Saturday, November 3, 2007

ഖുര്‍ആനിലെ ശാസ്ത്രസൂചനകള്‍ -5 - ഭൂമി

"..... പിന്നെ അവന്‍ ആകാശത്തിനു നേരെ തിരിഞ്ഞു. ആ ഘട്ടത്തില്‍ അത്‌ ധൂമമായിരുന്നു.ആകാശത്തോടും ഭൂമിയോടും അവന്‍ പറഞ്ഞു: ഇഷ്ടത്തോടെ അല്ലെങ്കില്‍ നിര്‍ബന്ധിതമായിഉണ്ടായി വരുവിന്‍. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ ആജ്ഞാനുവര്‍ത്തികളായി വന്നിരിക്കുന്നു."(അധ്യായം 41:11)

ഭൂമിയെ സംബന്ധിച്ച്‌ ഖുര്‍ആനില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ പരാമര്‍ശിച്ചതായി കാണാം. ആമുഖത്തില്‍ സൂചിപ്പിച്ചതു പോലെ ഏകദൈവം മനുഷ്യവര്‍ഗത്തിന്‌ ചെയ്തു തന്ന ഔദാര്യമായിട്ടാണ്‌ അതില്‍ പലതും പ്രതിപാദിച്ചിട്ടുള്ളത്‌; ഏകദൈവം എന്നനിലക്ക്‌ അവന്റെ ആജ്ഞകള്‍ക്കൊത്ത്‌ ജീവിക്കാനുള്ള ആഹ്വാനം കൂടിയാണത്‌."ഭൂമിയെ നിങ്ങള്‍ക്ക്‌ പരവതാനിയാക്കിത്തന്നവനാണവന്‍" (ഖുര്‍ആന്‍ 2: 22)
"അവന്‍ നിങ്ങള്‍ക്ക്‌ ഭൂമിയെ ഇണക്കമുള്ളതാക്കിത്തന്നിരിക്കുന്നു. അതിനാല്‍, നിങ്ങള്‍ അതില്‍ എല്ലായിടത്തും വിഹരിക്കുകയും അതിലെ വിഭവങ്ങള്‍ ആഹരിക്കുകയും ചെയ്യുക." (അധ്യായം 67: 15)"
ഭൂമിയിലൂടെ സഞ്ചരിച്ചുനോക്കുവിന്‍, അവന്‍ എങ്ങനെയാണ്‌ സൃഷ്ടി തുടങ്ങിയിട്ടുള്ളതെന്ന്‌." (അധ്യായം 29: 20)

മറ്റു ഗ്രഹങ്ങളെപ്പോലെ ഭൂമിയും തന്റെ ഭ്രമണപഥത്തിലൂടെ അതിവേഗം സൂര്യനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു. സൂര്യനില്‍നിന്നും ഏതാണ്ട്‌ പതിനഞ്ച്‌ കോടി കി.മി. അകലെയാണ്‌ ഭൂമിയുടെ ഭ്രമണപഥം. ഈ അകലം സുനിശ്ചിതവും ദൈവനിര്‍ണയവുമാകുന്നു. അത്‌ കവച്ചുവെക്കാന്‍ ഭൂമിക്ക്‌ സാധ്യമല്ല. 365.3 ദിവസം കൊണ്ട്‌ ഭൂമി അതിന്റെ കറക്കം പൂര്‍ത്തിയാക്കുന്നു. സെക്കന്റില്‍ 29.6 മെയില്‍ വേഗത്തിലാണ്‌ ഈ ഓട്ടം.സ്വന്തം അച്ചുതണ്ടിലുടെയുള്ള ഈ കറക്കം നിമിത്തം സൂര്യനഭിമുഖമായി വരുന്നഭാഗത്ത്‌ പകലും അല്ലാത്ത സ്ഥലത്ത്‌ രാത്രിയുമായാണ്‌ അനുഭവപ്പെടുക. ഈ ഭ്രമണം കാരണമായിത്തന്നെ ഭൂമേഖലകളുടെ മാറ്റത്തിനനുസരിച്ച്‌ രാപ്പകലുകളുടെ ദൈര്‍ഘ്യത്തിലും മാറ്റങ്ങള്‍ കാണാം. ഭൂമിയുടെ കറക്കവും അതില്‍ സൂര്യ-ചന്ദ്രന്മാരുടെ ഭാഗധേയവുമനുസരിച്ചാണ്‌ ഭൂമിയില്‍ കാലം കണക്കാക്കപ്പെടുന്നത്‌.

