Monday, October 8, 2007

ഭാഗം 1 - ദൈവാസ്‌തിക്യത്തിന്റെ ഭൗതിക ദൃഷ്ടാന്തങ്ങള്‍

ദിനരാത്രഭേദമന്യെ തന്റെ കണ്‍മുമ്പില്‍ ചലിച്ചുകൊണ്ടിരിക്കുന്ന ഈ പ്രപഞ്ചമാകുന്ന യന്ത്രശാലയെ കേവലം ഒരു മൃഗത്തിനെപ്പോലെ നോക്കിക്കാണാതെ ബുദ്ധി ഉപയോഗിച്ചു അതിന്റെ ഘടനയെക്കുറിച്ച്‌ അല്‌പം ബോധ പൂര്‍വം ചിന്തിക്കുകയും ദുശ്ശാഠ്യത്തില്‍നിന്നും പക്ഷപാതത്തില്‍നിന്നും സ്വതന്ത്രമായി അതിനെ നിരീക്ഷിക്കുകയും ചെയ്യുന്നപക്ഷം ഈ മഹല്‍പ്രപഞ്ചം സര്‍വ്വശക്തനും അഗാതജ്ഞനുമായ ഒരു കര്‍ത്താവിന്റെ ആജ്ഞക്ക്‌ വിധേയമാണെന്നും സകലവിധ അധികാരങ്ങളും അവന്റെ മാത്രം പിടിയിലാണെന്നും മറ്റാരുടെയും കൈകടത്തലിനും പങ്കാളിത്തത്തിനും ഇതില്‍ തീരെ പഴുതില്ലെന്നും മനസ്സിലാക്കാം.

വിസ്മയാവഹമായ ഈ പ്രപഞ്ചവ്യവസ്ഥയെക്കുറിച്ച്‌ ചിന്തിക്കുന്ന ഏതു വ്യക്തിയുടെയും മനസ്സ്‌ ഇതൊന്നും സ്വയമങ്ങ്‌ ഉണ്ടായിത്തീരുക സാധ്യമല്ലെന്ന്‌ സാക്ഷ്യം വഹിക്കുന്നതാണ്‌. ഇതില്‍ യുക്തിസഹജമായ ഒരാസൂത്രണത്തിന്റെ പ്രവര്‍ത്തനം വ്യക്തമായും കാണാം.വെള്ളം, വായു, കാലാവസ്ഥ എന്നിവ സസ്യലതാദികള്‍ക്കനുസൃതമായും, സസ്യലതാദികള്‍ മൃഗങ്ങളുടെയും മനുഷ്യരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ചും അങ്ങേയറ്റം സൂക്ഷ്മമായും കണിശമായും സംവിധാനിച്ചിരിക്കുന്നത്‌ തികച്ചും യാദൃശ്ചികമായി രൂപംകൊള്ളുക സാധ്യമാണെന്ന്‌ ബുദ്ധിയുള്ള ഒരു മനുഷ്യനും സങ്കല്‍പിക്കാനാവുകയില്ല. കൂടാതെ ഇത്‌ അനേകം സൃഷ്ടികര്‍ത്താക്കളുടെ പ്രവര്‍ത്തനഫലമല്ലെന്നതിനും ഇതേ വ്യവസ്ഥതന്നെ തെളിവത്രെ.ഭൂമി അന്തരീക്ഷത്തില്‍ സ്വയമിങ്ങനെ ചലിച്ചുകൊണ്ടിരിക്കുക, സമുദ്രങ്ങളില്‍ നിന്നു നീരാവി ഉയുയരുക, കാറ്റുകള്‍ അതിനെ ചലിപ്പിക്കുക, അവയെ ശേഖരിച്ചു മേഘങ്ങളാക്കുക, പിന്നെ അതിനെ ഖണ്ഡങ്ങളാക്കി കീറി ഭൂമിയുടെ പല ഭാഗങ്ങളിലെത്തിക്കുക, അവിടവിടെ മഴയായി പെയ്യിക്കുക ഇതൊന്നും യാദൃശ്ചിക സംഭവത്താലുണ്ടാകുന്നതല്ല.

