധ്യമല്ല.ഇതെല്ലാം യുക്തിമാനായ ഒരു നിര്‍മാതാവിനെ കൂടാതെയാണെന്നോ അല്ലെങ്കില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഒന്നിലേറെ സൃഷ്ടികര്‍ത്താക്കള്‍ക്ക്‌ കൈയുണ്ടെന്നോ സങ്കല്‍പിക്കാന്‍ ബുദ്ധിപരമായ ആന്ധ്യത്തിനു മാത്രമേ സാധ്യമാവൂ.

2-ജലം
"എല്ലാ സചേതന വസ്‌തുക്കളെയും ജലത്തില്‍നിന്ന്‌ നാം സൃഷ്‌ടിച്ചു. അവര്‍ വിശ്വസിക്കുന്നില്ലേ?" (വി.ഖു:21:30)
"നാം ആകാശത്തുനിന്ന്‌ ജലം വര്‍ഷിച്ചു. എന്നിട്ട്‌ അതുകൊണ്ട്‌ കൗതുകമുള്ള ചില തോട്ടങ്ങള്‍ സൃഷ്‌ടിച്ചു. അതിലെ വൃക്ഷങ്ങളെ മുളപ്പിക്കുവാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുകയില്ല. (പറയുക:) അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളുണ്ടോ? ഇല്ല. അവര്‍ വ്യതിചലിച്ചുപോയൊരു ജനതയാണ്‌." (വി.ഖു:26:60)

മനുഷ്യസൃഷ്ടിയുടെ പ്രാരംഭവേളയില്‍തന്നെ സ്രഷ്ടാവ്‌ അവന്റെ ജ്ഞാനപ്രകാരം അന്ത്യദിനംവരെ ഭൂഗോളത്തിന്റെ ആവശ്യങ്ങള്‍ക്ക്‌ മതിയാകുന്നത്ര ജലം മണ്ണില്‍ നിക്ഷേപിച്ചിരിക്കുന്നു. ആ ജലം ഭൂമിയുടെ താഴ്‌ന്ന ഭാഗങ്ങളില്‍ ശേഖരിക്കപ്പെട്ടു. അങ്ങനെ അവിടെ സമുദ്രവും തടാകവുമൊക്കെയായി സൃഷ്ടിക്കപ്പെട്ടു. ഭൂഗര്‍ഭത്തിലും ജലമുണ്ടായി. ചൂടും തണുപ്പും കാറ്റും മുഖേന മാറിമറിഞ്ഞു വരുന്നത്‌ ഇതേ വെള്ളംതന്നെയാണ്‌. മലകളുടെ സഹായത്തോടെ മഴയായി നദികള്‍, ഉറവിടങ്ങള്‍, കിണറുകള്‍ എന്നിവയിലൂടെ ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപിക്കുന്നതും എണ്ണമറ്റ വസ്തുക്കളുടെ വളര്‍ച്ചയില്‍ പങ്കെടുക്കുന്നതും ഘടനയില്‍ ഉള്‍ക്കൊള്ളുന്നതും അനന്തരം വീണ്ടും ആവിയായി അന്തരീക്ഷത്തില്‍ ലയിച്ച്‌ അസല്‍ ഭണ്ഡാരത്തിലേക്ക്‌ തിരിച്ചുപോകുന്നതും ഈ വെള്ളംതന്നെ. ആരംഭം മുതല്‍ ഇന്നുവരെ ഈ ശേഖരത്തില്‍നിന്ന്‌ ഒരു തുള്ളി പോലും കുറഞ്ഞുപോയിട്ടില്ല. ഒരു തുള്ളിപോലും കൂട്ടിച്ചേര്‍ക്കേണ്ട ആവശ്യവും ഇന്നുവരെ ഉണ്ടായിട്ടില്ല.ഇതിനേക്കാള്‍ അല്‍ഭുതകരമായ മറ്റൊരു സംഗതിയുണ്ട്‌.അതായത്‌, ഹൈഡ്രജനും ഓക്സിജനും ചേര്‍ന്നാണ്‌ ജലമുണ്ടാകുന്നതെന്ന്‌ ഇന്ന്‌ പ്രൈമറി സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുപോലും അറിയാവുന്നതാണ്‌. സമുദ്രങ്ങള്‍ നിറയെ ജലം കാണുന്നു. ഭൂമിയുടെ ഉപരിതലത്തില്‍ ഏകദേശം മൂന്നില്‍ രണ്ടുഭാഗം വെള്ളമാണ്‌. അതില്‍ ഒരു കണംപോലും വര്‍ധിക്കുന്നില്ല.ആദിയില്‍ ഹൈഡ്രജനും ഓക്സിജനും ഒരു പ്രത്യേക അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി ഇത്രയേറെ ജലം സൃഷ്ടിച്ചതാരാണ്‌? പ്രസ്തുത രണ്ടു ഘടകങ്ങളും ഇപ്പോഴും അന്തരീക്ഷത്തില്‍ ധാരാളമുണ്ട്‌. എന്നിട്ടും ഈ രണ്ടു ഘടകങ്ങള്‍ക്കും ആ പ്രത്യേക അനുപാതത്തിലുള്ള സംയോജനം നല്‍കാതിരിക്കുന്നത്‌ ആരാണ്‌?നീരാവിയിലെ ഓക്സിജനും ഹൈഡ്രജനും വേര്‍തിരിഞ്ഞ്‌ അന്തരീക്ഷത്തിലെ ഓക്സിജനുമായും ഹൈഡ്രജനുമായും കൂടിച്ചേരുന്നതിനെ തടയുന്നവനാരാണ്‌?പ്രപഞ്ചസ്രഷ്ടാവിനെ നിഷേധിക്കുന്നവരുടെയും, വെള്ളത്തിനും വായുവിനും താപത്തിനും ശീതത്തിനും വ്യത്യസ്ത സൃഷ്ടികര്‍ത്താക്കളാണുള്ളതെന്ന്‌ വിശ്വസിക്കുന്നവരുടെയും പക്കല്‍ ഇതിന്‌ എന്തുത്തരമാണുള്ളത്‌?

