Sunday, September 30, 2007

ഖുര്‍ആന്റെ ലക്ഷ്യം

എതുതരം ഗ്രന്ഥമാണ്‌ ഖുര്‍ആന്‍? അതിന്റെ അവതരണവും ക്രോഡീകരണവും എവ്വിധമായിരുന്നു? അതിന്റെ പ്രതിപാദ്യം എന്ത്‌? എല്ലാ ചര്‍ച്ചകളും എതു ലക്ഷ്യത്തിലേക്ക്‌ നയിക്കുന്നു? വൈവിധ്യമാര്‍ന്ന അനേകം വിഷയങ്ങള്‍ എതൊരു കേന്ദ്ര വിഷയവുമായി ബന്ധിച്ചിരിക്കുന്നു? ആശയപ്രകാശനത്തിന്‌ എതൊരു ശൈലിയും സമര്‍ഥന രീതിയുമാണ്‌ സ്വീകരിച്ചിട്ടുള്ളത്‌? ഇതുപോലുള്ള ഒട്ടനേകം പ്രധാനചോദ്യങ്ങള്‍ക്ക്‌ തുടക്കത്തില്‍തന്നെ വ്യക്തവും വളച്ചുകെട്ടില്ലാത്തതുമായ മറുപടി ലഭിക്കുന്ന പക്ഷം ഖുര്‍ആന്റെ വായനക്കാരന്‌ ഒട്ടുവളരെ അപകടങ്ങളില്‍നിന്ന് രക്ഷപ്പെടാവുന്നതാണ്‌. അയാളുടെ പഠന-പരിചിന്തനസരണി തുറസ്സായിത്തീരുകയും ചെയ്യും.

ഖുര്‍ആന്റെ പ്രതിപാദ്യം മനുഷ്യനാണ്‌. യാഥാര്‍ഥ്യനിഷ്‌ഠമായ വിലയിരുത്തലില്‍ അവന്റെ ജയപരാജയങ്ങള്‍ ഏതില്‍ സ്ഥിതിചെയ്യുന്നുവെന്ന് അത്‌ വിലയിരുത്തുന്നു.

ശരിയായ നയത്തിലേക്ക്‌ മനുഷ്യനെ ക്ഷണിക്കുകയും താന്‍ അശ്രദ്ധകൊണ്ട്‌ വിനഷ്‌ടമാക്കിയതും ധിക്കാരംകൊണ്ട്‌ വികൃതമാക്കിയതുമായ ദൈവിക സന്മാര്‍ഗത്തെ വീണ്ടും അവന്റെ മുമ്പില്‍ വ്യക്തമായി സമര്‍പ്പിക്കുകയുമാണ്‌ ഖുര്‍ആന്റെ ലക്ഷ്യം.

വിശുദ്ധഖുര്‍ആന്‍ ഒരിടത്തും അതിന്റെ പ്രതിപാദ്യത്തില്‍നിന്നും കേന്ദ്രവിഷയത്തില്‍നിന്നും പ്രഖ്യപിത ലക്ഷ്യത്തില്‍നിന്നും മുടിനാരിഴ വ്യതിചലിച്ചിട്ടില്ല. ചെറുതും വലുതുമായ അനേകം വര്‍ണസുന്ദരമായ രത്നമണികള്‍ ഒരു മാലച്ചരടിലെന്നപോലെ, അതിലെ ബഹുവിധമായ വിഷയങ്ങളെല്ലാം കേന്ദ്രവിഷയവുമായി ആദ്യാന്തം കേര്‍ത്തിണക്കപ്പെട്ടിരിക്കുന്നു. ആകാശ ഭൂമികളുടെ അദ്ഭുത സംവിധാനവും മനുഷ്യന്റെ സൃഷ്ടി വൈശിഷ്ട്യവും ചക്രവാള ചിഹ്നങ്ങളുടെ പഠന പര്യവേഷണവും പൂര്‍വിക സമുദായങ്ങളുടെ ചരിത്രസംഭവങ്ങളുമൊക്കെ ഖുര്‍ആന്റെ ചര്‍ച്ചാവിഷയങ്ങളാണ്‌. പ്രകൃത്യാതീത പ്രശ്നങ്ങളും അഭൗമികയാഥാര്‍ഥ്യങ്ങളും ഒട്ടനേകം മറ്റു കാര്യങ്ങളും പരാമര്‍ശിക്കുന്നു. അതൊന്നും പക്ഷേ, പ്രകൃതിശാസ്ത്രമോ ചരിതമോ തത്വശാസ്ത്രമോ മറ്റേതങ്കിലും ശാസ്ത്ര-കലകളോ പഠിപ്പിക്കാന്‍ വേണ്ടിയല്ല, പിന്നെയോ യാഥാര്‍ഥ്യത്തെക്കുറിച്ച്‌ മനുഷ്യന്റെ തെറ്റിദ്ധാരണകളകറ്റാന്‍ യാഥാര്‍ഥ്യം മനുഷ്യമനസ്സില്‍ പ്രതിഷ്‌ഠിക്കാന്‍, യാഥാര്‍ഥ്യ വിരുദ്ധ നയത്തിന്റെ അബദ്ധവും അനര്‍ഥവും തെളിച്ചുകാട്ടാന്‍, യാഥാര്‍ഥ്യത്തിലധിഷ്‌ഠിതവും സദ്‌പരിണാമ പ്രദായകവുമായ നയത്തിലെക്ക്‌ മനുഷ്യനെ ക്ഷണിക്കാന്‍, ഓരോ കാര്യവും ഇക്കാരണത്തല്‍ തന്നെ ലക്ഷ്യത്തിന്നാവശ്യമായത്രയും അവശ്യമായ വിധത്തിലും മാത്രമേ പരാമര്‍ശിക്കുന്നുള്ളു.