ഭൂമി വ്യവസ്ഥാപിതമായി സഞ്ചരിക്കാതെ സ്ഥിരമായി ഒരിടത്ത്‌ നില്‍പുറപ്പിക്കുകയായിരുന്നെങ്കില്‍ അതിന്റെ ഒരു വശത്ത്‌ മാത്രം സദാ പകലും മറുവശത്ത്‌ സദാരാത്രിയും ആകുമായിരുന്നു. ജീവിവര്‍ഗത്തിന്‌ വാസയോഗ്യമല്ലാത്ത അവസ്ഥയിലായിരിക്കും അപ്പോള്‍ ഭൂമി. ഇരുളും തണുപ്പും കാരണം ഭൂമിയുടെ ഒരുഭാഗത്ത്‌ സസ്യങ്ങള്‍ മുളക്കുകയോ ജീവികളുണ്ടാവുകയോ ഇല്ല. സ്ഥിരമായി സൂര്യതാപമേല്‍ക്കുന്ന മറുവശം ജലശൂന്യവും ഊഷരവുമായിരിക്കും. അവിടെയും സസ്യങ്ങള്‍ മുളക്കുകയോ ജീവികളുണ്ടാവുകയോ ഇല്ല.ഉയര്‍ന്നുനില്‍ക്കുന്ന തൂണുകളില്ലാതെ ഉയര്‍ത്തപ്പെട്ട ആകാശത്തിന്‌ താഴെ ആരും പിടിച്ചുനിര്‍ത്താതെയാണ്‌ സോളാര്‍സിസ്റ്റത്തില്‍ മറ്റു ഗ്രഹങ്ങളെപ്പോലെ ഭൂമിയും അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നത്‌. ഈ അവസ്ഥയില്‍ ഭൂമി സ്പേസിലൂടെ വളരെ വേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്നു. അത്‌ സ്വന്തം അക്ഷത്തില്‍ ഒരു തവണ കറങ്ങുമ്പോള്‍ മണിക്കൂറില്‍ 1000 നാഴിക വേഗത്തില്‍ നാമും സ്പേസിലൂടെ കറങ്ങുന്നുണ്ട്‌. അതേയവസരം, ഭൂമി സൂര്യനു ചുറ്റും കുതിച്ചോടുമ്പോള്‍ നാം 68,000 നാഴിക വേഗത്തില്‍ ഭ്രമണപഥത്തിലൂടെ ഓടുന്നുണ്ട്‌. അതിനു പുറമെ ഗ്യാലക്സി മണിക്കൂറില്‍ 500,000 ലക്ഷം മെയില്‍ വേഗത്തിലാണ്‌ നക്ഷത്രാന്തര ലോകത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌. അതിനുപുറമെ മണിക്കൂറില്‍ 43,200 മെയില്‍ വേഗത്തില്‍ തന്റെ ഗ്രഹങ്ങളെയുംവഹിച്ചു സൂര്യന്‍ ഹെര്‍ക്കുലീസ്‌ നക്ഷത്രലോകത്തിന്‌ നേരെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഈ സഞ്ചാരത്തില്‍ ഏതെങ്കിലും വിധത്തിലുള്ള തകരാറുകള്‍ ഭൂമിക്ക്‌ സംഭവിച്ചിക്കുന്നില്ല. ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളായി ഈ സഞ്ചാരം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

സൂര്യനില്‍നിന്ന്‌ പ്രത്യേക അകലത്തിലാണ്‌ ഭൂഗോളം സ്ഥിതി ചെയ്യുന്നത്‌. ജീവജാലങ്ങളുടെ നിലനില്‍പിനു വേണ്ടിയാണ്‌ സ്രഷ്ടാവ്‌ ഈ അകലത്തില്‍ പ്രത്യേക കണിശത നിശ്ചയിച്ചത്‌. ഈ അകലം കൂടിയിരുന്നെങ്കില്‍ ആവശ്യമായ ചൂട്‌ ലഭിക്കാതെയാവുകയും തണുപ്പ്‌ അധികരിക്കുകയും ചെയ്യുമായിരുന്നു. അപ്പോള്‍ ഭൂമി ഏറെ പ്രയാസകരമായ ജീവിതമേഖലയാകും. അതേയവസരം അകലം ചുരുങ്ങുകയാണെങ്കില്‍ ചൂട്‌ കൂടുകയും ജീവന്‍ നിലനില്‍ക്കാനാകാത്തവിധം ഭൂമിയുടെ ഘടന മാറുകയും ചെയ്യും.അനന്തമായ അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കുന്ന ഈ മഹാഗോളത്തിന്റെ ബാഹ്യതലത്തിലും അന്തര്‍ഭാഗത്തും പല പ്രതിപ്രവര്‍ത്തനങ്ങളും സംഭവിക്കുന്നുണ്ട്‌. അതിന്റെ ഉള്ളില്‍ വന്‍ അഗ്നിപര്‍വതങ്ങള്‍ തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുന്നു. അതില്‍ ശിലകള്‍ ഉരുകുകയും അത്‌ ഇടയ്ക്കിടെ പുറത്തേക്ക്‌ പ്രവഹിക്കുകയും ചെയ്യുന്നു. ഇടയ്ക്ക്‌ ഏതെങ്കിലും ഒരു ഭാഗത്ത്‌ ചെറിയ രീതിയില്‍ അത്‌ പ്രകമ്പനം കൊള്ളുന്നു. എന്നാലും ജീവികളുടെ ആവാസത്തിന്‌ പ്രതിബന്ധങ്ങളൊന്നുമില്ല. അതില്‍ വസിക്കുമ്പോള്‍ അത്‌ അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കുന്ന ഗ്രഹമാണെന്നോ അത്‌ നമ്മെയും കൊണ്ട്‌ അനേകായിരം മെയില്‍ വേഗത്തില്‍ കറങ്ങുകയും ചലിക്കുകയും ചെയ്യുന്നുണ്ടെന്നോ നാമാരും ഓര്‍ക്കാറില്ല.

