Wednesday, October 31, 2007

ഖുര്‍ആനിലെ ശാസ്ത്രസൂചനകങ്ങള്‍ - 4- സൂര്യന്‍

സൗരയൂഥത്തിന്റെ കേന്ദ്രബിന്ദുവാണ്‌ സൂര്യന്‍. മനുഷ്യജീവിതത്തിന്‌ അത്രമാത്രം പ്രധാനപ്പെട്ട വസ്തു ആകാശലോകത്ത്‌ വേറെയില്ല. ഏകദൈവാസ്തിക്യത്തിനുള്ള ഭൗതിക ദൃഷ്ടാന്തം എന്ന നിലക്ക്‌ ഖുര്‍ആന്‍ ഒട്ടേറെ സ്ഥലങ്ങളില്‍ സൂര്യനെ പ്രതിപാദിക്കുകയുണ്ടായി.

"അവനത്രെ രാത്രിയെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും സൃഷ്‌ടിച്ചത്‌. എല്ലാം ഓരോ ഭ്രമണപഥത്തിലൂടെ നീന്തിക്കൊണ്ടിരിക്കുകയാകുന്നു." ഖുര്‍ആന്‍: 21-33

"സൂര്യന്‍ അതിന്റെ സങ്കേതത്തിലേക്ക്‌ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അത്‌ പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു നിര്‍ണയിച്ചുവച്ചതത്രെ." ഖുര്‍ആന്‍: 36-38

ഹെര്‍ക്കുലീസ്‌ നക്ഷത്രസമൂഹത്തിനു നേരെയുള്ള സൂര്യന്റെ ഓട്ടത്തെയാണ്‌ ഈ വചനം സൂചിപ്പിക്കുന്നത്‌. സെക്കന്റില്‍ 12 മെയില്‍ വേഗത്തിലാണ്‌ ഈ ഓട്ടം. (Solar Apex എന്നാണ്‌ ശാസ്ത്രജ്ഞന്മാര്‍ ഇതിന്‌ നല്‍ക്കിയ പേര്‌) (കൂടുതല്‍ ഏകദൈവത്തിന്‌ മാത്രമാണ്‌ അറിയുക. മനുഷ്യജ്ഞാനവും ബുദ്ധിയും അവന്റെ സൃഷ്ടിരഹസ്യങ്ങള്‍ക്കു മുമ്പില്‍ നിസ്സഹായമാണ്‌.)

"ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യനു സാധ്യമല്ല. രാവ്‌ പകലിനെ മറികടക്കുന്നതുമല്ല. എല്ലാം ഓരോ പഥങ്ങളില്‍ നീന്തിക്കൊണ്ടേയിരിക്കുകയാകുന്നു." ഖുര്‍ആന്‍: 36-40

പഥങ്ങള്‍ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ഭ്രമണപഥങ്ങളാണ്‌ (Orbits). ഫലക്‌ എന്നാണ്‌ ഖുര്‍ആന്‍ അതിന്‌ ഉപയോഗിച്ച പദം. എല്ലാം ഓരോ ഭ്രമണപഥങ്ങളില്‍ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ സൂര്യനും ചന്ദ്രനും മാത്രമല്ല, എല്ലാ ഗ്രഹങ്ങളും ഉപ ഗ്രഹങ്ങളും അവയുടെതായ നിര്‍ണിത ഭ്രമണപഥങ്ങളില്‍ ചലിച്ചുകൊണ്ടിരിക്കുന്നുണ്ട്‌ എന്നാണ്‌.

"അല്ലാഹു ഏഴാകാശങ്ങളെ ഒന്നിനു മീതെ മറ്റൊന്നായി സൃഷ്‌ടിച്ചതെങ്ങനെ യെന്ന്‌ നിങ്ങള്‍ കാണുന്നില്ലേ?"
"അതില്‍ വെളിച്ചമായി ചന്ദ്രനെ ഉണ്ടാക്കി. വിളക്കായി സൂര്യനെയും." ഖുര്‍ആന്‍: 71-15,16

സൂര്യന്‍ സ്വയം കത്തിജ്വലിച്ച്‌കൊണ്ടിരിക്കുന്നു. എന്നാല്‍ ചന്ദ്രന്‍ സ്വയം കത്തിജ്വലിക്കുന്നില്ല.

ഇങ്ങനെ ധാരാളം ദൃഷ്ടാന്തങ്ങള്‍ സൂര്യനുമായി ബന്ധപ്പെട്ട്‌ ഖുര്‍ആന്‍ പ്രതിപാദിച്ചത്‌ കാണാം. ഇവയോന്നും നബിയുടെ കാലത്ത്‌ മനുഷ്യനറിവുള്ള കാര്യങ്ങളല്ല. ഇന്നലെകളില്‍ മാത്രം മനുഷ്യന്‍ കണ്ട്‌പിടിച്ച ഈ ശാസ്ത്ര സത്യങ്ങള്‍, ഖുര്‍ആന്‍ മുഹമ്മദിന്റെ സൃഷ്ടിയാണെന്ന് പറയുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ്‌.

4 comments:

അബ്ദുല്‍ അലി said...

ധാരാളം ദൃഷ്ടാന്തങ്ങള്‍ സൂര്യനുമായി ബന്ധപ്പെട്ട്‌ ഖുര്‍ആന്‍ പ്രതിപാദിച്ചത്‌ കാണാം. ഇവയോന്നും നബിയുടെ കാലത്ത്‌ മനുഷ്യനറിവുള്ള കാര്യങ്ങളല്ല. ഇന്നലെകളില്‍ മാത്രം മനുഷ്യന്‍ കണ്ട്‌പിടിച്ച ഈ ശാസ്ത്ര സത്യങ്ങള്‍, ഖുര്‍ആന്‍ മുഹമ്മദിന്റെ സൃഷ്ടിയാണെന്ന് പറയുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ്‌.