ഈ വ്യവസ്ഥയില്‍ വ്യക്തമായ ഒരു ലക്ഷ്യബദ്ധതയും കണിശമായ ഒരു നിയമവും പ്രവര്‍ത്തിക്കുന്നതായി നമുക്കുകാണാം.ഭൂമിയിലെ മനുഷ്യരുടെയും ജന്തുക്കളുടെയും സസ്യങ്ങളുടെയും ജീവിതം ഈ കാറ്റുകളോടും മഴയോടും അഗാധമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്ന്‌ നാം പ്രത്യക്ഷത്തില്‍ കണ്ടുകൊണ്ടിരിക്കുന്നു. ജലത്തിന്റെ ഈ ഏര്‍പ്പാടുകള്‍ സജീവ സൃഷ്ടികളുടെ നിലനില്‍പിന്റെയും ജീവിതത്തിന്റെയും ആവശ്യങ്ങള്‍ക്ക്‌ തികച്ചും അനുഗുണമായും ഒരു നിയമമനുസരിച്ചും നിശ്ചയിക്കപ്പെട്ടതാണെന്ന്‌ ഈ സംവിധാനം സ്പഷ്ടമായി സാക്ഷ്യപ്പെടുത്തുന്നു.

ശ്വസിക്കാനുള്ള പ്രാണവായു നിറഞ്ഞ അന്തരീക്ഷമുള്ള, മഴമേഘങ്ങളെ കൊണ്ടു വരുന്ന, സൂര്യന്‍ പകല്‍ വെളിച്ചവും ചൂടും സജ്ജീകരിക്കുന്ന, ചന്ദ്രനും നക്ഷത്രങ്ങളും രാവിനെ പ്രകാശിതമാക്കുന്ന ഈ ആകാശം എങ്ങനെയുണ്ടായി?പദാര്‍ത്ഥരൂപം സ്വീകരിച്ച പ്രാഥമിക ഊര്‍ജം എവിടന്നുണ്ടായി?പിന്നെ ഈ പഥാര്‍ത്ഥത്തിന്റെ നിരവധി രൂപങ്ങള്‍ എങ്ങനെയുണ്ടായി? പിന്നെ ഇത്രയും യുക്തിബന്ധുരമായ, ഈ പദാര്‍ത്ഥഘടനയിലൂടെ ഈ വിധം അദ്ഭുതകരമായ, പരസ്‌പരം യോജിപ്പുള്ള, അമ്പരപ്പുളവാക്കുന്ന ഈ പ്രാപഞ്ചിക വ്യവസ്ഥ നിലവില്‍ വന്നതെങ്ങനെ?അനന്തരം യുഗാന്തരങ്ങളായി സുശക്തമായ ഒരു നിയമവ്യവസ്ഥയാല്‍ ബന്ധിതമായി ചലിച്ചുകൊണ്ടിരിക്കുന്നതെങ്ങനെ?ഏതൊരു ഗോളത്തിലാണോ മനുഷ്യന്‍ ജീവിക്കുകയും വസിക്കുകയും ചെയ്യുന്നത്‌, ഏതൊരു ഗോളത്തിലെ വിളവുകള്‍കൊണ്ടാണോ അവന്റെ ആവശ്യങ്ങളെല്ലം നിവര്‍ത്തിക്കുന്നത്‌, ഏതൊരു ഗോളത്തിലെ ഉറവകളെയും ജലസംഭരണികളെയും ആശ്രയിച്ചാണോ അവന്റെ ജീവിതം, ആ ഭൂഗോളം ഇവ്വിധം വിസ്‌തൃതമായതെങ്ങനെ?പല വര്‍ണങ്ങളിലുള്ള മണ്ണും കല്ലും പലയിനം ഖാനിജങ്ങളും ചേര്‍ന്നുറച്ചു നില്‍ക്കുന്ന ഈ പര്‍വതങ്ങളെങ്ങനെ ഉയര്‍ന്നുവന്നു?ഇതൊക്കെ സര്‍വശക്തനും നിര്‍മാണനിപുണനുമായ ഒരു നിര്‍മാതാവിന്റെ കരവിരുതില്ലാതെ നിലവില്‍ വന്നതാണോ?ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ ആഴത്തില്‍ ആലോചിച്ചുനോക്കുന്നപക്ഷം ഏതൊരു നിഷ്‌പക്ഷ ബുദ്ധിയും എത്തിച്ചേരുന്നത്‌ ഇതെല്ലാം സര്‍വജ്ഞനും യുക്തിജ്ഞനുമായ ഒരുവന്റെ അജയ്യമായ ഇച്ഛയാലല്ലാതെ, കേവല യാദൃശ്ചികതയുടെയോ ആകസ്മികതയുടെയോ ഫലമായി ഉണ്ടാവുക സാധ്യമല്ലെന്നും ഇതെല്ലാം പല സൃഷ്ടികര്‍ത്താക്കളുടെ പ്രവര്‍ത്തനഫലമല്ലെന്നും ഒരേയൊരു സ്രഷ്ടാവാണ്‌ മുഴുവന്‍ പ്രപഞ്ചത്തിന്റെയും സ്രഷ്ടാവും നാഥനുമെന്നും സന്ദേഹമന്യെ സമ്മതിക്കും.