ഭൂമിയുടെ ആകൃതി

ഭൂമിയെ ശയ്യയാക്കിത്തന്നിരിക്കുന്നുവെന്നും തൊട്ടില്‍ ആക്കിയിരി ക്കുന്നുവെന്നും ഖുര്‍ആന്‍ വിവരിച്ചത്‌ കാണാം. എന്നാല്‍ ഇതര ഗോളങ്ങള്‍ക്ക്‌ ഗോളാകൃതി നല്‍കിയ ഏകദൈവം ഭൂമിക്കും അതേ ആകൃതി തന്നെയാണ്‌ നല്‍കിയിട്ടുള്ളത്‌. ഇക്കാര്യം കൃത്യമായ ഒരു രീതിയില്‍ എടുത്തുപറഞ്ഞിട്ടില്ലെന്നു മാത്രം. കാരണം, ഖുര്‍ആന്‍ അത്തരം വിഷയം സമഗ്രമായി കൈകാര്യം ചെയ്യുന്ന ഒരു ശാസ്ത്രപുസ്തകമല്ല എന്ന്‌ നേരത്തെ സൂചിപ്പിച്ചു. ഖുര്‍ആന്‍ പറഞ്ഞു: "ഭൂമിയെ നിങ്ങള്‍ക്ക്‌ മെത്തയാക്കിത്തന്നിരിക്കുന്നു." (2: 22). ഈ പരാമര്‍ശത്തെ ബാഹ്യാര്‍ഥത്തില്‍ കാണാതെ ആധുനികശാസ്ത്ര നിഗമനങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തുകയാണ്‌ വേണ്ടത്‌. സൗരയൂഥത്തില്‍ ഭൂമിക്ക്‌ മാത്രമുള്ള സംവിധാനമാണിത്‌. കാരണം, ഭൂമിയില്‍ ജീവിതം നയിക്കാന്‍ ഏകദൈവം പ്രത്യേകം തിരഞ്ഞെടുത്ത മനുഷ്യരാണല്ലോ ഇവിടെയുള്ളത്‌. ആ നിലക്ക്‌ ഭൂമിക്ക്‌ മറ്റു ഗ്രഹങ്ങളെക്കാള്‍ സുരക്ഷ ഏര്‍പ്പെടുത്തല്‍ ആവശ്യമാണ്‌. ഈ സംരക്ഷണത്താലാണ്‌ മാരകമായ രശ്മികള്‍ ഏല്‍ക്കാതെയും ഓക്സിജന്‍, കാര്‍ബണ്‍ഡൈഓക്സൈഡ്‌ എന്നിവക്ക്‌ മറ്റു സംവിധാനങ്ങള്‍ ഉണ്ടാക്കാതെയും ഭാരസന്തുലനം നിലനിര്‍ത്തിക്കൊണ്ടും നിയന്ത്രിതമായ ഊഷ്മാവില്‍ മനുഷ്യര്‍ ഈ ഭൂമിയില്‍ വിശ്രമിക്കുന്നത്‌. ഭൂമി ജീവജാലങ്ങള്‍ക്ക്‌ വിശ്രമഗേഹമായും വീടായും സംവിധാനക്കപ്പെട്ടപ്പോള്‍ എത്രമാത്രം കണിശമായ പരിസ്ഥിതിസംരക്ഷണം ഏകദൈവം നിലനിര്‍ത്തിയിട്ടുണ്ടെന്ന്‌ നാം പഠിക്കണം. നേരത്തെ പറഞ്ഞ കാര്യം തന്നെ ഒന്നുംകൂടി ഇവിടെ ചേര്‍ത്തു വായിക്കുക. അതായത്‌, ഭൂമി എങ്ങനെയൊക്കെ ചെരിഞ്ഞാലും ഭ്രമണം നടത്തിയാലും എത്ര തന്നെ വേഗതയില്‍ കറങ്ങിയാലും നമുമ്മ്‌ അതൊട്ടും പ്രശ്നമാകുന്നില്ല. അത്‌ അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കുന്ന ഗ്രഹമാണെന്നോ അത്‌ നമ്മെയും കൊണ്ട്‌ അനേകായിരം മെയില്‍ വേഗത്തില്‍ കറങ്ങുകയും ചലിക്കുകയും ചെയ്യുന്നുണ്ടെന്നോ നാമാരും ഓര്‍ക്കാറില്ല. നമുക്കത്‌ ഏറെ സൗകര്യപ്രദമായ വിശ്രമഗേഹമാണ്‌. ഇതുതന്നെയാണ്‌ ഭൂമിയെ നിങ്ങള്‍ക്ക്‌ ഒരു മെത്തയാക്കിത്തന്നിരിക്കുന്നു എന്ന വചനത്തിന്റെ പൊരുള്‍.

13 comments:

അബ്ദുല്‍ അലി said...

ഭൂമി എങ്ങനെയൊക്കെ ചെരിഞ്ഞാലും ഭ്രമണം നടത്തിയാലും എത്ര തന്നെ വേഗതയില്‍ കറങ്ങിയാലും നമുമ്മ്‌ അതൊട്ടും പ്രശ്നമാകുന്നില്ല. അത്‌ അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കുന്ന ഗ്രഹമാണെന്നോ അത്‌ നമ്മെയും കൊണ്ട്‌ അനേകായിരം മെയില്‍ വേഗത്തില്‍ കറങ്ങുകയും ചലിക്കുകയും ചെയ്യുന്നുണ്ടെന്നോ നാമാരും ഓര്‍ക്കാറില്ല. നമുക്കത്‌ ഏറെ സൗകര്യപ്രദമായ വിശ്രമഗേഹമാണ്‌.

ഔസേപ്പ് said...

ചോദ്യം: “ബൂലോകത്തിലെ ഏറ്റവും മികച്ച നര്‍‌മ്മസാഹിത്യകാരനാര്?”
ഉത്തരം:“സംശയമെന്താ? അബ്ദുല്‍ അലി തന്നെ!“

അബ്ദുല്‍ അലി said...

"കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന്‌ തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്‌. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു.
തീര്‍ച്ചയായും നാം അവന്ന്‌ വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട്‌ ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു." (ഖുര്‍ആന്‍ അധ്യായം 76-2,3 സുക്തങ്ങള്‍)

മെലോഡിയസ് said...