താരാപഥം said...

ഇതിലെവിടെ ശാസ്ത്രം?
ഖുര്‍ ആനില്‍ സൂര്യന്‍ ചന്ദ്രന്‍ നക്ഷത്രം എന്നൊക്കെ യെഴുതിയ സ്ഥലത്തെല്ലാം വായിച്ചു നോക്കി. അവിടെ ഈ പേരുകളൊക്കെ ഉണ്ട്‌. അതെങ്ങനെ ശസ്ത്രമാകും. ( ഇതില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.)
ഖുര്‍ ആന്‍ ദൈവീകമാണെങ്കില്‍ അതില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ എങ്ങിനെയും ആവാം. ഇതെല്ലാം ശാസ്ത്രീയമാണെന്നു പറഞ്ഞ്‌ എല്ലാവരെയും വിഢികളാക്കാതിരിക്കു. ആ കാലത്ത്‌ ഈ കാര്യങ്ങളൊന്നും ആര്‍ക്കും അറിയാമായിരുന്നില്ല എന്ന് ഉറപ്പിച്ചു പറയാതെ ഇവിടെ/ ഒന്ന് നോക്കുക. 1500 കൊല്ലം മുന്‍പ്‌ കൊടുങ്ങല്ലൂരില്‍ ജനിച്ച ആര്യഭടന്‍ ഒന്നാമന്‍ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ എഴുതിത്തിര്‍ത്ത "ആര്യഭടീയം" എന്താണെന്ന് ഇവിടെ നോക്കിയാല്‍ അറിയാം. ആ പുസ്തകം വായിച്ചാലും മതി. എന്നെക്കൊണ്ട്‌ അത്‌ സാധിക്കാത്തതുകൊണ്ട്‌ ഇത്‌ വിശ്വസിക്കുന്നു.

അബ്ദുല്‍ അലി said...

താരാപഥം,
ഹെര്‍ക്കുലീസ്‌ നക്ഷത്ര സമൂഹത്തിനു നേരെയുള്ള സൂര്യന്റെ ഓട്ടം ആധുനിക ശാസ്ത്രം കണ്ട്പിടിച്ചതാണോ?.

ഭ്രമണ പഥങ്ങള്‍, ആധുനിക ശാസ്ത്രം കണ്ട്പിടിച്ചതാണോ?.

സ്വയം വിഡ്ഡിയാവാതെ മാഷെ,
ഖുര്‍ആനിലെ വിഷയങ്ങള്‍ മുഴുവന്‍ അന്നത്തെ കാലത്തെ ജനത്തക്ക്‌ അപ്രപ്യമായിരുന്നില്ലെന്ന് ഞാന്‍ വാദിച്ചില്ലല്ലോ. എന്നാല്‍ ചിലത്തോക്കെ, ആധുനിക ശാസ്ത്രം വളരെ കഷ്ടപ്പെട്ട്‌ ഇന്നലെകളില്‍ മാത്രം കണ്ട്പിടിച്ചതാണ്‌. ഇനിയും എത്രയോ കണ്ട്പിടിക്കാനിരിക്കുന്നു. ക്ഷമയോടെ കാത്തിരിക്കുക.

ഇനി ഇതോന്നുമല്ല, ആര്യഭട്ടയുടെ പുസ്തകം വായിച്ചാണ്‌ നബി ഖുര്‍ആന്‍ എഴുതിയതെന്ന് വാദിക്കാനാണോ, ഇടക്കിടെ ആര്യഭട്ട മാത്രം ലിങ്കാവുന്നത്‌. അതിനുമപ്പുറം പല ശാസ്ത്രജ്ഞന്മാരും, പല തത്ത്വചിന്തകരും പലതും പറഞ്ഞിട്ടുണ്ട്‌.

താരാപഥം said...

സുഹൃത്തെ, എന്റെ ഉദ്ദേശം തര്‍ക്കമല്ല. ആര്യഭടന്റെ കാലഘട്ടവും ജന്മസ്ഥലവും അറിഞ്ഞപ്പോള്‍ ഭാരതീയന്‍ എന്നതിലുപരി കേരളീയന്‍ എന്ന നിലയില്‍ അഭിമാനം തോന്നി. എന്നെ സംബന്ധിച്ച്‌ അതൊരു പുതിയ അറിവായതുകൊണ്ട്‌ അക്കൂട്ടത്തിലുള്ള ചിലരുമായി പങ്കുവെക്കാം എന്നു കരുതി. തര്‍ക്കത്തിന്‌ ഞാനില്ലേ.
പിന്നെ താങ്കളുടെ പോസ്റ്റില്‍ (ഇങ്ങനെ ധാരാളം ദൃഷ്ടാന്തങ്ങള്‍ സൂര്യനുമായി ബന്ധപ്പെട്ട്‌ ഖുര്‍ആന്‍ പ്രതിപാദിച്ചത്‌ കാണാം. ഇവയോന്നും നബിയുടെ കാലത്ത്‌ മനുഷ്യനറിവുള്ള കാര്യങ്ങളല്ല. ഇന്നലെകളില്‍ മാത്രം മനുഷ്യന്‍ കണ്ട്‌പിടിച്ച ഈ ശാസ്ത്ര സത്യങ്ങള്‍, ഖുര്‍ആന്‍ മുഹമ്മദിന്റെ സൃഷ്ടിയാണെന്ന് പറയുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ്‌.)
ഇങ്ങനെ വായിച്ചതുകൊണ്ടാണ്‌ ഞാന്‍ ഈ ലിങ്ക്‌ കൊടുത്തത്‌. ക്ഷമിക്കുക.