3-സമുദ്രം
"സമുദ്രത്തെ നിങ്ങള്‍ക്ക്‌ കീഴ്‌പ്പെടുത്തിത്തന്നതും അവനാണ്‌. നിങ്ങള്‍ക്കതില്‍നിന്ന്‌ പുതുമാംസം ഭക്ഷിക്കുന്നതിനും നിങ്ങളണിയുന്ന ആഭരണങ്ങള്‍ ശേഖരിക്കുന്നതിനും. കപ്പല്‍ സമുദ്രത്തെ പിളര്‍ന്ന്‌ സഞ്ചരിക്കുന്നത്‌ നിങ്ങള്‍ക്ക്‌ കാണാം. നിങ്ങള്‍ ദൈവാനുഗ്രഹം തേടുന്നതിനും കൃതജ്ഞരായിരിക്കുവാനും വേണ്ടിയത്രേ ഇതൊക്കെയും." (വി.ഖു. 16:14)മറ്റൊരല്‍ഭുതമാണ്‌ സമുദ്രം. ഭൂമിയില്‍ ഇത്രവലിയ ജലശേഖരം സജ്ജീകരിക്കപ്പെടുക എന്നതും അതുമായി അനേകം യുക്തിബദ്ധമായ ഒരു സംവിധാനം ഒരു യാദൃശ്ചിക ചലനത്തിന്റെ ഫലമായി നിലവില്‍ വരിക എന്നതും സംഭവ്യമേയല്ല.സമുദ്രത്തില്‍ എണ്ണമറ്റ ജീവജാലങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഓരോ വര്‍ഗത്തിനും ആ അഗാധതയിലെ നിവാസത്തിന്‌ തികച്ചും അനുയോജ്യമായ ശരീരഘടനയാണുള്ളത്‌.അതിലെ ജലം ഉപ്പു കലര്‍ന്നതായിരിക്കുന്നു. ദിനേന അതില്‍ ചത്തടിയുന്ന കോടാനുകോടി ജീവികളുടെ ജഡങ്ങള്‍ ചീഞ്ഞളിഞ്ഞ്‌ അത്‌ മലിനമാകാതിരിക്കാന്‍ ഇതു സഹായിക്കുന്നു.ആ ജലം ഭൂദ്വാരങ്ങളിലൂടെ താഴോട്ടിറങ്ങി വറ്റിപ്പോവുകയോ കരയിലേക്കു കവിഞ്ഞ്‌ കരയെ മുക്കിക്കളയുകയോ ചെയ്യാത്തവണ്ണം ഒരു പ്രത്യേക അതിര്‍ത്തിയില്‍ കെട്ടിനിര്‍ത്തിയിരിക്കുകയാണ്‌. ലക്ഷോപലക്ഷം വര്‍ഷങ്ങളായി അത്‌ ഈ അതിരുകള്‍ക്കുള്ളില്‍ കെട്ടിനില്‍ക്കുന്നു.ഈ വമ്പിച്ച ജലശേഖരത്തിന്റെ സാന്നിധ്യവും നിലനില്‍പും മൂലമാണ്‌ സൗരതാപത്തിന്റെയും വായുചലനത്തിന്റെയും സഹായത്തോടെ ഭൂമിയുടെ വരണ്ട പ്രദേശങ്ങളില്‍ മഴ വര്‍ഷിക്കാനുള്ള ഏര്‍പ്പാടുകളുണ്ടാവുന്നത്‌. സമുദ്രം ജീവശൂന്യമാകാതെ നിരവധി ജീവജാലങ്ങളുടെ വാസസ്ഥലമായതിനാല്‍ മനുഷ്യന്‌ അതില്‍നിന്ന്‌ ധാരാളം ആഹാരവും മറ്റു ആവശ്യവസ്തുക്കളും വിപുലമായതോതില്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. അത്‌ ഒരു നിശ്ചിത പരിധിയില്‍ കെട്ടിനിര്‍ത്തപ്പെട്ടതിനാലാണ്‌ മനുഷ്യവാസയോഗ്യമായ വന്‍കരകളും ദ്വീപുകളും നിലനില്‍കുന്നത്‌. സമുദ്രം ചില അചഞ്ചലനിയമങ്ങള്‍ക്ക്‌ വിധേയമായി നിലകൊള്ളുന്നതിനാല്‍ മനുഷ്യര്‍ക്ക്‌ അതിലൂടെ കപ്പലോടിക്കാന്‍ കഴിയുന്നു.സൃഷ്‌ടികള്‍ക്ക്‌ ഏറെ ഉപകാരപ്പെടുന്ന നിലക്കാണ്‌ ജലം സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളത്‌. മൃദുലവും കട്ടിയില്ലാത്തതുമായ ദ്രവപദാര്‍ഥമാണ്‌ ജലം. അത്‌ സൂക്ഷ്‌മമായി ഘടിപ്പിക്കപ്പെട്ടതും അതിശീഘ്രം വിഭജിക്കാവുന്നതുമായ ഒറ്റ വസ്തുവാണെന്ന്‌ തോന്നും. എളുപ്പം പിളരുകയും കൂടിച്ചേരുകയും ചെയ്യുന്ന ജലത്തിന്റെ സ്വഭാവം കപ്പലുകള്‍ക്ക്‌ നിഷ്‌പ്രയാസം സഞ്ചരിക്കാന്‍ കഴിവുണ്ടാക്കുന്നു.ഇവയിലെല്ലാം നിക്ഷിപ്തമായ അനുഗ്രഹങ്ങള്‍ സ്രഷ്‌ടാവിന്റെ മഹത്ത്വത്തെയും അപാരമായ കഴിവിനെയും അദ്ഭുതകരമായ യുക്തിദീക്ഷയെയും വിളിച്ചോതുന്ന ദൃഷ്‌ടാന്തങ്ങളും തെളിവുകളുമാണ്‌. അവ നമ്മോട്‌ ചോദിക്കുന്നു: മനുഷ്യാ, എന്റെ രൂപവും ഘടനയും ഗുണങ്ങളും നീ കാണുന്നില്ലേ? എന്റെ അവസ്ഥാന്തരങ്ങളും വന്‍ പ്രയോജനങ്ങളും നീ അറിയുന്നില്ലേ? ഞാന്‍ സ്വയമുണ്ടായതാണെന്നോ അല്ലെങ്കില്‍ എന്റെ വര്‍ഗത്തിലെ ഒരംഗമാണ്‌ എന്നെ പടച്ചതെന്നോ ബുദ്ധിയുള്ള ആര്‍ക്കെങ്കിലും തോന്നുമോ? ഇല്ല- പ്രത്യുത, സര്‍വചരാചരങ്ങളെയും അടക്കിഭരിക്കുന്നവനും പ്രതാപശാലിയും യുക്തിമാനുമായ സര്‍വശക്തന്റെ സൃഷ്ടിയാണ്‌ ഇവയൊക്കെയെന്നേ തോന്നൂ.ഒരു അപാര ശക്തിയുടെ അളവറ്റ കഴിവും യുക്തിമാന്റെ കുറ്റമറ്റ ആസൂത്രണവുമില്ലാതെ ഇങ്ങനെയൊരു സംവിധാനം സങ്കല്‍പ്പിക്കാമോ?മനുഷ്യരുടെയും ഭൂമിയിലെ ഇതര ജീവികളുടെയും താല്‍പര്യങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ട ഈ സാഗരസംവിധാനം കേവലം അലക്ഷ്യമായി നിലവില്‍ വന്നതാണെന്നു സങ്കല്‍പ്പിക്കാമോ?