പോസ്റ്റുകള്‍ വായിച്ചു. ഇങ്ങനെയൊരു പോസ്റ്റിട്ടതിന് നന്ദി.

SHAN ALPY said...

thanks

K.P.Sukumaran said...

ഖുര്‍‌ആനില്‍ ശാസ്ത്രത്തിന്റെ സൂചനകള്‍ ഉള്ളതായി മനസ്സിലായി .മുഴുവന്‍ വിവരങ്ങളും ഇല്ലല്ലോ . ഉണ്ടായിരുന്നെങ്കില്‍ എളുപ്പമായിരുന്നു . ആ ഒറ്റ ഗ്രന്ഥം വായിച്ചിട്ട് തന്നെ എല്ലാം മനസ്സിലാക്കാമായിരുന്നു . അപ്പോള്‍ സൂചനകള്‍ മാത്രം നല്‍കിയിട്ട് ,പിന്നീട് ഇതിന്റെയൊക്കെ പൂര്‍ണ്ണവിവരങ്ങള്‍ ഇന്നകാലത്ത് ഇന്നയിന്ന ആളുകള്‍ ഇന്നയിന്നതിന്റെ വിവരങ്ങള്‍ കണ്ടെത്തുന്നതായിരിക്കും എന്നതിന്റെ സൂചനകള്‍ വല്ലതും ഖുര്‍‌ആനില്‍ ഉണ്ടോ മാഷേ ? അതെന്താ മാഷേ വെറും സൂചനകള്‍ കൊണ്ട് ഖുര്‍‌ആന്‍ അങ്ങ് നിര്‍ത്തിക്കളഞ്ഞത് ? എന്നാല്‍ പിന്നെ ഇത്രയും കാര്യങ്ങള്‍ ചെയ്തു തീര്‍ത്ത നിലക്ക് ഈ നിസ്സാരമായ കാര്യം നിസ്സാരന്മാരായ ശാസ്ത്രജ്ഞന്മാര്‍ക്ക് ബാക്കി വെക്കാതെ എല്ലാമങ്ങ് ദൈവം കണ്ടു പിടിച്ച് തികച്ചും അടങ്ങുന്ന ഒരു ഖുര്‍‌ആന്‍ പ്രവാചകന് നല്‍കിയിരുന്നെങ്കില്‍ ശാസ്ത്രസൂചനകള്‍ ഖുര്‍‌ആനില്‍ ഉണ്ടേയെന്ന് ഇങ്ങിനെ വിളിച്ചു പറയേണ്ട ആവശ്യമുണ്ടായിരുന്നോ ? അല്ല മനസ്സിലാകാഞ്ഞിട്ട് ചോദിക്കുകയാ . ഇത്രയും ആക്കി വെച്ച് അതിന്റെ സൂചനകളും നല്‍കി പിന്നെയെന്തിന് ഇത്തിരിയവിടെ ബാക്കിവെക്കണം ? അഥവാ അങ്ങിനെ ബാക്കി വെച്ചതിനെ പറ്റി വല്ല സൂചനയും ഖുര്‍‌ആനില്‍ ഉണ്ടോ മാഷേ ? അപ്പോ മാഷേ ഒരു ചോദ്യം കൂടി . മനുഷ്യരെ നന്നാക്കാന്‍ ഇപ്പോള്‍ നിങ്ങളെപ്പോലുള്ളവര്‍ എത്ര കഷ്ടപ്പെടുന്നു മാഷേ . എന്നിട്ടോ ,നിങ്ങളുടെ മതത്തില്‍ പെട്ടവര്‍ പോലും അനുദിനം കൂടുതല്‍ കൂടുതല്‍ വഷളായി വരുന്നു. പത്രങ്ങളെടുത്താല്‍ നടക്കുന്ന സകല കുണ്ടാമണ്ടികളിലും നാലില്‍ മൂന്ന് പേര്‍ നിങ്ങളുടെ ഖുര്‍‌ആന്‍ പഠിച്ചവരോ കേട്ടവരോ ആണ് . അല്ല മാഷേ , ഇത്രയും കഴിവുള്ള ദൈവത്തിന് ഇവരെ നന്നാക്കിക്കൂടേ മാഷേ ? അല്ലെങ്കില്‍ ദൈവത്തിന്റെ കഴിവുകള്‍ അന്നോടെ അവസാനിച്ചു പോയിരുന്നോ ? ഇക്കാര്യത്തില്‍ പ്രവാചകനും ഇപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിവില്ലേ മാഷേ ? ഇതിന്റെയൊക്കെ വല്ല സൂചനകളും ഖുര്‍‌ആനിലുണ്ടോ ? ഒന്ന് കൂടി മാഷേ . ഈയടുത്തകാലത്തല്ലെ നിങ്ങളുടെ മതത്തില്‍ പെട്ടവര്‍ ആധുനീകമായ ആയുധങ്ങളും ഉപകരണങ്ങളും ഉപയൊഗിച്ചുകൊണ്ട് നിരപരാധികളെ കൊല്ലാന്‍ തുടങ്ങിയത് . ഇങ്ങിനെ ലേറ്റസ്റ്റ് ഉപകരണങ്ങള്‍ കണ്ടുപിടിക്കുമെന്നും ആളുകളെ കൊല്ലുമെന്നും ഖുര്‍‌ആനില്‍ സൂചനകളുണ്ടോ ? പാക്കിസ്ഥാനില്‍ എന്താ മാഷേ ഇങ്ങിനെയൊക്കെ ? ഈ ഖുര്‍‌ആന്‍ അവിടെയുമില്ലേ ? എന്താ മാഷേ ഇങ്ങിനെ ദൈവവും പ്രവാചകനും ഒന്നും ഇപ്പോള്‍ ഒന്നിലും ഇടപെടാത്തത് ? ഇനിയൊരു പ്രവാചകന്‍ വരാത്ത നിലക്ക് അന്ത്യപ്രവാചകനല്ലേ എല്ലാറ്റിന്റേയും ഉത്തരവാദിത്വം ? എന്താ മാഷേ ഇതൊക്കെ ? മാഷേ ഇസ്ലാം മതം സ്വീകരിച്ചിട്ടുള്ള , ഖുര്‍‌ആന്‍ പഠിപ്പിക്കുന്ന രാജ്യങ്ങളിലല്ലേ എറ്റവും കൂടുതല്‍ സംഘര്‍ഷങ്ങളും മനുഷ്യക്കുരുതികളും നടക്കുന്നത് ? ദൈവവും പ്രവാചകനും എന്താ മാഷേ ഒന്നും മിണ്ടാത്തത് ? ഇത്ര രൂക്ഷമായിരുന്നില്ലല്ലോ അന്ന് മുഹമ്മദ് അവതരിക്കുമ്പോഴത്തെ അവസ്ഥ ? ഇപ്പോഴല്ലേ ദൈവവും പ്രവാചകനും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് ? ഖുര്‍‌ആന്‍ പ്രകാരം എന്തേ മാഷെ ഇസ്ലാമിക രാജ്യങ്ങളൊന്നും സമാധാനത്തിന്റെ പറുദീസയായില്ല ? ഇതിന്റെയൊക്കെ വല്ല സൂചനകളും ഖുര്‍‌ആനില്‍ ഉണ്ടോയെന്ന് അന്വേഷിച്ച് ഒന്ന് പറഞ്ഞ് തരണേ മാഷേ . ഞാന്‍ വീണ്ടും വരാം .