മനുഷ്യന്‍ രാവും പകലും ഈ ഭൂമിയിലെ ഉല്‍പന്നങ്ങള്‍ ഭക്ഷിച്ചുകൊണ്ടിരിക്കുന്നു. അതൊരു സാധാരണ സംഭവം മാത്രമായേ അവന്‍ കണക്കാക്കുന്നുള്ളു. എന്നാല്‍ അശ്രദ്ധയുടെ തിരശ്ശീല തട്ടിമാറ്റി ആഴത്തില്‍ ദൃഷ്ടിയോടിക്കുന്ന പക്ഷം അവന്‌ കാര്യം മനസ്സിലാകും. ഈ മണ്‍തലത്തില്‍ പച്ചപ്പട്ടുടുത്ത്‌ പരന്നുകിടക്കുന്ന കൃഷിയിടങ്ങളും വൃക്ഷനിബിഡമായ തോപ്പുകളും ഉണ്ടാകുന്നതും അവക്കിടയിലൂടെ അരുവികളും ആറുകളും ഒഴുകിക്കൊണ്ടിരിക്കുന്നതും ഒരു തമാശയൊന്നുമല്ലെന്ന്‌ അപ്പോഴവന്ന്‌ ബോധ്യപ്പെടും. അവയൊന്നുംതന്നെ സ്വയം ഉണ്ടായിപ്പോകുന്നതല്ലെന്നും മറിച്ച്‌ അവയുടെയെല്ലാം പിന്നില്‍ അതിമഹത്തായ ഒരു യുക്തിയും ശക്തിയും രക്ഷാകര്‍ത്തൃത്വവും സദാ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും കാണാന്‍ കഴിയും.ഈ പ്രപഞ്ചം ഒരു വ്യവസ്ഥാപിത സംവിധാനമാകുന്നു.പ്രപഞ്ചത്തിന്റെ ഓരോ കണികയും, അത്‌ തികഞ്ഞ യുക്തിബോധത്തോടെ നിര്‍മ്മിക്കപ്പെട്ടതാണെന്നതിന്‌ സാക്ഷിയാകുന്നു.ഭൂമി മുതല്‍ പ്രപഞ്ചത്തിലെ അതിവിദൂര ഗോളങ്ങള്‍ വരെ ഒറ്റവിധം ധാതുക്കളാല്‍ സംഘടിക്കപ്പെട്ടതും ഒരേ പ്രകൃതിനിയമങ്ങള്‍ക്ക്‌ വിധേയവുമാണ്‌.ഓരോ വസ്തുവും ഒരു നിയമത്തെ അനുസരിച്ചുകൊണ്ടിരിക്കുന്നു. ഓരോ സാധനവും സലക്ഷ്യമാണ്‌. മനുഷ്യന്റെ ശാസ്ത്രീയമായ അപഗ്രഥനത്തിനും ഗവേഷണ പഠനത്തിനും വിധേയമായ ഏതു വസ്തുവിനെക്കുറിച്ചും അതെന്തു ലക്ഷ്യത്തിനായി നിര്‍മിക്കപ്പെട്ടതാണെന്നുകൂടി മനസ്സിലാക്കപ്പെട്ടിട്ടുണ്ട്‌. ആ ലക്ഷ്യം മനസ്സിലാക്കിയതിലൂടെയാണ്‌ മനുഷ്യന്‍ ഇന്ന്‌ നാഗരികതയുടെ ഭാഗമായിത്തീര്‍ന്ന എണ്ണമറ്റ പുതിയ വസ്തുക്കള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞത്‌. പ്രപഞ്ചം ലക്ഷ്യമോ ആസൂത്രണമോ ഒന്നുമില്ലാത്തോരു കളിക്കുട്ടിയുടെ കളിക്കോപ്പ്‌ മാത്രമായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല.ഭൂമി, അതിലെ പര്‍വതങ്ങള്‍, നമ്മുടെ ജനനം, ഉറക്കം, ഉണര്‍വ്‌, രാപകല്‍ ക്രമം, പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന വ്യവസ്ഥ, ആകാശത്തില്‍ കത്തിജ്വലിച്ചു നില്‍ക്കുന്ന സൂര്യന്‍, മേഘങ്ങള്‍ വര്‍ഷിക്കുന്ന മഴ, അതുണ്ടാക്കുന്ന സസ്യലതാദികള്‍ ഇവയൊക്കെ സൂക്ഷിച്ചു വീക്ഷിച്ചാല്‍ രണ്ടു കാര്യം വ്യക്തമാകും.
ഒന്ന്‌: ഇതൊന്നും അജയ്യമായ ഒരു ശക്തിയെക്കൂടാതെ ഉണ്ടാവുകയോ ഇത്ര വ്യവസ്ഥാപിതമായി ചലിച്ചുകൊണ്ടിരിക്കുകയോ സാധ്യമല്ല.
രണ്ട്‌: അവയിലോരോന്നിലും മഹത്തായ ഒരു യുക്തി പ്രവര്‍ത്തിക്കുന്നുണ്ട്‌. ഒന്നും ഉദ്ദേശ്യരഹിതമായി ഉണ്ടാകുന്നില്ല.