4-വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും
"ആകാശഭൂമികളുടെ നിര്‍മ്മാണവും നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വൈവിധ്യങ്ങളും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. തീര്‍ച്ചയായും, ജ്ഞാനമുള്ളവര്‍ക്ക്‌ ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്‌."(വി.ഖു. 30:22)
ഈ പ്രപഞ്ചത്തില്‍ ഏകവര്‍ണവും ഏകരൂപവും എവിടെയുമില്ല. എവിടെയും വൈവിധ്യത്തോടു വൈവിധ്യം തന്നെ.മനുഷ്യരുടെ സംസാരശക്തി ഓരോ വിധത്തിലുള്ളതാണ്‌. അധരങ്ങളുടെയോ നാവുകളുടെയോ ഘടനയില്‍ യാതൊരു അന്തരവുമില്ല. മസ്തിഷ്‌കഘടനയും ഒന്നുതന്നെ. പക്ഷേ, ഭൂമിയുടെ വിവിധ മേഖലകളില്‍ ഭാഷകള്‍വ്യത്യസ്തമാണ്‌. ഒരേ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളില്‍തന്നെ പട്ടണങ്ങള്‍ തോറും ഗ്രാമങ്ങള്‍ തോറും സംസാരരീതി വ്യത്യസ്തമാകുന്നു. കൂടാതെ ഓരോ വ്യക്തിയുടെയും സ്വരവും ഉച്ചാരണവും സംഭാഷണ ശൈലിയും മറ്റുള്ളവരില്‍നിന്നു വ്യത്യസ്തമാകുന്നു. മനുഷ്യന്റെ സൃഷ്ടിധാതുക്കളും നിര്‍മ്മാണ സൂത്രവും ഏകമാണെങ്കിലും, വര്‍ണം അത്യന്തം വ്യത്യസ്തമാകുന്നു. ഒരേ മാതാപിതാക്കളുടെ രണ്ടു മക്കളുടെ വര്‍ണങ്ങള്‍പോലും തികച്ചും ഒരുപോലെയാകുന്നില്ല.ഈ ലോകത്തിന്റെ എല്ലാ വശങ്ങളിലും എണ്ണിയാലൊടുങ്ങാത്ത വൈവിധ്യങ്ങള്‍ നമുക്കുകാണാം.മനുഷ്യന്‍, ജന്തുക്കള്‍, സസ്യങ്ങള്‍ എന്നുവേണ്ട എല്ലാ പഥാര്‍ത്ഥത്തിന്റെയും ഏതു വര്‍ഗ്ഗത്തിനെയെടുത്താലും അവയില്‍ അംഗങ്ങളില്‍ മൗലികമായ ഏകത്വമുള്ളതോടൊപ്പം എണ്ണമറ്റ വ്യത്യാസങ്ങളുമുണ്ട്‌. ഒരു വൃക്ഷത്തിന്റെ രണ്ടിലകള്‍ പോലും പൂര്‍ണമായും സദൃശ്യമായിരിക്കുകയില്ല.ഈ പ്രതിഭാസം വിളിച്ചോതുന്നത്‌ ഇതാണ്‌: ഈ ലോകം വന്‍തോതില്‍ ഉല്‍പാദനം നടത്തുന്ന രീതിയില്‍ ഓരോ പഥാര്‍ത്ഥവര്‍ഗ്ഗത്തെയും ഓരോ അച്ചുകളില്‍ ഉല്‍പാദിപ്പിച്ചു തള്ളിക്കൊണ്ടിരിക്കുന്ന, സ്വയം പ്രവര്‍ത്തിക്കുന്ന യന്ത്രമല്ല. പ്രത്യുത, ഇവിടെ അതിസമര്‍ത്ഥനായ ഒരു പ്രവര്‍ത്തകന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. അവന്‍ ഓരോ വസ്തുവിനെയും തികഞ്ഞ വ്യതിരിക്തതയോടെ പുതിയ ഡിസൈനില്‍, പുതിയ ഔചിത്യത്തോടെ, ഗുണ വിശേഷങ്ങളോടെ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്‌. അവന്‍ നിര്‍മ്മിച്ച ഓരോ വസ്തുവും സ്വന്തം നിലയില്‍ ഒറ്റപ്പെട്ടതാണ്‌. അവന്റെ ആവിഷ്കാര നൈപുണ്യം അനുനിമിഷം ഓരോ വസ്തുവിനെയും ഒരു പുതിയ മാതൃകയില്‍ അവതരിപ്പിക്കുന്നു.അവന്‍ സദാ സൃഷ്ടിപ്രക്രിയയില്‍ നിരതനാണെന്നും തന്റെ സൃഷ്ടിയിലെ ഓരോരോ വസ്തുവിനും വ്യതിരിക്തമായ മുഖം നല്‍കിക്കൊണ്ടിരിക്കുകയാണെന്നും ഉള്ള വസ്തുതയുടെ തുറന്ന തെളിവാണ്‌ ഈ പ്രതിഭാസം.ഇനി മനുഷ്യന്റെ പ്രകൃതിയിലും മാനസിക നിലയിലും ഉള്ള വൈവിധ്യങ്ങളെക്കുറിച്ച്‌ സവിശേഷം ചിന്തിച്ചുനോക്കുക. ഇതൊന്നും കേവലം യാദൃശ്ചികമായുണ്ടായതല്ലെന്നും അഭിജ്ഞനായ സൃഷ്ടിപ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും ബോധ്യപ്പെടുന്നതാണ്‌.ഈ ലോകത്ത്‌ ഉത്തരവാദിത്വവും സ്വാതന്ത്ര്യവും വഹിക്കുന്ന ഒരു സൃഷ്ടിക്കു ഉണ്മ നല്‍കാന്‍ സ്രഷ്ടാവ്‌ തീരുമാനിച്ചപ്പോള്‍ ആ തീരുമാനത്തിന്റെ അനിവാര്യ താല്‍പര്യം തന്നെയായിരുന്നു ആ സൃഷ്ടിഘടനയില്‍ സകലവിധ വൈവിധ്യങ്ങള്‍ക്കുള്ള സാധ്യത നിക്ഷേപിക്കുക എന്നത്‌.മനുഷ്യരെല്ലാം ഘടനയിലും പ്രകൃതിയിലും വികാരവിചാരങ്ങളിലും ആഗ്രഹാഭിലാഷങ്ങളിലും തികച്ചും ഏകരൂപമാവുകയാണെങ്കില്‍ അവര്‍ തമ്മില്‍ യാതൊരുവിധ വൈവിധ്യവുമില്ലെങ്കില്‍ ഈ ലോകത്തിന്‌ പുതിയ മനുഷ്യരെ സൃഷ്ടിക്കുന്നതിന്റെ ആവശ്യം തന്നെ ഇല്ലായിരുന്നു.മനുഷ്യന്‍ ഒരു യാദൃശ്ചിക സ്ഫോടനത്തിന്റെ ഫലമല്ല, മറിച്ച്‌ യുക്തിയുക്തമായ ഒരാസൂത്രണ പദ്ധതിയുടെ ഫലമാണ്‌ എന്നതിനുള്ള ഏറ്റവും വലിയ സാക്ഷ്യമത്രെ അത്‌.യുക്തിയുക്തമായ പദ്ധതി എവിടെ ദൃശ്യമാകുന്നുവോ അവിടെ അതിന്റെ പിന്നില്‍ യുക്തിസമ്പൂര്‍ണമായ ഒരസ്തിത്വത്തിന്റെ ബോധപൂര്‍വമായ പ്രവര്‍ത്തനവും ഉണ്ടായിരിക്കുക അനിവാര്യമാണല്ലോ.അതിപ്രബലനായ ഒരഭിജ്ഞന്‍ അളവറ്റ യുക്തിയോടുകൂടി സൃഷ്ടിച്ചിട്ടുള്ളതാണ്‌ ഈ പ്രപഞ്ചമെന്നും, അതിന്റെ സ്രഷ്ടാവ്‌ നിസ്തുലനായ സൃഷ്ടിനിപുണനും നിര്‍മാണകുശലനുമാണെന്നും കുറിക്കുന്ന ദൃഷ്ടാന്തങ്ങളാണ്‌ ഈ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും.