Unknown said...

ഒരു സംശയം
മനുഷ്യന്‍റെ അവസാനത്തെക്കുറിച്ച് ഖുറാനില്‍ പറയുന്നുണ്ടോ. എനിക്കു തോന്നുന്നു ഭൂമിയേയും മനുഷ്യനെയും പ്രവാചകനെയും അല്ലാഹുവിനെയും കുറിച്ച് പറയുന്പോള്‍ മനുഷ്യന്‍റെ അവസാനത്തെയും കുറിച്ച് കാണുമല്ലോ. ബൈബിളിലാണെങ്കില്‍ വെളിപാടുപുസ്തകം മനുഷ്യനെ (മദ്ധ്യ ഏഷ്യയിലെ)ഒട്ടനേകം പ്രാവശ്യം കൊല്ലുന്ന കാര്യം പറയുന്നുണ്ട്. ഹിന്ദുമതത്തില്‍ ഇന്ത്യയിലെ മനുഷ്യരെ കലി കൊല്ലുന്ന കാര്യം പറയുന്നുണ്ട്. ആസ്ത്രേലിയയിലെയും അമേരിക്കയിലെയും അന്‍റാര്‍ട്ടിക്കയിലെയും മനുഷ്യരുടെ കാര്യം ഇവയിലെങ്ങുമില്ല. അതുകൊണ്ട് ഖുറാനിന്‍റെ നിലപാടറിയാന്‍ താത്പര്യമുണ്ട്.

Unknown said...

പിന്നെ മറ്റൊരു സംശയം ഈ പ്രാര്‍ത്ഥന മക്ക നോക്കി വേണം എന്ന് കേട്ടിട്ടുണ്ട് .അത് എന്തുകൊണ്ടാണ്???

പിന്നെ ഉത്തര ധ്രുവത്തിലെയും ദക്ഷിണ ധ്രുവത്തിലെയും മുസ്ളീങ്ങള്‍ എങ്ങനെ പ്രാര്‍ത്ഥിക്കും???

അബ്ദുല്‍ അലി said...

അന്യന്‍,
ചോദ്യങ്ങളില്‍ ഒട്ടും അത്മര്‍ത്ഥതയില്ലെങ്കിലും ഞാന്‍ വിശദീകരിക്കാം.

അദ്യമായി, ഖുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല.

ഇന്നത്തെ മുസ്ലിം സമുദായത്തിന്റെ പരിതാപകരമായ അവസ്ഥക്ക്‌ മുസ്ലിങ്ങള്‍ തന്നെയാണ്‌ കാരാണം. പ്രപഞ്ച സൃഷ്ടാവായ ദൈവത്തെ കൈയോഴിഞ്ഞ്‌, അള്‍ദൈവങ്ങളെ പൂജിക്കുകയും അവര്‍ക്ക്‌ സേവ ചെയ്യുകയും, അവിഹിതമാര്‍ഗ്ഗത്തിലൂടെ ഐഛിക ജീവിത വിഭവങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നവര്‍ ഇസ്ലാമിന്റെ വക്തകളായി സ്വയം അവരോധിക്കപ്പെടുകയാണ്‌. സ്വന്തം വളര്‍ച്ചക്കോ, ധനസമ്പാദന മാര്‍ഗ്ഗമയോ അത്മിയത വിറ്റ്‌ കാശാക്കുന്നവരും, ഗ്രൂപ്പും ചേരിയും വിഭാഗവും തിര്‍ത്ത്‌ പണ്ഡിതന്മാരും, വിശ്വാസികളെ വഴിതെറ്റിക്കുന്നു. യതീംഖാനകള്‍ പണംകയ്ക്കുന്ന മരങ്ങളായി തഴച്ച്‌ വളരുന്നു. ഇതോക്കെ എല്ലാ സമുദായത്തിലും ഉണ്ടെങ്കിലും, നാളെ ഒരോ രൂപക്കും കണക്ക്‌ പറയണമെന്ന ഉത്തമ ബോധ്യമുള്ള ഒരു സമുദായത്തിന്റെ ചെയ്തികള്‍, ഖുര്‍ആന്റെയും, സുന്നത്തിന്റെയും എഴയലത്ത്‌ ഇവരോന്നും എത്തിയിട്ടില്ലെന്ന് തറപ്പിച്ച്‌ പറയാനെ നിര്‍വാഹമുള്ളൂ.