എന്നാല്‍ ഖുര്‍ആന്റെ പ്രതിപാദനരീതിയും ക്രോഡീകരണക്രമവും ഒട്ടുവളരെ ഉള്ളടക്കവും ശരിയാംവണ്ണം ഗ്രഹിക്കണമെങ്കില്‍ ഖുര്‍ആന്റെ അവതരണസ്വഭാവത്തെക്കുറിച്ചും നല്ലപോലെ ഗ്രഹിച്ചിരിക്കേണ്ടതുണ്ട്‌. അല്ലാഹു ഒരിക്കല്‍ മുഹമ്മദ്‌ നബിക്ക്‌ എഴുതി അയച്ചുകൊടുക്കുകയും അത്‌ പ്രസിദ്ധികരിച്ച്‌ ഒരു സവിശേഷ ജീവിതരീതിയിലേക്ക്‌ ജനങ്ങളെ ക്ഷണിക്കണമെന്നുല്‍ബോധിപ്പിക്കുകയും ചെയ്തുവെന്നല്ല, ഒരു ഗ്രന്ഥമെന്ന നിലയില്‍, ഖുര്‍ആന്റെ സ്വഭാവം, പ്രതിപാദ്യവും ഉള്ളടക്കങ്ങളും ഗ്രന്ഥരചനാ സമ്പ്രദായത്തില്‍ ക്രോഡീകരിച്ചുമല്ല അവതരിച്ചിട്ടുള്ളത്‌. അതിനാല്‍ ഇതര കൃതികളുടേതായ ക്രമവും ക്രോഡീകരണവും ഇവിടെ കാണാവതല്ല.

ഖുര്‍ആന്‍ ഒരു സവിസ്‌തരമായ സാന്മാര്‍ഗിക പുസ്തവും നിയമസൂഹിതറ്റുമാണെന്ന് ശരാശരി വായനക്കാരന്‍ നേരത്തെ ധരിച്ചുവെച്ചിരിക്കും. പക്ഷേ, അയാളത്‌ വായിച്ചുനോക്കുമ്പോള്‍ സാമൂഹിക-നഗരിക-രാഷ്ട്രിയ സാമ്പത്തികാദി ജീവിതമേഖലകളെക്കുറിച്ച്‌ സുവിശദമായ നിയമാവലികള്‍ അതില്‍ കാണുന്നില്ലെന്നു മാത്രമല്ല ഖുര്‍ആന്‍ ആവര്‍ത്തിച്ച്‌ ഊന്നുന്ന നമസ്കാരം, സകാത്ത്‌ മുതലായ നിര്‍ബന്ധ കര്‍മ്മങ്ങളെക്കുറിച്ച്‌ പോലും അവശ്യമായ വിശദംശങ്ങളുടെ ഒരു നിയമാവലി അതു സമര്‍പ്പിച്ചിട്ടില്ലെന്നതാണ്‌ വസ്തുത. ഇതും വായനക്കാരന്റെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഖുര്‍ആന്‍ ഏതര്‍ത്ഥത്തിലുള്ള സന്മര്‍ഗ്ഗ ഗ്രന്ഥമാണെന്ന് അയാള്‍ ചിന്തിച്ചുപോകുന്നു.