5-രാപ്പലുകള്‍
"(നബിയേ,)ചോദിക്കുക: നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? പുനരുത്ഥാന നാള്‍വരേക്കും നിങ്ങളില്‍ പ്രപഞ്ചസ്രഷ്ടാവ്‌ രാവിനെ സ്ഥിരമായി നിലനിര്‍ത്തുകയാണെങ്കില്‍ അവന്‌ പുറമെ മറ്റേതൊരു ദൈവമാണ്‌ നിങ്ങള്‍ക്ക്‌ വെളിച്ചം കൊണ്ടുവന്നുതരിക? നിങ്ങള്‍ കേള്‍ക്കുന്നില്ലേ? ഇവരോടു ചോദിക്കുക: നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? പുനരുത്ഥാനനാള്‍വരേക്കും ദൈവം നിങ്ങളില്‍ പകല്‍ നിലനിര്‍ത്തുകയാണെങ്കില്‍ അവന്‌ പുറമെ മറ്റേതൊരു ദൈവമാണ്‌ നിങ്ങള്‍ക്ക്‌ വിശ്രമിക്കാനുള്ള രാവ്‌ കൊണ്ടുവരിക? നിങ്ങള്‍ക്ക്‌ ഉള്‍കാഴ്ച്ച ലഭിക്കുന്നില്ലയോ? (വി।ഖു:28:71,72)"രാവിനെ അവന്‍ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ (തന്റെ നിയമത്തിന്‌) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധിവരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട്‌ നി ങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ഒരു ഈത്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല. (വി.ഖു. 35:13)ഈ ഭൂഗോളം ശൂന്യാന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കുകയാണ്‌. യാതൊന്നും അതിനെ താങ്ങിനിറുത്തുന്നില്ല. ഈ ഗോളം വ്യവസ്ഥാപിതമായി സൂര്യനെ അഭിമുഖീകരിക്കുകയും പിന്നിടുകയും ചെയ്യുന്നു. അതുവഴി രാപ്പകലുകള്‍ അനുഭവപ്പെടുന്നു. ഇത്‌ ഏകദിശയില്‍ സ്ഥിരമായി നില്‍ക്കുകയായിരുന്നുവെങ്കില്‍ ഭൂമിയുടെ ഒരുവശം സദാ പകലും മറുവശം സദാ രാത്രിയും ആകുമായിരുന്നു. അപ്പോള്‍ അത്‌ അധിവാസയോഗ്യമല്ലാതാകും. സൃഷ്‌ടികള്‍ക്ക്‌ പ്രയോജനകരമായ വിധത്തിലാണ്‌ രാപ്പകലുകളുടെ ദൈര്‍ഘ്യം നിര്‍ണയിച്ചിട്ടുള്ളത്‌രാപ്പലുകള്‍ തമ്മില്‍ പലരീതിയില്‍ കാണപ്പെടുന്ന വ്യത്യാസങ്ങളുമായി ബന്ധപ്പെട്ട മഹത്തായ യുക്തികള്‍, സൂര്യന്റെയും ഭൂമിയുടെയും ഭൂമിയിലെ വസ്തുക്കളുടെയും സ്രഷ്ടാവ്‌, ഒരേയൊരു ശക്തിയാണെന്നതിന്റെയും ഈ രണ്ടു ഗ്രഹങ്ങളെയും ഒരേയൊരധികാരശക്തി കൈയടക്കിവെച്ചിരിക്കുന്നുവെന്നതിന്റെയും സ്പഷ്ടമായ ലക്ഷണമാകുന്നു. ആ അധികാരശക്തി അന്ധവും ബധിരവും യുക്തിശൂന്യവുമായ ഒന്നല്ല, പ്രത്യുത തന്റെ ഭൂമിയെ കൃത്യമായി കണക്കുകൂട്ടി മനുഷ്യന്റെയും ജന്തുക്കളുടെയും സസ്യങ്ങളുടെയും രൂപത്തില്‍ താന്‍ അതില്‍ സൃഷ്ടിച്ചു വിട്ടിട്ടുള്ള എണ്ണമറ്റ വസ്തുക്കള്‍ക്ക്‌ ഏറ്റം അനുയോജ്യമായ സ്ഥലമാക്കി നിര്‍മിക്കുകയും ചെയ്തിരിക്കുന്നു.ഈ മഹാപ്രപഞ്ചത്തില്‍ അവ്യവസ്ഥിതമോ അലക്ഷ്യമോ അയുക്തികമോ നന്മയില്ലാത്തതോ ആയ ഒന്നുമില്ല. പ്രപഞ്ചസ്രഷ്ടാവിന്റെ പ്രവര്‍ത്താനങ്ങളെല്ലാം യുക്തിബദ്ധമായ ഒരു പദ്ധതിയുടെ സാക്ഷാല്‍ക്കാരമാകുന്നു. രാത്രിനേരത്ത്‌ പെട്ടെന്ന്‌ സൂര്യന്‍ ഉദിച്ചുയര്‍ന്നു മധ്യാഹ്നചനില്‍ വന്നു നില്‍ക്കുക എന്നത്‌ ലോകത്ത്‌ ഒരിക്കലും സംഭവിക്കുന്നില്ല. ചന്ദ്രന്‍ ഒരു ദിവസം മാസപ്പിറവിയാ യും അടുത്ത ദിവസം പൗര്‍ണമിയായും പ്രത്യക്ഷപ്പെടുക എന്നതും സംഭവിക്കുന്നില്ല. ഒരു രാത്രിയും അവസാനിക്കാതെ സ്ഥിരം രാത്രിയായി നിലനില്‌ക്കുന്നില്ല. മനുഷ്യന്‌ തിയ്യതിയും മാസവും നിര്‍ണയിക്കാനാവാത്ത വിധം ദിനരാത്രമാറ്റങ്ങള്‍ യാതൊരു വ്യവസ്ഥയുമില്ലാത്ത ചങ്ങലയായിത്തീരുന്നുമില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ദിവസം ഏതു തിയ്യതിയിലാണെന്നോ എപ്പോള്‍ ഏതു ജോലി തുടങ്ങണമെന്നോ എന്ന്‌ അവസാനിനിപ്പിക്കണമെന്നോ ഉഷ്ണകാലം ഏതു തിയ്യതിയിലാണെന്നോ അറിയാനോ നിര്‍ണയിക്കാനോ മനുഷ്യനു സാധ്യമാകുമായിരുന്നില്ല.പ്രപഞ്ചത്തിലെ കണക്കറ്റ മറ്റെല്ല പ്രതിഭാസങ്ങളും മാറ്റിനിര്‍ത്തി രാപ്പകലുകളുടെ ഈ വ്യവസ്ഥാപിത തത്ത്വം മാത്രം ഒന്നു കണ്ണുതുറന്നു കാണാനും അല്‌പം കാര്യമായി ആലോചിക്കാനും തയ്യാറായാല്‍മതി, മഹത്തായ ഈ വ്യവസ്ഥയും ചിട്ടയും ഒരു സര്‍വശക്തന്‍ നിലനിര്‍ത്തിയിട്ടുള്ളതാണെന്നും, അതിന്റെ നിലനില്‍പ്‌ അവന്‍ ഈ ഭൂമിയില്‍ സൃഷ്ടിച്ചുവിട്ടിട്ടുള്ള സൃഷ്ടികളുടെ എണ്ണമറ്റ താല്‍പര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും അത്‌ അസനിഗ്‌ധമായി പ്രഖ്യാപിക്കുന്നത്‌ കാണാം.ഭൂമിയെ അതിലുള്ള ജീവികള്‍ക്ക്‌ അധിവാസയോഗ്യമാക്കിയ ഘടകങ്ങളും അവ തമ്മിലുള്ള പരസ്‌പര ബന്ധങ്ങളുമെല്ലാം, അഭിജ്ഞനായ ഒരു സ്രഷ്ടാവിന്റെ ആസൂത്രണമൊന്നുമില്ലാതെ ഒരു യാദൃശ്ചിക സ്‌ഫോടനത്താല്‍ സ്വയം സ്ഥാപിതമായതാണെന്ന്‌ ഒരു നിമിഷത്തേക്കെങ്കിലും വിശ്വസിക്കാന്‍ ഈ സംഗതികളെല്ലാം വീക്ഷിക്കുന്ന ബുദ്ധിയുള്ള ആര്‍ക്കും സാധ്യമാവുകയില്ല.