പക്ഷെ ഇതോന്നും, അല്ലാഹുവിന്റെയോ നബിയുടെയോ കുറ്റമല്ല. ഇസ്ലാമിന്റെ വഴിയുമല്ല. ഈ മതം ഇത്രയും വികലമായി പോയതിന്‌, തെറ്റിധരിക്കപ്പെട്ടതിന്‌, തീര്‍ച്ചയായും ഈ പണ്ഡിത സമൂഹത്തിനും, ഇസ്ലാമിന്റെ പേരില്‍ ഭരണം നടത്തുന്നവര്‍ക്കും വലിയോരു പങ്കുണ്ട്‌.

മുസ്ലിം സമൂഹത്തെ ഉന്മൂലനം ചെയ്യാന്‍ ഇറങ്ങിതിരിച്ച ലോകരാജ്യങ്ങളുടെ കല്‍പനകള്‍ വെള്ളംതൊടാതെ വിഴുങ്ങുന്ന, എല്ലാ രാജ്യത്തും യതാര്‍ഥ വിശ്വാസികള്‍ പീഡിതരാണ്‌. അത്‌ അല്ലാഹുവിന്റെ പരീക്ഷണമായി വിശ്വാസികള്‍ കരുതുന്നു. കാരണം ഈ ലോകവും, ഈ നശ്വര ജീവിതവും വെറും പരീക്ഷണമായാണ്‌ വിശ്വാസികള്‍ കാണുന്നത്‌. അത്‌കൊണ്ട്‌ തന്നെ ഈ ലോകത്ത്‌ ഏറെ പ്രയാസങ്ങളും ദുരിതങ്ങളും അവനെ കാത്തിരിക്കുന്നു. എല്ലാം തരണം ചെയ്ത്‌ ജീവിക്കുന്ന സത്യവിശ്വാസികള്‍ ഭാഗ്യവന്മാര്‍. അവര്‍ക്കല്ലോ അന്തിമ വിജയം, അനശ്വരമായ പരലോക ജീവിത വിജയം.

ഒരു രാജ്യത്ത്‌ താമസിക്കുന്ന ഞാന്‍ അവിടുത്തെ നിയമം പാലിക്കുവാന്‍ ബാധ്യസ്ഥനാണ്‌. അത്‌കൊണ്ട്‌ കൂടുതല്‍ എഴുതാന്‍ കഴിയില്ല. ഭയംകൊണ്ടല്ല. നിയമം അനുസരിക്കണമെന്നാണ്‌ ഇസ്ലാമിന്റെ വിധി. അത്‌ ആരായാലും എവിടെയായാലും.

പിന്നെ തീവ്രവാദത്തെക്കുറിച്ച്‌, ഇസ്ലാമിന്റെ പേരില്‍ ഇന്ന് നടക്കുന്നതൊക്കെ ശരിയാണോ എന്ന് അത്‌ ചെയ്യുന്നവര്‍ക്ക്‌ പോലും അറിയില്ല. വ്യക്തമായും നിര്‍ണയിച്ചിരിക്കുന്ന ജീഹാദിന്റെ അര്‍ത്ഥം ദുര്‍വ്യഖ്യാനം ചെയ്ത്‌ ഇസ്ലാമിന്റെ പേരില്‍ അരോപിക്കുന്നതോക്കെയും ചെയ്യുന്നത്‌ അരാണെന്ന് തിരിച്ചറിയാന്‍ വിശ്വാസിക്ക്‌ കഴിയുന്നു. അടിച്ചമര്‍ത്തിയ അത്മരോഷം പുകഞ്ഞ്‌ കത്തുബോള്‍, എടുത്ത്‌ ചാടി പ്രതികരിക്കുന്ന മുസ്ലിം ചെറുപ്പക്കാരുടെ ലക്ഷ്യബോധത്തെ ശരിയാം വിധം ഉപയോഗപ്പെടുത്തുന്നത്തില്‍ പരാജയപ്പെട്ട സമുദായത്തിന്റെ "വക്തകള്‍"ക്ക്‌, ഇവരുടെ ചോരയും നീരും അവശ്യമാണ്‌. അതും ഇസ്ലാമിന്റെ പേരിലും നബിയുടെയും, പള്ളിയുടെയും പേരിലും.

ഇന്നലെകള്‍ മാത്രമല്ല, ഇന്നും നാളെയും വിശ്വാസിക്ക്‌ പ്രതിക്ഷയെകുന്ന ഒന്നും ഉണ്ടാവില്ല. മറിച്ച്‌, ഇന്നിനെക്കാള്‍ നല്ലത്‌ ഇന്നലെയായിരുന്നു എന്ന് വിലപിക്കുന്ന ഒരോ ദിനവും കടന്ന്‌പോവുന്ന അവസ്ഥയിലാണവന്‍.