അതെ ഭൂമി, വെള്ളം, സൂര്യന്‍, സസ്യലതാദികള്‍, ജീവജാലങ്ങള്‍, മനുഷ്യരാശി എന്നിവയുടെയെല്ലാം സ്രഷ്ടാവും സംരക്ഷകനുമായ പ്രപഞ്ചനാഥന്റെ വ്യവസ്ഥയാണിതെന്നു മാത്രമല്ല, അങ്ങനെ മാത്രമേ ആകാന്‍ നിര്‍വാഹമുള്ളു. ഇവയോരോന്നിനും പ്രത്യേകം പ്രത്യേകം സൃഷ്ടികര്‍ത്താക്കളാണുള്ളതെങ്കില്‍ ഇത്ര സമഗ്രവും സൂക്ഷ്മവും അങ്ങേയറ്റം യുക്തിനിഷ്ഠവുമായ യോജിപ്പോടുകൂടിയ ഒരാസൂത്രണം രൂപം കൊള്ളുകയും കോടിക്കണക്കില്‍ വര്‍ഷങ്ങളായി ഇത്ര വ്യവസ്ഥാപിതമായി നിലനിന്നുവരികയും ചെയ്യുകയെന്നത്‌ എങ്ങനെ സങ്കല്‍പിക്കാന്‍ കഴിയും?

ദൈവാസ്‌തിക്യത്തിന്റെ ഭൗതിക ദൃഷ്ടാന്തങ്ങള്‍

"തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറിമാറിവരുന്നതിലും ബുദ്ധിയുള്ളവര്‍ക്കു പല ദൃഷ്ടാന്തങ്ങളുണ്ട്‌. നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും അല്ലാഹുവെ ഓര്‍മ്മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:)ഞങ്ങളുടെ രക്ഷിതാവേ, നീ നിരര്‍ത്ഥമായി സൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരക ശിക്ഷയില്‍നിന്ന്‌ ഞങ്ങളെ നീ കാത്തുരക്ഷിക്കണേ."(വിശുദ്ധ ഖുര്‍ആന്‍ 3:190,191)
മനുഷ്യന്‍ രാപ്പകല്‍ ദര്‍ശിച്ചുകൊണ്ടിരിക്കുകയും എന്നാല്‍ ചിന്തിക്കുകയോ ആലോചിക്കുകയോ ചെയ്യാതെ അവഗണിച്ചുകളയുകയും ചെയ്യുന്ന വസ്തുക്കള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടുന്ന ചില സുപ്രധാന ദൃഷ്ടാന്തങ്ങള്‍....

കടപ്പാട്‌: പി. അബ്ദുല്ല കുട്ടി

1 comment:

അബ്ദുല്‍ അലി said...

മനുഷ്യന്‍ രാപ്പകല്‍ ദര്‍ശിച്ചുകൊണ്ടിരിക്കുകയും എന്നാല്‍ ചിന്തിക്കുകയോ ആലോചിക്കുകയോ ചെയ്യാതെ അവഗണിച്ചുകളയുകയും ചെയ്യുന്ന വസ്തുക്കള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടുന്ന ചില സുപ്രധാന ദൃഷ്ടാന്തങ്ങള്‍