കടപ്പാട്‌: പി. അബ്ദുല്ല കുട്ടി

4 comments:

അബ്ദുല്‍ അലി said...

മനുഷ്യന്‍ രാപ്പകല്‍ ദര്‍ശിച്ചുകൊണ്ടിരിക്കുകയും എന്നാല്‍ ചിന്തിക്കുകയോ ആലോചിക്കുകയോ ചെയ്യാതെ അവഗണിച്ചുകളയുകയും ചെയ്യുന്ന വസ്തുക്കള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടുന്ന ചില സുപ്രധാന ദൃഷ്ടാന്തങ്ങള്‍ ....

അബ്ദുല്‍ അലി said...

October 7, 2007 8:19 PM
കൊട്ടുകാരന്‍ said...
abdulali യുടെ ```പുസ്ത്സ്കം```കുറച്ചു ഭാഗം വായിച്ചു. രണ്ടോ മൂന്നോ ചോദ്യങ്ങളില്‍ ഒതുക്കാവുന്ന കാര്യങ്ങളേ അതിലുള്ളു. മൃഗങ്ങളെപ്പോലെ ചുറ്റുപാടുകളെ നോക്കിക്കണ്ട കാലത്ത് പ്രാകൃത മനുഷ്യര്‍ ചിന്തിച്ച കാര്യങ്ങള്‍ തന്നെയാണ് കുറേ വാചകക്കസര്‍ത്തുകളുടെ അകമ്പടിയോടെ ഇതിലും അവതരിപ്പിച്ചിട്ടുള്ളത്. പ്രപഞ്ചപ്രതിഭാസങ്ങളെക്കുറിച്ച് ആധുനിക മനുഷ്യന്‍ ശാസ്ത്രീയ മാര്‍ഗ്ഗത്തില്‍ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ചൊന്നും മനസ്സിലാക്കാതെ പണ്ടാരോ എഴുതിവെച്ച വിഡ്ഡിത്തങ്ങള്‍ ആവര്‍ത്തിക്കുകയാണിവിടെയും ചെയ്തിട്ടുള്ളത്.

1. സൂക്ഷ്മവും കണിശവും വ്യക്തവും വ്യവസ്ഥാപിതവുമായ ആസൂത്രണം പ്രപഞ്ചത്തില്‍ കാണുന്നുണ്ടോ?

മൃഗത്തെപ്പോലെ പ്രപഞ്ചത്തെ നോക്കിക്കാണുന്നവരുടെ നിരീക്ഷണമാണിത്, പ്രപഞ്ചത്തില്‍ അങ്ങനെയൊരു സൂക്ഷ്മവ്യവസ്തയും കാണാന്‍ കഴിയില്ല എന്നതാണു വസ്തുത . ക്രമമില്ലാത്ത ഒരു പൊട്ടിത്തെറി പോലെയാണ് പ്രപഞ്ചഘടന. ഇപ്പോഴും പലഭാഗത്തും നക്ഷത്രങ്ങളും മറ്റും പൊട്ടിത്തെറിക്കുന്നുണ്ട്;. കൂട്ടിമുട്ടുന്നുണ്ട്;.പുതിയവ ഉണ്ടാകുന്നു; .പലതും നശിക്കുന്നു. പൊട്ടിച്ചിതറുന്ന ഒരു കണികയില്‍ ഇരുന്നുകൊണ്ടു നോക്കുമ്പോള്‍ അതിനു ക്രമവും വ്യവസ്ഥയും ഉണ്ടെന്നു നമുക്കു തോന്നുകയാണ്. കോടിക്കണക്കിനു വര്‍ഷങ്ങള്‍ നീണ്ട ഒരു കാലയളവിനെ സമയത്തിന്റെ ഒരു ചെറിയ യൂണിറ്റായി കാണുകയും പൊട്ടിത്തെറിക്കുന്ന പ്രപഞ്ചത്തെ പുറത്തുനിന്നു നോക്കുകയും ചെയ്താലേ അതിന്റെ ക്രമമില്ലായ്മ നമുക്കു കാണാന്‍ കഴിയൂ. പൊട്ടക്കിണറ്റിലെ തവളയുടെ അവസ്ഥയിലാണു നാം ഇതൊക്കെ നോക്കിക്കാണുന്നത്.