നന്മ പ്രവര്‍ത്തിക്കുക, ഐഛികമയതോന്നും അവനെ തളര്‍ത്തില്ല.

K.P.Sukumaran said...

അപ്പോള്‍ ഈ ഐഹികജീവിതം പരീക്ഷണമാണല്ലേ . എങ്ങിനെ മനസ്സിലായി ? ഖുര്‍‌ആനിലുണ്ടോ ? എന്തിനിങ്ങനെ പരീക്ഷിക്കണം ? നേരിട്ട് പരലോകത്ത് ജനിപ്പിച്ചാല്‍ പോരേ ? ഇതിനെ പറ്റി ഖുര്‍‌ആനില്‍ ഉണ്ടോ ? പരലോകം ഉണ്ട് എന്ന് എങ്ങിനെ മനസ്സിലാവുന്നു ? അതും ഖുര്‍‌ആനില്‍ നിന്ന് മാത്രമാണോ ? ഉണ്ടെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുമോ ? മരിച്ച വ്യക്തിക്ക് അപ്പോള്‍ ഈ ജന്മത്തിന്റെ ഓര്‍മ്മകള്‍ ഉണ്ടാവുമോ ?

അബ്ദുല്‍ അലി said...

സജീവ്‌,
മനുഷ്യന്റെ മാത്രമല്ല ഈ ലോകത്തിന്റെ മുഴുവന്‍ അവസാനം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്‌.

മക്കയിലെ കഅ്ബാലായത്തിലേക്ക്‌ തിരിഞ്ഞാണ്‌ ലോകത്തിലെ എല്ലാ മുസ്ലിങ്ങളും നമസ്ക്കരിക്കുന്നത്‌. അത്‌ മുസ്ലിം സമുദായത്തിന്റെ ഐക്യത്തിന്റെ പ്രതീകമാണ്‌. ഒരു ദിശയില്‍ ഒരു ദൈവത്തെ അംഗീകരിച്ച്‌ പ്രര്‍ത്ഥിക്കുക എന്നതാണ്‌ ഏക ദൈവ വിശ്വാസത്തിന്റെ പ്രത്യക്ഷ രൂപം.

അന്യാന്‍,
മനുഷ്യന്റെ ഭൂമിയിലെ വാസം താല്‍ക്കാലികമാണെന്ന് ഖുര്‍ആന്‍ അവര്‍ത്തിച്ച്‌ പറയുന്നുണ്ട്‌.

വിശേഷ ബുദ്ധിയുള്ള ജീവിയാണ്‌ മനുഷ്യന്‍. ശരിയും തെറ്റും മനസ്സിലാക്കുവാന്‍ കഴിവുള്ളവന്‍. നല്ലതും ചീത്തയും തിരിച്ചറിയുന്നവന്‍. ദൈവത്തിന്റെ ദൃഷ്ടാന്തങ്ങള്‍ പലവുരു കാണിച്ച്‌ തന്ന് അവന്‍ ഏകനായ ദൈവത്തെ അംഗീകരിക്കുവാന്‍ കല്‍പ്പിക്കുന്നു. അത്‌ മനുഷ്യന്‌ അംഗീകരിക്കാം, നിരാകരിക്കാം. അത്‌ അവന്റെ ഇഷ്ടം. അംഗീകരിച്ചാല്‍ അതിന്‌ ദൈവത്തിന്റെ പ്രതിഷലമുണ്ട്‌, നിരാകരിച്ചാല്‍ ശിക്ഷയുമുണ്ട്‌.

ഭൂമിയില്‍ മനുഷ്യന്‍ ഒരളവ്‌ വരെ വേണമെന്നാവും ദൈവേഛ.

മരണത്തിന്റെ ചെറിയോരു ഉദാഹരണമായി ഉറക്കത്തെ ഖുര്‍ആന്‍ പറയുന്നു. ഉറക്കത്തില്‍ തല്‍ക്കാലികമെങ്കിലും നാം അത്മാവിനെ വിട്ട്‌ പിരിയുന്നു. മരണത്തോടെ പൂര്‍ണമായും.

കോടാനുകോടി മനുഷ്യര്‍, അത്‌ ഏത്‌ മതക്കാരായാലും, അവര്‍ ചെയ്ത നന്മക്ക്‌ പ്രതിഫലം അര്‍ഹിക്കുന്നില്ലെ, കോടാനുകോടി മനുഷ്യര്‍, അവരുടെ തിന്മക്ക്‌ പ്രതിഫലം അര്‍ഹിക്കുന്നില്ലെ. അത്‌ നല്‍ക്കുവാന്‍ ഈ ലോകത്ത്‌ നമ്മുക്ക്‌ സാധ്യമാണോ? അത്‌കൊണ്ട്‌ മരണനന്തരം എല്ലാവരെയും ഒരുമിച്ച്‌ കൂട്ടി, എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കണക്ക്‌ പറഞ്ഞ്‌, വിധി നിശ്ചയിക്കുന്ന ഒരവസരം ഇല്ലാതെ പോവുമോ?.