ഖുര്‍ആന്‍ ശാഖോപശാഖകളുടെ ഗ്രന്ഥമല്ല. മൗലിക തത്വങ്ങളുടെ ഗ്രന്ഥമാണ്‌. ഇസ്ലാമികവ്യവസ്ഥിതിയുടെ ധൈഷണികവും ധാര്‍മികവുമായ അടിത്തറകളെ പൂര്‍ണ വ്യക്തതയോടെ ഉന്നയിക്കുകയും ബുദ്ധിപരമായ സമര്‍ത്ഥനംകൊണ്ടും വൈകാരിക സമീപനംകൊണ്ടും അവയെ മേല്‍ക്കുമേല്‍ ഭദ്രമാക്കുകയുമാണ്‌ അതിന്റെ സാക്ഷാല്‍ കൃത്യം. അതിനപ്പുറം ഇസ്ലാമിക ജീവിതത്തിന്റെ പ്രായോഗിക രൂപത്തെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്‍ നല്‍ക്കുന്ന മാര്‍ഗ്ഗദര്‍ശനം ഓരോ ജീവിതവശത്തേയും പറ്റി സവിസ്തരം നിയമച്ചട്ടങ്ങള്‍ പഠൊപ്പിച്ചുകൊണ്ടല്ല. പ്രത്യുത, ജീവിതത്തിന്റെ ഓരോ മേഖലയുടെ നാലതിരുകള്‍ നിര്‍ണ്ണയിക്കുകയും പല പ്രതേക സ്ഥനങ്ങളില്‍ പ്രകടമാംവണ്ണം ദൈവഹിതാനുസാരം എങ്ങനെ സംവിധനിക്കപ്പെടണമെന്ന് നിര്‍ദേശിച്ചുതരികയാണത്‌ ചെയ്യുന്നത്‌. ഈ നിര്‍ദേശാനുസൃതമായി ഇസ്ലാമിക ജീവിതത്തിന്‌ പ്രാവര്‍ത്തികരൂപം നല്‍കുക പ്രവാചകന്റെ കര്‍ത്തവ്യമായിരുന്നു. അതായത്‌ ഖുര്‍ആന്‍ അവതരിപ്പിച്ച മൗലിക തത്വങ്ങളെ പ്രയോഗവല്‍ക്കരിച്ചുകൊണ്ട്‌ വൈയക്തിക സ്വഭാവചര്യകളുറ്റെയും സാമൂഹിക രാഷ്ട്രിയ സംവിധാനത്തിന്റെയും സമൂര്‍ത്ത മാതൃകകള്‍ സമര്‍പ്പിക്കുകയായിരുന്നു പ്രവാചകന്റെ ദൗത്യം. അതിനുവേണ്ടിയായിരുന്നു അവിടന്ന് നിയോഗിതനായതുതന്നെ.

3 comments:

കാവലാന്‍ said...

matham ennathu ethu pathrathilumm vilamban pattunnoru sambaralla suhruthe.

അബ്ദുല്‍ അലി said...

വിനൂ,
സമ്പാര്‍തന്നെ എല്ലാര്‍ക്കും ഇഷ്ടാവണില്ല്യ. പിന്നല്ലെ പാത്രത്തിന്റെ കര്യം. അത്‌പോട്ടെ, മനു എന്താ ഉദേശിച്ചത്‌ന്ന് പറഞ്ഞാല്‍, ഞാന്‍ ഇത്‌ വിളമ്പിയത്‌കൊണ്ടാണോ?

MPA said...

ഖുറാനെയും അശ്രദ്ധകൊണ്ട്‌ (വിവിധ മുസ്ലിം വിഭാഗങ്ങള്‍ തമ്മില്‍ പോരടിച്ച്) വിനഷ്‌ടമാക്കുകയും ധിക്കാരംകൊണ്ട്‌ (അമുസ്ലിംകളുടെ വ്യാഖ്യാനങ്ങള്‍ പോലും സ്വീകരിച്ച്) വികൃതമാക്കുകയും ചെയ്യുക സാധ്യമല്ലേ?