ഇനി കുര്‍ ആനില്‍ നിന്നു പകര്‍ത്തിയ ഉദാഹരണങ്ങള്‍ തന്നെ നോക്കാം. പര്‍വ്വതങ്ങളും മഴക്കാറും മഴയും ജീവജാലങ്ങളുമൊക്കെ യാണല്ലോ ദൃഷ്ടാന്തങ്ങളായി പറയുന്നത്. ജീവജാലങ്ങളുടെ ആവശ്യമനുസരിച്ച് വെള്ളം എത്തിച്ചു കൊടുക്കാന്‍ മഴ പെയ്യുകയല്ല ; മറിച്ചാണ് സംഭവിക്കുന്നത്. മഴ പെയ്യുന്ന സ്ഥലങ്ങളില്‍ വെള്ളത്തിന്റെയും മറ്റനുകൂല സാഹചര്യങ്ങളുടെയും ലഭ്യതക്കനുസരിച്ച് ജീവജാലങ്ങള്‍ പരിണമിച്ചുണ്ടാവുകയാണ്. മഴ കുറഞ്ഞ ഭാഗങ്ങളില്‍ ആ പരിതസ്ഥിതിക്കനുയോജ്യമായ ജൈവ പരിണാമം നടക്കുന്നു. തീരെ വെള്ളം ലഭിക്കാത്ത സ്ഥലങ്ങള്‍ മരുഭൂമിയാകുന്നു. ഒരു തോല്‍പ്പാത്രം വെള്ളത്തിനായി യുദ്ധം ചെയ്തിരുന്നു നബിയുടെ കാലത്ത് അറബികള്‍. അതേ സമയം മഴ ആവശ്യമില്ലാത്ത സമുദ്രത്തിലും മറ്റും അക്കാലത്തും ധാരാളം മഴ പെയ്തിരുന്നു. ഇപ്പോഴും മനുഷ്യന്റെയോ മറ്റു ജീവികളുടെയോ ആവശ്യമനുസരിച്ചല്ല മഴ പെയ്യുന്നത്. ആവശ്യത്തിനു മഴ കിട്ടാതെ കൃഷി നശിക്കുന്നതും അതു തടയാന്‍ നമ്മള്‍ പ്രകൃതിവിരുദ്ധമായ ജലശേഖരണമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുന്നതും അല്ലാഹു വേണ്ട അളവിലും ക്രമത്തിലും വെള്ളം കോരിത്തരാത്തതുകൊണ്ടാണല്ലോ! കേരളത്തിലെ കാലാവസ്ഥ തന്നെ നോക്കാം. ആവ്ശ്യത്തിലധികം മഴപെയ്ത് വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും ദുരിതം സ്ര്ഷ്ടിക്കുകയും വേനല്‍ക്കാലത്ത് വരള്‍ച്ച വന്ന് നരകിക്കുകയും ചെയ്യുന്നു. പശ്ചിമഘട്ടത്തിനപ്പുറത്തേക്കു മേഘത്തിനു പോകാന്‍ കഴിയാത്തതിനാല്‍ അപ്പുറത്ത് ഭൂമി തരിശായിക്കിടക്കുന്നു. എവിടെ ഇതിനൊക്കെ ക്രമവും വ്യവസ്ഥയും ? ഭൂകമ്പങ്ങളുണ്ടായി എത്രപേരാണ് ഓരോ കൊല്ലവും മരിക്കുന്നത്?
ഭൂമിയില്‍ മനുഷ്യനും ജീവികളും ഉടലെടുത്തിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു.[ഏതാനും ദശലക്ഷം കൊല്ലങ്ങള്‍ മാത്രം.].എന്നാല്‍ അതിനു മുമ്പ് കോടിക്കണക്കിനു വറ്ഷങ്ങള്‍ ഭൂമി ചുട്ടു പഴുത്ത ഒരു ഗോളമായി നിലനിന്നിരുന്നു. അതിനും മുമ്പ് എത്രയോ കോടി കോടി വറ്ഷം അത് സൂര്യന്റെ ഭാഗമായും മറ്റു നക്ഷത്രങ്ങളുടെ ഭാഗമായും പ്രപഞ്ചത്തില്‍ ഒഴുകിനടന്നിട്ടുണ്ടാകാം. മനുഷ്യന്‍ എന്ന ഒരു ജീവിക്കു വേണ്ടി ബോധപൂര്‍വ്വം ഒരു `ആള്‍`‍ദൈവം ആസൂത്രണം ചെയ്തതാണു ഭൂമിയെങ്കില്‍ അത് അനുയോജ്യമായ വിധത്തില്‍ സംവിധാനിച്ച് അങ്ങ് വെച്ചാല്‍ പോരേ? എന്തിനിത്രയും കാലവും ദ്ര്രവ്യവും ഊര്‍ജ്ജവും പാഴാക്കണം? ഭൂമിയെക്കാള്‍ നൂറു മടങ്ങ് വലിപ്പമുള്ള മറ്റനേകം ഗ്രഹങ്ങള്‍ ഉണ്ട്. സൂര്യന്‍ ഭൂമിയുടെ ലക്ഷക്കണക്കിനിരട്ടി വലിപ്പമുണ്ട്. സൂര്യനെക്കാള്‍ വലിയ പതിനായിരം കോടി നക്ഷത്രങ്ങള്‍ നമ്മുടെ ഗാലക്സിയില്‍ മാത്രമുണ്ട്. അതുപോലുള്ള പതിനായിരം കോടിയില്‍ പരം ഗാലക്സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം അല്ലാഹു ഉണ്ടാക്കിയതാണോ? അതിനൊക്കെയുള്ള കഴിവ് ഖുര്‍ ആന്‍ പരിചയപ്പെടുത്തുന്ന ആ കുട്ടിദൈവത്തിനുണ്ടോ? മനുഷ്യനു വേണ്ടിയാണോ ഇക്കണ്‍ട നക്ഷത്രക്കൂട്ടങ്ങളുടെ കൂട്ടങളുടെ ......കൂട്ടങ്ങളൊക്കെ ഉണ്ടാക്കി വെച്ചിട്ടുള്ളത്? എന്തിന്‍? “നീയാണു വലിയവന്‍ ,നീ തന്നെയാണു മഹാന്‍“ എന്നു നമ്മള്‍ അങേരെ സ്തുതിച്ചുകൊണ്ടിരിക്കാന്‍!!!! ഹായ് എന്തൊരു വിഡ്ഡിത്തം കൂട്ടരേ നിങ്ങള്‍ പറയുന്നത്!
സൂക്ഷ്മവും കണിശവുമായ ആസൂത്രണം നടത്തിയാണിതൊക്കെ നിര്‍മ്മിച്ചതെങ്കില്‍ ഇത്രയേറെ പാകപ്പിഴകളും അപൂര്‍ണ്ണതകളും ഈ പ്രപഞ്ചത്തിനു വന്നതെന്തുകൊണ്ട്? അല്‍ഭുതവ്യവസ്ഥ എന്ന പ്രയോഗം തന്നെ അര്‍ഥശൂന്യമാണെന്നു ശാസ്ത്രത്തിന്റെയും മതങ്ങളുടെയും ചരിത്രം ബോധ്യപ്പെടുത്തുന്നില്ലേ? എന്താണീ അല്‍ഭുതം ? നമ്മള്‍ക്കു മനസ്സിലാകാത്തതെല്ലാം നമ്മള്‍ക്ക് അല്‍ഭുതമാണ്‍. നബിയുടെ കാലത്ത് മഴയും ഇടിയും കാറ്റും ചന്ദ്രനും സൂര്യഗ്രഹണവും ഒക്കെ അല്‍ഭുതങ്ങളായിരുന്നു. അതിനാല്‍ അതൊക്കെ മലക്കുകളുടെ പണിയായും അല്ലാഹുവിന്റെ ശിക്ഷയായുമൊക്കെ വ്യാഖ്യാനിക്കപ്പെട്ടു. പ്രകൃതിപ്രതിഭാസങ്ങളെപ്പറ്റി ഖുര്‍ ആനില്‍ എഴുതി വെച്ചിട്ടുള്ള പമ്പരവിഡ്ഡിത്തങ്ങള്‍ അന്നത്തെ മനുഷ്യരുടെ അജ്ഞതയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. ഇതെല്ലാം മനസ്സിലായിട്ടും വ്യാഖ്യാനക്കസര്‍ത്തുകാട്ടി പാമരജനങ്ങളെ പറ്റിച്ച് കാശുണ്ടാക്കുകയാണിക്കൂട്ടരെല്ലാം ചെയ്യുന്നത്. പാവം ജനത്തിന് ഈ തട്ടിപ്പുകാരെ തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നു മാത്രം!