ബൃഹത്തായ ഒരു വിഷയമാണ്‌ പരലോകം. (ഇന്‍സാ അല്ലാ, ഞാന്‍ വിശദമായി എഴുതാം)

ശിക്ഷയെക്കുറിച്ച്‌ ഒരുദാഹരണം പറയാം.
ബുഷ്‌ ഇറാഖ്‌ യുദ്ധത്തില്‍ പിടിച്ച സദ്ദാമിനെ തൂക്കി കൊന്നത്തിന്‌ പകരം നമ്മുക്ക്‌, ബുഷിനെ പിടിച്ച്‌ തൂക്കികെല്ലാം, പക്ഷെ, നിരപരാധികളായ ലക്ഷകണക്കിന്‌ സധാരണകാരുടെ മരണത്തിന്‌ പകരം നാം എന്ത്‌ ചെയ്യും?. മാനം നഷ്ടപ്പെട്ട സ്ത്രീയുടെ മാനത്തിന്‌ പകരം ഡോളര്‍ മതിയോ?. ബുഷിന്‌ കൂട്ട്‌ നിന്നവരുടെ പട്ടിക നമ്മുക്ക്‌ അറിവുണ്ടോ?, ഒളിഞ്ഞിരിക്കുവര്‍, നമ്മുക്ക്‌ കണാന്‍ കഴിയത്തവര്‍, അവര്‍ക്കൊന്നും ശിക്ഷ വേണ്ടെ?.... ഇത്‌ ഒരുദാഹരണം മാത്രം, കാര്യങ്ങളും കാരണങ്ങളും അറിയുന്നവന്‍, ഏകനായ നാഥന്‍, ദുരിതമനുഭവിക്കുന്ന എല്ലാവരെയും സഹായിക്കുമാറാക്കട്ടെ.

ഇവിടുന്ന് ലഭിച്ച ശരീരം നാം ഇവിടെ തന്നെ ഉപേക്ഷിച്ച്‌ മടങ്ങുന്നു. ഓര്‍മ്മകള്‍ മാത്രമല്ല, മന്നുടെ തെറ്റിന്‌, നമ്മുടെ ശരീരഅവയവങ്ങള്‍ പോലും സാക്ഷി പറയുമെന്ന് ഖുര്‍ആന്‍ ഓര്‍മ്മിപ്പിക്കുന്നു.

താരാപഥം said...

താങ്കള്‍ അന്ന്യനുവേണ്ടിയെഴുതിയ അഭിപ്രായം എനിക്കിഷ്ടപ്പെട്ടു.
തര്‍ക്കത്തിനൊന്നും ഇല്ലാതെ പൊതു അഭിപ്രായം എഴുതുന്നതും വിപരീതാര്‍ത്ഥം ഉണ്ടാക്കുന്നു എന്നു തോന്നിയതുകൊണ്ട്‌ മിണ്ടാതിരിക്കുകയായിരുന്നു. ഒരു വിലയിരുത്തല്‍ അതിലുണ്ട്‌. ഇങ്ങനെയൊരു അരക്ഷിതാവസ്ഥവരുമ്പോഴാണ്‌ ജനങ്ങളെ നന്മയിലേക്ക്‌ നയിക്കാന്‍ ഏതെങ്കിലും ഒരു ജ്ഞാനി ജനങ്ങളുടെ ഇടയില്‍ നിന്ന് വരും എന്ന് ഭാരതീയര്‍ വിശ്വസിക്കുന്നത്‌. ഈ അടുത്തകാലത്തുതന്നെ ഗാന്ധിജിയും ശ്രീനാരായണഗുരുവും അതിനുദാഹരണമാണ്‌. അത്‌ ദൈവത്തിന്റെ അവതാരം ആണെന്ന് പറയുന്നത്‌ സാഹിത്യത്തിന്റെ അതിശയോക്തിയാണെന്ന് കരുതിയാല്‍ മതി. ഒരു പുതിയ തത്ത്വചിന്തകൊണ്ട്‌ ജനങ്ങളുടെയിടയില്‍ നന്മ വളര്‍ത്താന്‍ കഴിഞ്ഞാല്‍ അയാളില്‍ അല്‍പം ദൈവാംശം ഉണ്ടെന്ന് പറയുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. ഈ ലേബല്‍ കൊടുക്കുന്നതിലാണ്‌ ഖുര്‍ ആന്‍ യോചിക്കാത്തതെന്ന് തോന്നുന്നു. പിന്നെ ഒരു കാര്യം പറയാന്‍ തോന്നുന്നതെന്തെന്നാല്‍, താങ്കളുടെ ഖുര്‍ ആന്‍ പരിചയപ്പെടുത്തലിന്റെ രീതി ഒന്ന് മാറ്റിയാല്‍ ആരും എതിര്‍പ്പ്‌ പ്രകടിപ്പിക്കുകയില്ലെന്നു തോന്നുന്നു. ആദ്യം ഖുര്‍ ആന്‍ വചനങ്ങള്‍ എഴുതുക. പിന്നെ അതിന്റെ വ്യാഖ്യാനം എഴുതുക. അതിനുശേഷം ഇപ്പോള്‍ ശാസ്ത്രം എത്തിനില്‍ക്കുന്നതും മറ്റുള്ള തത്ത്വചിന്തകളില്‍ ഉണ്ടെങ്കില്‍ അതും പറയുക. അങ്ങിനെയാവുമ്പോള്‍ ആശയവിനിമയം കുറച്ചുകൂടി സംയമനത്തോടുകൂടിയാവും എന്നു തോന്നുന്നു. ഇതൊക്കെ എഴുതുന്ന ആളുടെ താല്‍പര്യത്തില്‍ കൈകടത്തലാണെന്ന് അറിയാഞ്ഞിട്ടല്ല. ഞാന്‍ ഉപദേശിച്ചതാണെന്നും തോന്നരുത്‌.

saji said...

അബ്ദുൽ അലി നിങ്ങൾ നന്നായി സംസാരിച്ചിട്ടുണ്ട്. വിശിഷ്യാ അന്യനു കൊടുത്ത മറുപടി ഏറെ ഇഷ്ടമായി.