അബ്ദുല്‍ അലി said...

October 7, 2007 11:20 PM
കൊട്ടുകാരന്‍ said...
ഓക്സിജന്‍ നമ്മള്‍ക്കു ശ്വസിക്കാനുണ്ടാക്കിയതാണ്, കടല്‍ നമുക്ക് മീന്‍ പിടിക്കാനും മാലമണി പെറുക്കാനും ഊണ്ടാക്കിയതാണ്, നക്ഷത്രങ്ങള്‍ നമുക്ക് ദിക്കറിയാനും കാലമളക്കാനുമാണുണ്ടാക്കിയിരിക്കുന്നത്,തുടങ്ങിയ ബാലിശവാദങ്ങള്‍ ഇക്കാലത്ത് ബുദ്ധിയുള്ളവരാരും ഉന്നയിക്കുകയില്ല. ഒന്നാംക്ലാസിലെ കുട്ടിയോട് മഴ പെയ്യുന്നതെന്തിനാണ്? എന്നു ചോദിച്ചാല്‍ അതു സ്ലെയ്റ്റ് മായ്ക്കാനാണെന്നു ഉത്തരം പറയുന്നതിനെക്കാള്‍ ബാലി ശമാണ് ഖുര്‍ ആനിലെ ദൃഷ്ടാന്തം പറച്ചിലുകള്‍ പലതും. അതെല്ലാം എടുത്ത് പരത്തിയിരിക്കുകയാണിവിടെ.

ഒക്സിജന്‍ ഉണ്ടായതുകൊണ്ട് ജീവകോശങ്ങള്‍ പരിണമിച്ചുണ്ടാവുകയാണു ചെയ്തത്. അല്ലാതെ നമ്മള്‍ക്കു ശ്വസിക്കാന്‍ വേണ്ടി ഓക്സിജന്‍ ഉണ്ടാക്കുകയല്ല. പരിണാമം ഇന്നും തുടര്‍ന്നു കോണ്ടിരിക്കുന്നു എന്നതു തന്നെ സൂക്ഷ്മാസൂത്രകനായ ഒരു സ്രഷ്ടാവിന്റെ അഭാവത്തെയാണു തെളിയിക്കുന്നത്. എല്ലാം ആദ്യമേ പൂര്‍ണരൂപത്തില്‍ പ്ലാന്‍ ചെയ്തതാണെങ്കില്‍ പൂര്‍ണത തേടിയുള്ള പരിണാമം ആവശ്യമില്ലല്ലോ.

ഭൂമിയില്‍ ഒരു പദാര്‍ത്ഥത്തിലും സ്വയം വളരാനും വികസിക്കാനുമുള്ള ശക്തിയില്ല പോലും! .ആരു പറഞ്ഞു തന്നു ഈ വിഡ്ഡിത്തം.?
ആങ്ങനെയുള്ള ശക്തി, വളരുന്ന എല്ലാ പദാര്‍ത്ഥങ്ങളിലും ഉണ്ട്. ജൈവ പദാര്‍ത്ഥങ്ങള്‍ രൂപപ്പെടാന്‍ കാരണമായത് കാര്‍ബണ്‍ ഉള്‍‍പ്പെടെയുള്ള മൂലകങ്ങളുടെ വന്തോതില്‍ സംയോജിക്കാനുള്ള ഘടനാപരമായ സവിശേഷതയല്ലേ? ജൈവരസതന്ത്രത്തിന്റെ ബാലപാഠങ്ങളെങ്കിലും അറിയുന്നവരോട് ചോദിച്ചു നോക്കുക. വിത്തുകളെല്ലാം മുളയ്ക്കാതെ കിടക്കുമ്പോള്‍ അവ നിര്‍ജ്ജീവമാണെന്ന ഖുര്‍ ആന്റെ വാദവും വിവരക്കേടാണ്. ജീവന്‍ ഒരു അല്‍ഭുതമായിരുന്ന കാലമൊക്കെ പോയി . കൃത്രിമമായി ജീവന്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ശാസ്ത്രകാരന്മാര്‍ക്കുറപ്പായിക്കഴിഞ്ഞു. അതും ഖുര്‍ ആനിലുണ്ട് എന്നു കണ്ടു പിടിക്കാനുള്ള ഗവേഷണങ്ങളില്‍ ഇപ്പോള്‍ തന്നെ ഏര്‍പ്പെട്ടവരുണ്ടാകും!

എല്ലാ ജീവികള്‍ക്കും ഇണകളുണ്ടത്രേ! ഇണചേരാതെ അലൈമ്ഗിക പ്രത്യുല്പാദനം നടത്തുന്ന നിരവധി ജീവികളുണ്ടെന്ന കാര്യം പാവം സര്‍വ്വജ്ഞാനിക്കറിയില്ല! പരിണാമം അശാസ്ത്രീയമാണെന്നു വാദിക്കാനായി, എല്ലാ ജീവികളും തമ്മിലുള്ള വ്യതിരിക്തത ചൂണ്ടിക്കാണിക്കുന്നവര്‍ ജീവികള്‍ തമ്മിലുള്ള സാമ്യവും ക്രമാനുഗതമായ വികാസത്തിന്റെ വ്യക്തമായ തെളിവുകളും കണ്ടില്ലെന്നു നടിക്കുന്നു.

ഓരോ ജീവിയെയും എന്താവശ്യത്തിനു വേണ്ടി സൃഷ്ടിച്ചോ,ആ ആവശ്യത്തിനനുസരിച്ച ശരീരപ്രകൃതിയാണത്രേ അവക്കുള്ളത്. അല്ലാഹുവിനെ സ്തുതിക്കാനും നിസ്കരിക്കാനും വേണ്ട അവയവങ്ങള്‍ മാത്രം മതിയായിരുന്നല്ലോ മനുഷ്യര്‍ക്ക്. ചിന്തിക്കാന്‍ ബുദ്ധി കൊടുക്കാതെ ഒരു നിസ്കാര യന്ത്രം ഉണ്ടാക്കിയാല്‍ മതിയായിരുന്നു. ഓരോ ജീവിക്കും ഇപ്പോഴുള്ള ശരീരഘടന അന്യൂനമാണെന്ന മഹാവിഡ്ഡിത്തവും അദ്ദേഹം ഉന്നയിക്കുന്നു. ലക്ഷകണക്കിനു വര്‍ഷങ്ങളിലൂടെ അനേകായിരം തലമുറകളിലൂടെ പരിണമിച്ച ജീവികള്‍ അവയുടെ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ക്കനുസരിച്ച് ഉള്‍പ്പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാകുന്നു എന്നു ശാസ്ത്രം തെളിയിച്ചിട്ടു കാലമെത്രയായി. എല്ലാ സൃഷ്ടിയും അന്യൂനമാണെങ്കില്‍ അവ പൂര്‍ണത തേടി വികസിക്കുന്നതെന്തിന്? മറ്റു ജീവികള്‍ പോകട്ടെ ;മനുഷ്യന്റെ ശരീരഘടന അന്യൂനമാണെന്ന് വിവരമുള്ളവരാരെങ്കിലും പറയുമോ?


ഒരു പാമ്പ് എത്ര വേഗത്തില്‍ ഓടിയാലും വീണ് എല്ലൊടിയാറില്ല. എന്നാല്‍ മനുഷ്യനോ; ഒരിക്കലെങ്കിലും കയ്യോ കാലോ ഒടിയാത്തവര്‍ വിരളമായിരിക്കും! ഒരു പട്ടിക്ക് ഒരിക്കല്‍ മണം പിടിച്ചാല്‍ ആ മണം ഉപയോഗിച്ച് എത്ര പേരെയും തിരിച്ചറിയാന്‍ കഴിയും .മനുഷ്യനു മണം കൊണ്ട് മനുഷ്യരെപ്പോലും അറിയാനാവില്ല. പക്ഷികള്‍ക്ക് അവരിച്ഛിക്കുന്നേടത്തെല്ലാം അതിവേഗത്തില്‍ പറന്നെത്താം .ഒരുചിറകുപോലും ഇല്ലാത്ത മനുഷ്യന്റെ ശരീരം എങ്ങനെ അന്യൂനമാകും? പരുന്തിന്റെ കാഴ്ച്ചയുടെ അടുത്തൊന്നും എത്തുകയില്ല നമ്മുടെ കണ്ണിന്റെ ശേഷി, അതും പകുതിയോളം പേര്‍ക്കെങ്കിലും കണ്ണട വേണം എന്നതാണു സ്ഥിതി. പല തരം വൈകല്യങ്ങളോടെ ജനിക്കുന്നവരാണു 10% പേര്‍. തലയൊട്ടിയവരും കാലില്ലാത്തവരും ഗുരുതരമായ ബുദ്ധിമാന്ദ്യം ഉള്ളവരും മറ്റും മറ്റുമായി എത്ര എത്ര ന്യൂനതകള്‍ !! ഓരോ ജീവിയും അതിനുള്ള ഘടനക്കും കഴിവിനും അനുസരിച്ച് ഉള്ളതുകൊണ്ട് തൃപ്തിയടഞ്ഞു ക്ഴിഞ്ഞു കൂടുകയാണു ചെയ്യുന്നത്. കൂടുതല്‍ ശേഷികള്‍ നേടാനായി സ്വയം പരിണമിക്കുകയും ചെയ്യുന്നു.

ചെരുപ്പിനൊപ്പിച്ചു കാലു ചെത്തുന്ന വ്യാഖ്യാനക്കസര്‍ത്തുകളാണു മതവക്താക്കള്‍ നടത്തുന്നത്.
ഇനി അബ്ദുല്‍ അലി നിരത്തുന്ന വാദങ്ങളൊക്കെ സമ്മതിച്ച് ഒരു സ്രഷ്ടാവുണ്ടെന്നു തന്നെ വെക്കുക. ആ സ്രഷ്ടാവിന്റെ ഏകത്വം എന്ന വാദത്തില്‍ എന്തു യുക്തിയാണുള്ളത്? ഒന്നിലധികം പേര്‍ ചേര്‍ന്ന് ഇതൊക്കെ ഉണ്ടാക്കിയാല്‍ എന്താ പ്രശ്നം ? മനുഷ്യര്‍ തന്നെ വലിയ കെട്ടിടങ്ങളും പാലങ്ങളുമൊക്കെ ഉണ്ടാക്കുന്നത് ഒറ്റക്കാണോ? വലിയ ഒരു നഗരം ആസൂത്രണം ചെയ്യുന്നത് ഒരു എഞിനീയര്‍ ഒറ്റക്കിരുന്നാണോ? കുറേയാളുകള്‍ കൂടി ചര്‍ച്ച ചെയ്തുണ്ടാക്കുമ്പോഴല്ലേ കൂടുതല്‍ നന്നാവുക? സര്‍വ്വശക്തന്‍ എന്ന സങ്കല്‍പ്പം തന്നെ അര്‍ഥശൂന്യമാണെന്നു ഖുര്‍ ആനിലെ വൈരുദ്ധ്യങ്ങള്‍ തെളിയിക്കുന്നുല്ലേ? എന്തുണ്ടാക്കാനും `കുന്‍ ‍` എന്നു പറഞ്ഞാല്‍ മതിയെന്നു വീമ്പു പറയുകയും ;അതേ സമയം തനിക്ക് ഒരുപാടു മലക്കുകളുടെ സഹായം വേണമെന്നും മനുഷ്യരും തന്നെ സഹായിക്കണമെന്നുമൊക്കെ പറയുന്ന അല്ലാഹു എങ്ങനെ സര്‍വ്വശക്തനാകുന്നത്?
സര്‍വ്വോപരി, ഇത്രയൊക്കെ യുക്തിയും കഴിവും ഉള്ള ഒരു അളല്ലാഹു തനിയെ അങ്ങുണ്ടായി എന്നു പറയുന്നതിന്റെ യുക്തിയോ?

താരാപഥം said...

ശാസ്ത്രീയമായ ചിന്തയുടെയും തുടര്‍ന്നുള്ള പരീക്ഷണത്തില്‍ തെളിയുന്ന അനുഭവത്തിന്റെയും വെളിച്ചത്തിലാവണം ചുരുങ്ങിയപക്ഷം ഭൗതിക കാര്യങ്ങളിലെങ്കിലും വിശ്വസിക്കേണ്ടത്‌; അന്ധമായിട്ടല്ല. ഒന്ന് ഇവിടെ നോക്കുക./